മലയാള സിനിമയില്‍ തിയേറ്ററില്‍ ആളെയെത്തിക്കാന്‍ മോഹന്‍ലാലിനോളം കപ്പാസിറ്റിയുള്ള മറ്റൊരു നടനില്ലെന്ന് നിസംശയം പറയാം. താരത്തിന്റെ പോസിറ്റീവ് കിട്ടിയ ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസിന്റെ ആണിക്കല്ല് ഇളക്കുന്ന പ്രകടനമാണ് ഇതിനോടകം കാഴ്ച്ചവെച്ചിട്ടുള്ളത്. ബി.ജെ.പി പ്രഖ്യാപിച്ച ഹര്‍ത്താലിനെ പോലും മറികടന്ന് ഓപ്പണിങ് ഡേ കളക്ഷനില്‍ റെക്കോര്‍ഡിട്ട ഒടിയനും നോട്ട്‌നിരോധന സമയമായിരുന്നിട്ടും തിയേറ്ററിലേക്കാളെയെത്തിച്ച് മലയാളത്തിലെ ആദ്യ നൂറുകോടിയടിച്ച പുലിമുരുകനും ഇതിന് ഉദാഹരണങ്ങളാണ്.
കഴിഞ്ഞ വര്‍ഷം എമ്പുരാനിലൂടെ തുടങ്ങിയ അതേ ഫോം നിലനിര്‍ത്താനുള്ള ലാലേട്ടന്റെ അടുത്ത പ്രൊജക്ടാണ് ദൃശ്യം ഫ്രാഞ്ചൈസില്‍ ഏപ്രില്‍ രണ്ടിന് റിലീസിനൊരുങ്ങുന്ന ദൃശ്യം 3. റിലീസിന് മുമ്പ് തന്നെ ഡിജിറ്റല്‍-സാറ്റലൈറ്റ് റൈറ്റ്‌സ് ബിസിനസ്സിലൂടെ വന്‍ തുക സ്വന്തമാക്കിയ ചിത്രം നോര്‍ത്ത് അമേരിക്കയില്‍ നിന്നും മാത്രം 10 കോടിയോളം രൂപ റൈറ്റ്‌സിലൂടെ സ്വന്തമാക്കിയ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
മലയാളത്തില്‍ ഇതുവരെ പുറത്തിറങ്ങിയതില്‍ ആറ് ചിത്രങ്ങള്‍ മാത്രമാണ് ഇത്തരത്തില്‍ പത്ത് കോടിക്ക് മുകളില്‍ ഓവര്‍സീസ് റൈറ്റ്‌സ് വിറ്റുപോയത്. ഇതില്‍ നാലെണ്ണവും മോഹന്‍ലാല്‍ ചിത്രങ്ങളുടെതാണെന്ന വസ്തുതയാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ദൃശ്യം 3ക്ക് പുറമെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം, എമ്പുരാന്‍, പാട്രിയറ്റ് തുടങ്ങിയവയാണ് മോഹന്‍ലാല്‍ നായകനായ ചിത്രങ്ങള്‍. ഇത് കൂടാതെ മമ്മൂട്ടിയുടെ വന്‍ ഹൈപ്പിലെത്തിയ സി.ബി.ഐ 5 ദ ബ്രെയ്ന്‍, ദുല്‍ഖര്‍ സല്‍മാന്റെ കിങ് ഓഫ് കൊത്ത തുടങ്ങിയവയാണ് പത്ത് കോടി മാര്‍ക്കിലെത്തിയ മറ്റ് ചിത്രങ്ങള്‍.
ഇതില്‍ മറ്റെല്ലാ ചിത്രങ്ങള്‍ക്കും, മുഴുവന്‍ ഓവര്‍സീസ് മാര്‍ക്കറ്റില്‍ നിന്നുമുള്ള റൈറ്റ്‌സ് ചേര്‍ത്താണ് പത്തുകോടി ലഭിച്ചതെങ്കില്‍ ദൃശ്യം 3 കാനഡയില്‍ നിന്നും അമേരിക്കയില്‍ നിന്നും മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം 300 തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യാനാണ് വിതരണാവകാശം ഏറ്റെടുത്തവര്‍ ശ്രമിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
മോഹന്‍ലാല്‍ എന്ന താരത്തിന് പുറമെ ജീത്തു ജോസഫ് എന്ന സംവിധായകനിലുള്ള വിശ്വാസമാണ് ഒരു മാസ് ആക്ഷന്‍ ചിത്രം അല്ലാതിരുന്നിട്ട് കൂടി ഇത്രയും ഉയര്‍ന്ന തുകക്ക് ചിത്രത്തെ ഏറ്റെടുക്കാന്‍ വിതരണക്കാര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നത്. ത്രില്ലര്‍ സിനിമാ വിഭാഗത്തില്‍ മലയാളത്തെ ലോകോത്തര നിലവാരത്തിലെത്തിച്ച ചിത്രം വിദേശഭാഷകളിലടക്കം റീമേക്ക് ചെയ്യപ്പെട്ടിരുന്നു.
പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫറിന്റെ സ്വീകലായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ എമ്പുരാന്‍ 22 കോടിയോളം നോര്‍ത്ത് അമേരിക്കയില്‍ നിന്നും നേടിയിരുന്നു. എന്നാല്‍ ഇരുപത്തിനാല് കോടി നേടിയാല്‍ മാത്രമേ ദൃശ്യം 3ക്ക് ഇവിടെ ബ്രേക്ക് ഇവന്‍ ആകാന്‍ സാധിക്കുകയുള്ളൂ.
Content Highlight: Four out of six films which got 10 crore overseas rights belongs to Mohanlal
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.