സ്വാതന്ത്ര്യത്തിന് അതിരുകള്‍ വെക്കുന്ന എവിടേയും തുടരാറില്ല; കഴിഞ്ഞ പത്ത് വര്‍ഷം കരിയറിന്റെ കാര്യത്തില്‍ കണ്‍ഫ്യൂഷനുണ്ടായിരുന്നു: അഭയ ഹിരണ്‍മയി
Movie Day
സ്വാതന്ത്ര്യത്തിന് അതിരുകള്‍ വെക്കുന്ന എവിടേയും തുടരാറില്ല; കഴിഞ്ഞ പത്ത് വര്‍ഷം കരിയറിന്റെ കാര്യത്തില്‍ കണ്‍ഫ്യൂഷനുണ്ടായിരുന്നു: അഭയ ഹിരണ്‍മയി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 6th September 2022, 12:47 pm

സ്വാതന്ത്ര്യം ഇല്ലാത്ത ഒരിടത്തും നില്‍ക്കാന്‍ തനിക്കാവില്ലെന്നും സ്വാതന്ത്ര്യത്തിന് അതിരുകള്‍ വെയ്ക്കുന്ന എവിടെയും താന്‍ തുടരാറുമില്ലെന്നും ഗായിക അഭയ ഹിരണ്‍മയി. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഭയ.

സ്വാതന്ത്ര്യം, സന്തോഷം എന്നിവയെ എങ്ങനെയാണ് നിര്‍വചിക്കുക എന്ന ചോദ്യത്തിനായിരുന്നു അഭയയുടെ മറുപടി.

ചെറുപ്പം തൊട്ടേ ഏറെ സ്വാതന്ത്ര്യം അനുഭവിച്ചാണ് ഞാന്‍ വളര്‍ന്നത്. ഇപ്പോഴും ആ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട്. പക്ഷേ അതിന്റെ മാനങ്ങള്‍ക്ക് വ്യത്യസ്തത വന്നിട്ടുണ്ട്. സ്വാതന്ത്ര്യം ഇല്ലാത്ത ഒരിടത്തും നില്‍ക്കാന്‍ എനിക്കാവില്ല. എന്റെ സ്വാതന്ത്ര്യത്തിന് അതിരുകള്‍ വെയ്ക്കുന്ന എവിടെയും തുടരാറുമില്ല, അഭയ പറഞ്ഞു.

സന്തോഷവും സങ്കടവും ഒരുപോലെ മിക്‌സ് ചെയ്ത് പോകുന്നതാണ് ജീവിതമെന്നാണ് തോന്നിയിട്ടുള്ളത്. സങ്കടങ്ങള്‍ ഉണ്ടായത് കൊണ്ടാണ് സന്തോഷങ്ങള്‍ ആസ്വദിക്കാനാകുന്നത്. നല്ല ഓര്‍മകള്‍, ചെറിയ നേട്ടങ്ങള്‍ ഇവയെല്ലാം തരുന്ന സന്തോഷത്തിലാണ് ഇപ്പോഴെന്റെ ജീവിതം മുന്നോട്ട് പോകുന്നത്. അല്ലാതെ സന്തോഷം തേടി എവിടേക്കും പോകാറില്ല, അഭയ ഹിരണ്‍മയി പറഞ്ഞു.

മുന്നോട്ടുള്ള യാത്ര എങ്ങനെയാണെന്ന ചോദ്യത്തിന് കഴിഞ്ഞ പത്ത് വര്‍ഷം കുടുംബജീവിതം കൂടി ബാലന്‍സ് ചെയ്ത് കൊണ്ടുപോയതിനാല്‍ എങ്ങനെ കരിയര്‍ മുന്നോട്ട് കൊണ്ടുപോകണം എന്നൊരു കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ അതില്ലെന്നുമായിരുന്നു താരത്തിന്റെ മറുപടി. എന്റെ മുന്നോട്ടുള്ള പാത വളരെ തെളിഞ്ഞതാണ്. സംഗീതത്തില്‍ തന്നെ മുന്നോട്ട് പോകാനാണ് തീരുമാനം. സ്റ്റേജില്‍ പാടുമ്പോള്‍ കിട്ടുന്ന സന്തോഷം വളരെ വലുതാണ്. അത് എന്റെ ജീവിതത്തെ ഇപ്പോള്‍ കൂടുതല്‍ രസകരമാക്കുന്നുണ്ട്, അഭയ പറഞ്ഞു.

പലപ്പോഴും ഞാന്‍ ജീവിതത്തെ റീവൈന്‍ഡ് ചെയ്ത് നോക്കിയിട്ടുണ്ട്. എന്റെ ഭൂതകാലം കൂടി ഉള്‍പ്പെടുന്നതാണ് ഞാന്‍. അതിനെ ഒരിക്കലും മായ്ച്ചുകളയാനാകില്ല. ജീവിതത്തെ ഓര്‍ത്ത് അഭിമാനം മാത്രമേ എനിക്കുള്ളൂ. എന്റെ തെരഞ്ഞെടുപ്പുകളില്‍ ഞാന്‍ സന്തോഷവതിയാണ്. ഓരോ പ്രായത്തിലും എടുത്ത തീരുമാനങ്ങള്‍ എന്റേത് മാത്രമായിരുന്നു. ഞാനിങ്ങനെയാണ്, അതിനി മാറാനും പോകുന്നില്ല. എന്റെ ജീവിതം, എന്റെ തീരുമാനങ്ങളാണ്, താരം പറഞ്ഞു.

മലയാളികള്‍ക്ക് സോഷ്യല്‍മീഡിയ ഉപയോഗിക്കാന്‍ അറിയില്ല എന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനും അഭയ മറുപടി നല്‍കുന്നുണ്ട്.

‘ ഞാന്‍ ഹൈദരാബാദിലും ചെന്നൈയിലും ജീവിച്ചിട്ടുണ്ട്. ചെന്നൈയിലെ സ്ത്രീകളെല്ലാം സ്വയംപര്യാപ്തരാണെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ കേരളത്തില്‍ അങ്ങനെയല്ല. ആണധികാരത്തിന്റെ ഒക്കെ പ്രശ്‌നം കാരണം സ്ത്രീകള്‍ ഭൂരിഭാഗവും വീടിനുള്ളില്‍ തന്നെ ഒതുക്കപ്പെടുന്നു. പലതരത്തില്‍ സമ്മര്‍ദ്ദങ്ങളില്‍ ജീവിക്കുന്ന മനുഷ്യര്‍. ആ സമ്മര്‍ദ്ദങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ തീര്‍ക്കുന്നു എന്ന് മാത്രം,’ അഭയ പറഞ്ഞു.

Content Highlight: Singer Abhaya Hiranmayi about her life and career