ബാലഗംഗാധര തിലക് തുടങ്ങിയ ഗണേശോത്സവം ഇന്നെത്തി നില്‍ക്കുന്നത് ? | D Kerala
ഡൂള്‍ന്യൂസ് ഡെസ്‌ക്

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഘോഷമായി നടന്നുവരുന്ന ഗണേശോത്സവം ഇപ്പോള്‍ കേരളത്തിലും വിവാദമായിരുക്കുകയാണ്. പയ്യാമ്പലം കടപ്പുറത്ത് അടിഞ്ഞ ഗണേശ വിഗ്രഹത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടുള്ള യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയുടെ കുറിപ്പാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.

ഗണേശോത്സവത്തെ സംഘപരിവാര്‍ ഡി.ജെ പാട്ടും വെച്ച് ആഭാസകരമായ രീതിയില്‍ രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയെന്നാണ് റിജില്‍ മാക്കുറ്റി പറഞ്ഞത്.
ഇത്തരം ആഭാസങ്ങള്‍ക്കെതിരെ വിശ്വാസികള്‍ രംഗത്ത് ഇറങ്ങണമെന്നും, സംഘികളല്ല ഗണേശോത്സവം നടത്തേണ്ടത് അമ്പലങ്ങളാണെന്നും, ഗണേശോത്സവത്തിന്റെ പേരില്‍ സംഘികള്‍ നടത്തുന്ന കച്ചവട രാഷ്ട്രീയത്തെ വിശ്വാസി സമൂഹം തിരിച്ചറിയണമെന്നും റിജില്‍ മാക്കുറ്റി കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

ശിവസേനയുടെ ആഭിമുഖ്യത്തില്‍ കുറച്ചു വര്‍ഷങ്ങളായി കേരളത്തിലും വ്യാപകമായി ഗണേശോത്സവവും, നിമഞ്ജന ഘോഷയാത്രയുമെല്ലാം ആഘോഷമായി നടക്കുന്നുണ്ട്.

2016ല്‍ ശിവസേനയും ഗണേശോത്സവ ട്രസ്റ്റും ചേര്‍ന്ന് കോഴിക്കോട്ട് സംഘടിപ്പിച്ച ഗണേശോത്സവം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീര്‍ എം.എല്‍.എയുടെ നടപടി വിവാദമായിരുന്നു. ഈ നടപടിക്കെതിരെ ലീഗിലും സമസ്തയിലും കടുത്ത പ്രതിഷേധവുമുണ്ടായി. എന്നാല്‍ സംഭവം വന്‍ വിവാദമായതോടെ ‘പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേദനയുണ്ടായെങ്കില്‍ തന്നോട് ക്ഷമിക്കണമെന്നും ആരെങ്കിലും വിചാരിച്ചാല്‍ തകര്‍ക്കാനാവുന്നതല്ല തന്റെ വിശ്വാസമെന്നും’ ചൂണ്ടിക്കാട്ടി മുനീര്‍ വിശദീകരണവുമായി രംഗത്തത്തെുകയും ചെയ്തു.

എന്താണ് ഗണേശോത്സവം ?
ഗണേശോത്സവത്തിന്റെ ചരിത്രം നമുക്കൊന്ന് പരിശോധിക്കാം.

മറാഠികളുടെ പ്രധാന ഉത്സവങ്ങളിലൊന്നാണ് ഗണേശോത്സവം.
സ്വാതന്ത്ര്യസമരകാലത്ത് 1893ലാണ് ഇത്തരമൊരാഘോഷം തുടങ്ങുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ വലിയ സ്ഥാനമുള്ള ബാലഗംഗാധര തിലകാണ് ഇത് തുടങ്ങിവച്ചത്. അത് തുടങ്ങാനുണ്ടായ പശ്ചാത്തലമോ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ നാണംകെടുത്തുന്നതുമാണ്.

ബ്രിട്ടീഷ് ഇന്ത്യയിലെ ചില പ്രധാനനഗരങ്ങളില്‍ ചവറുനീക്കം ഫലപ്രദമല്ലാത്തനിനാലും നഗരവാസികളുടെ വൃത്തിയില്ലായ്മകൊണ്ടും കെട്ടുനാറുകയായിരുന്നു. ഇത് വന്‍തോതില്‍ അവിടെ എലികള്‍ പെരുകാന്‍ ഇടയാക്കി. എലികളുടെ വംശ വര്‍ധനവ് വന്‍ ആരോഗ്യ പ്രശ്നങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ മനസിലാക്കി. അങ്ങനെ അവര്‍ എലി നിയന്ത്രണത്തിനുള്ള മാര്‍ഗം തേടി. സാനിറ്റേഷന്‍ നടപടികള്‍ ധൃതഗതിയില്‍ ആരംഭിച്ചു.

എന്നാല്‍ ഉടന്‍ ബാലഗംഗാധര തിലക് രംഗത്തുവന്നു. എലിയെ തൊടാന്‍ പാടില്ല. അത് ഗണപതി ഭഗവാന്റെ വാഹനമാണ്. എലിയെ കൊല്ലുന്നത് വിശ്വാസങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും എതിരാണ്. ഭാരതീയ സംസ്‌കാരത്തെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്ന വിദേശീയര്‍ നാടുവിടുക എന്ന ആരോപണം അദ്ദേഹം ഉന്നയിച്ചു.

അങ്ങനെ നഗരം വൃത്തിയാക്കാനുള്ള ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ നീക്കം ബാലഗംഗാധര തിലക് സ്വതന്ത്ര സമരത്തിനുള്ള ആയുധമാക്കി മാറ്റി. ഗണേശ ഭഗവാന്‍ സ്വാതന്ത്യ സമരത്തിന്റെ പ്രതീകവുമായി.
മറാത്ത് വാഡ ഇളകിമറിഞ്ഞു. സ്വാതന്ത്ര്യസമരത്തില്‍ ജനപങ്കാളിത്തം ഉറപ്പിച്ചുനിര്‍ത്താന്‍ രാഷ്ട്രീയത്തില്‍ മതത്തെ ആയുധമാക്കണമെന്ന് ഉറച്ചുവിശ്വസിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്ത ഈ ലോകമാന്യന്‍ ജനങ്ങളുടെ ആവേശം നിലനിര്‍ത്താന്‍ കണ്ടുപിടിച്ച മാര്‍ഗമാണ് ഗണേശോത്സവം.

ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ നമ്മെ നാണം കെടുത്തുന്ന തരത്തില്‍ പകര്‍ച്ചവ്യാധി ശുചീകരണത്തിനെതിരെ തുടങ്ങിയ അസംബന്ധ കോലാഹലമായിരുന്നു ഗണേശോത്സവം.

പില്‍ക്കാലത്ത് നമ്മുടെ പല സ്വാതന്ത്ര്യ സമര നേതാക്കളും ഈ സമര പ്രഹസന തന്ത്രം പയറ്റി. 1897ല്‍ പ്ലേഗ് നിയന്ത്രണം ഫലപ്രദമായി നിര്‍വ്വഹിച്ച ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥന്റെ ഉന്മൂലനത്തില്‍ വരെ ചെന്നെത്തി കാര്യങ്ങള്‍.

ഇന്നിപ്പോള്‍ ടണ്‍കണക്കിന് ഗണേശവിഗ്രഹങ്ങളാണ് വര്‍ഷാവര്‍ഷം കടലില്‍ തള്ളുന്നത്. ഈ പള്‍പ്പ് നിര്‍മ്മിതികളില്‍ ഉപയോഗിക്കുന്ന കൃതൃമവര്‍ണ്ണങ്ങള്‍ മീന്‍പിടുത്തക്കാരെ ദോഷകരമായി ബാധിക്കുന്നു എന്ന് ഒരു വാദമുണ്ട്.

കേരളത്തില്‍ വ്യാപകമായി ഈ കലാപരിപാടി തുടങ്ങിയിട്ട് കുറച്ച് വര്‍ഷങ്ങളേ ആയിട്ടൊള്ളൂ.. കൃത്യമായി പറഞ്ഞാല്‍ ബി.ജെ.പി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് ഗണേശോത്സവം കേരളത്തില്‍ വ്യാപകമായത്.

Content Highlight: Ganeshotsav Controversy and History