മമ്മൂക്കയുടെ വീട്ടില്‍ച്ചെന്ന് കഥ പറഞ്ഞു; അത്തരമൊരു മറുപടി ഞങ്ങളാരും അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിച്ചില്ല: ഗൗതം വാസുദേവ് മേനോന്‍
Entertainment
മമ്മൂക്കയുടെ വീട്ടില്‍ച്ചെന്ന് കഥ പറഞ്ഞു; അത്തരമൊരു മറുപടി ഞങ്ങളാരും അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിച്ചില്ല: ഗൗതം വാസുദേവ് മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 19th January 2025, 7:58 am

മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം ജനുവരി 23ന് തിയേറ്ററുകളിലെത്തും. തമിഴിലെ ഹിറ്റ് ഫിലിം മേക്കറായ ഗൗതം സംവിധാനം ചെയ്യുന്ന ആദ്യ മലയാള സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ് എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ഗൗതം വാസുദേവ് മേനോന്‍. മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മഞ്ജു വാരിയരാണ് ഈ സിനിമയുടെ രചയിതാക്കളായ ഡോ. നീരജ് രാജനെയും ഡോ. സൂരജ് രാജനെയും എനിക്ക് പരിചയപ്പെടുത്തുന്നത്. എന്റെ സംവിധാനത്തില്‍ മഞ്ജു വാരിയര്‍ അഭിനയിക്കുന്ന ഒരു സിനിമയുടെ ചര്‍ച്ചയുമായി ഞങ്ങള്‍ മുന്നോട്ടുപോയി. പക്ഷേ, ആ പ്രൊജക്റ്റ് നടന്നില്ല. എങ്കിലും നീരജും സൂരജുമായുള്ള എന്റെ ചര്‍ച്ചകള്‍ മറ്റു പല രീതിയിലും തുടര്‍ന്നു.

അങ്ങനെയൊരിക്കല്‍ ഡൊമിനിക്കിന്റെ ത്രെഡ് അവര്‍ പറഞ്ഞു. കഥ ഇഷ്ടമായതോടെ അതിന്‍മേല്‍ ഞങ്ങള്‍ ചര്‍ച്ചയാരംഭിച്ചു. കഥ മുന്‍നിര്‍ത്തിയുള്ള സംസാരം മുന്നോട്ടുപോകവേ, ഒരു ഘട്ടത്തില്‍, ഡൊമിനിക്കായി മമ്മൂക്ക എത്തിയാല്‍ നന്നാകുമെന്ന് തോന്നി. ബസൂക്ക സിനിമയില്‍ ഞാന്‍ മമ്മൂക്കക്കൊപ്പം അഭിനയിക്കുന്ന സമയമായിരുന്നു അത്. പക്ഷേ, ഒന്നിച്ചഭിനയിക്കുന്ന സമയത്ത് മറ്റൊരു സിനിമാക്കഥ പറയുന്നത് ശരിയല്ലെന്നു തോന്നി.

ബസൂക്ക പൂര്‍ത്തിയായശേഷം ജോര്‍ജേട്ടനെ വിളിച്ച് കാര്യമറിയിച്ചു. കഥ പറയാനായി മമ്മൂക്കയുടെ സമയം ചോദിച്ചു.

മമ്മൂക്കയുടെ കൊച്ചിയിലെ വീട്ടില്‍ച്ചെന്ന് ഞാനും രചയിതാക്കളും ചേര്‍ന്ന് കഥ വിവരിച്ചു. വിഷയം ഇഷ്ടമായെന്നും വഴിയേ അറിയിക്കാമെന്നുമായിരുന്നു ആദ്യ മറുപടി. എന്നാല്‍, അടുത്ത ദിവസം തന്നെ വിളിച്ച് സിനിമയ്ക്കുവേണ്ട കാര്യങ്ങള്‍ ചെയ്തുതുടങ്ങാന്‍ ആവശ്യപ്പെട്ടു.

അത്തരമൊരു മറുപടി ഞങ്ങളാരും മമ്മൂക്കയില്‍നിന്ന് പ്രതീക്ഷിച്ചിരുന്നില്ല. മമ്മൂക്കയുടെ കമ്പനി തന്നെ സിനിമ നിര്‍മിക്കാന്‍ മുന്നോട്ടുവന്നു. മുപ്പത് ദിവസം കൊണ്ട് അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും കണ്ടെത്തി ചിത്രീകരണം തുടങ്ങി. ജൂലായില്‍ ചിത്രീകരണം തുടങ്ങി സെപ്റ്റംബറില്‍ അവസാനിപ്പിച്ചു. എന്റെ സിനിമാ ജീവിതത്തില്‍ ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കിയ സിനിമയാണ് ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ്,’ ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു.

Content highlight: Gautham Vasudev Menon Talks  about Dominic and the ladies purse movie and Mammootty