10 ദിവസത്തിനുള്ളില്‍ വാര്‍ത്ത പിന്‍വലിച്ച് മാപ്പ് പറയണം; മകന്റെ നിയമനവുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി കെ. സുരേന്ദ്രന്‍
Kerala News
10 ദിവസത്തിനുള്ളില്‍ വാര്‍ത്ത പിന്‍വലിച്ച് മാപ്പ് പറയണം; മകന്റെ നിയമനവുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി കെ. സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th September 2022, 3:55 pm

തിരുവനന്തപുരം: മകന്റെ നിയമന വിവാദത്തിലെ വാര്‍ത്തയുടെ പേരില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ‘എന്നേയും കുടുംബത്തേയും അപകീര്‍ത്തിപ്പെടുത്താനായി ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ഹീനമായ നീക്കത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയാണ്,’ എന്ന അടിക്കുറിപ്പോടെ കെ. സുരേന്ദ്രന്‍ തന്നെയാണ് നിയമ നടപടിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.

ഇതുസംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസിന് അഭിഭാഷകന്‍ മുഖേനെ കെ. സുരേന്ദ്രന്‍ നോട്ടീസ് അറിയിച്ചു. 10 ദിവസത്തിനുള്ളില്‍ വാര്‍ത്തകള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്നതാണ് സുരേന്ദ്രന്‍ കത്തിലൂടെ ആവശ്യപ്പെടുന്നത്. അല്ലെങ്കില്‍ ചാനലിനെതിരെ ഡിഫമേഷന്‍ നടപടികള്‍ സ്വീകരിക്കുമെന്നും കത്തില്‍ പറയുന്നു.

എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണ് സുരേന്ദ്രന്റൈ മകന്‍ ഹരീകൃഷ്ണന്‍ കെ.എസിന്റെ നിയമനം. മകനെതിരായ വാര്‍ത്ത വസ്തുതളുടെ പിന്‍ബലമില്ലാതാണെന്നും അത് തന്റെ രാഷ്ട്രീയ ജീവിതത്തിന് മോശമായി ബാധിച്ചെന്നും സുരേന്ദ്രന് വേണ്ടി അഭിഭാഷകന്‍ കത്തില്‍ പറയുന്നു.

കേന്ദ്ര സര്‍ക്കാരിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക് നോളജിയിലെ ടെക്‌നിക്കല്‍ ഓഫീസര്‍ തസ്തികയില്‍ കെ. സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന്‍ കെ.എസിനെ നിയമിച്ചത് ചട്ടം ലംഘിച്ചാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിരുന്നു.

ബി.ടെക്ക് അടിസ്ഥാന യോഗ്യതയില്‍ പ്രത്യേകം തയ്യാറാക്കിയ ഒരു ഒഴിവിലേക്കാണ് ഹരികൃഷ്ണനെ നിയമിച്ചത്. തസ്തികയിലേക്ക് പരീക്ഷയെഴുതി മാസങ്ങള്‍ കഴിഞ്ഞിട്ടും കൃത്യമായ വിവരം ആര്‍.ജി.സി.ബി നല്‍കുന്നില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പരാതിപ്പെട്ടിരുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടിനാണ് ടെക്‌നിക്കല്‍ ഓഫീസര്‍ അടക്കം കേന്ദ്ര സര്‍ക്കാരിന് കീഴില്‍ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചത്.

മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബി.ടെക്ക് മെക്കാനിക്കല്‍ ഇന്‍സ്ട്രമെന്റേഷന്‍ ബിരുദത്തില്‍ 60 ശതമാനം മാര്‍ക്കാണ് അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചിരുന്നത്. മുന്‍കാലങ്ങളില്‍ ശാസ്ത്രവിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവരെ ക്ഷണിച്ച തസ്തികയാണിത്.

എം.ടെക്കുള്ളവര്‍ക്ക് ഷോട്ട് ലിസ്റ്റില്‍ മുന്‍ഗണന നല്‍കുമെന്നും വ്യക്തമാക്കിയിരുന്നു. പിന്നാക്ക വിഭാഗത്തിനായിരുന്നു ഈ തസ്തിക സംവരണം ചെയ്തത്. മൂന്ന് ഘട്ടങ്ങളിലായാണ് പരീക്ഷ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ആദ്യ ഘട്ടത്തില്‍ 43 ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചു. രണ്ട് ദിവസം കൊണ്ടാണ് പരീക്ഷ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇതില്‍ അവസാനം ലാബ് പരീക്ഷയില്‍ പങ്കെടുത്ത് വിജയിച്ചത് ബി.ജെ.പി സംസ്ഥന പ്രസിഡന്റ കെ. സുരേന്ദ്രന്‍ മകന്‍ ഹരികൃഷ്ണന്‍ കെ.എസാണ്.

CONTENT HIGHLIGHTS:  BJP state president K. Surendran took legal action against Asianet News for the news on his son’s appointment controversy