ആദ്യം ഫുട്‌ബോള്‍, പിന്നീട് മാത്രം അര്‍ജന്റീന; ഈജിപ്ത് അനീതി നേരിട്ടു; ഭേദഗതികളോടെ എം.ബി രാജേഷിന്റെ പോസ്റ്റ്
Football
ആദ്യം ഫുട്‌ബോള്‍, പിന്നീട് മാത്രം അര്‍ജന്റീന; ഈജിപ്ത് അനീതി നേരിട്ടു; ഭേദഗതികളോടെ എം.ബി രാജേഷിന്റെ പോസ്റ്റ്
സുദേവ് എ
Wednesday, 8th July 2026, 8:39 pm

2026 ഫിഫ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍ ഈജിപ്തിനെതിരെ 3-2ന്റെ ആവേശ വിജയം സ്വന്തമാക്കി അര്‍ജന്റീന ക്വാര്‍ട്ടറില്‍ കടന്നിരുന്നു. രണ്ട് ഗോളുകള്‍ക്ക് പുറകില്‍ നിന്ന ശേഷമായിരുന്നു അര്‍ജന്റീനയുടെ ഗംഭീര തിരിച്ചുവരവ്.

മത്സരം അര്‍ജന്റീന വിജയിച്ചെങ്കിലും മത്സരത്തിലെ റഫറിയിങ്ങിലെ തീരുമാനങ്ങളാണ് ഫുട്ബോള്‍ സര്‍ക്കിളുകളില്‍ വലിയ രീതിയില്‍ ചര്‍ച്ചയാവുന്നത്. മത്സരത്തിലെ ഈജിപ്തിന്റെ ഗോള്‍ നിഷേധിച്ചതും ഈജിപ്തിന് അനുകൂലമായ ലഭിച്ച പെനാല്‍റ്റി റഫറി നല്‍കാതിരുന്നതും വലിയ വിവാദമായിരിക്കുകയാണ്.

മത്സരത്തില്‍ നടന്ന രണ്ട് സംഭവവികാസങ്ങളാണ് ഈജിപ്തിന് തിരിച്ചടിയായത്. മത്സരത്തില്‍ മുസ്തഫ സിക്കോ നേടിയ ഗോള്‍ റഫറി നല്‍കിയിരുന്നില്ല. ഗോള്‍ നേടുന്നതിന് മുമ്പായി 100 മീറ്റര്‍ അകലെ നിന്നും നടത്തിയ ഫൗളിന്റെ പേരിലാണ് റഫറി ഗോള്‍ നല്‍കാതിരുന്നത്.

വാര്‍ പരിശോധിച്ചുകൊണ്ട് റഫറി ഗോള്‍ നല്‍കാതിരിക്കുകയായിരുന്നു. പിന്നീട് മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ഈജിപ്ഷ്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് സലയെ വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി നല്‍കാതിരിക്കുകയും ചെയ്തു.

ഇപ്പോള്‍ ഈ മത്സരത്തില്‍ ഈജിപ്ത് നേരിട്ട അനീതിക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് മുന്‍ മന്ത്രി എം.ബി രാജേഷ്. ഈജിപ്തിന്റെ ഗോള്‍ അനുവദിക്കാതിരുന്ന നടപടി തെറ്റായിരുന്നുവെന്ന വധത്തില്‍ യാതൊരു മാറ്റവുമില്ലെന്നാണ് എം.ബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചത്.

ഇത് നീതിക്ക് നിരക്കാത്ത അതി സാങ്കേതികത്വമാണെന്നും ഫുട്ബാള്‍ പോലെ വേഗമേറിയ ഒരു കളിയില്‍ മുടിനാരിഴയില്‍ തട്ടിയതിന് ഗോള്‍ നിഷേധിക്കുന്നതുപോലുള്ള ബോറന്‍ സാങ്കേതികത്വം VARലൂടെ അടിച്ചേല്പിക്കുന്നതും ഹൈഡ്രേഷന്‍ ബ്രേക്കുമെല്ലാം അതിന്റെ സ്വാഭാവികതയെ നശിപ്പിക്കുമെന്നും എം.ബി വ്യക്തമാക്കി.

എം.ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരേയൊരു ഭേദഗതിയോടെ ഇന്നലത്തെ അര്‍ജന്റീന- ഈജിപ്ത് കളിയെ കുറിച്ചുള്ള പോസ്റ്റ് റീ പോസ്റ്റ് ചെയ്യുന്നു.

ഈജിപ്തിന്റെ ഗോള്‍ അനുവദിക്കാതിരുന്ന VARന്റെ (ഫീല്‍ഡ് റഫറിയുടെയല്ല) നടപടി തെറ്റായിരുന്നുവെന്ന വാദത്തില്‍ യാതൊരു മാറ്റവുമില്ല. ഓണ്‍ ഫീല്‍ഡ് റഫറി ഫൗള്‍ വിളിക്കാതിരുന്ന നിസ്സാരമായ ഒരു നോര്‍മല്‍ Normal contact മാത്രമായിരുന്നു അത്. റഫറിക്ക് ഫൗളല്ലെന്ന് വ്യക്തമായി ബോദ്ധ്യമായതിനാലാണ് അങ്ങിനെ വിധിക്കാതിരുന്നതും പന്ത് കരസ്ഥമാക്കി നൂറു മീറ്ററോളം താണ്ടി ഈജിപ്തിന് ഗോള്‍ നേടാന്‍ കഴിഞ്ഞതും.

എന്നാല്‍ VARന്റെ ഇടപെടലിലാണ് ഈ Normal Contact ഫൗള്‍ ആണെന്ന് വിധിച്ചതും ഗോള്‍ നിരസിക്കപ്പെട്ടതും. ഇത് നീതിക്ക് നിരക്കാത്ത അതി സാങ്കേതികത്വം മാത്രമാണെന്നേ പറയാനാവു. അതുപോലെ തന്നെ അര്‍ജന്റീന ബോക്‌സില്‍ വെച്ച് മുഹമ്മദ് സലായില്‍ നിന്ന് അല്‍വാരിസ് പന്ത് തട്ടിയെടുത്തപ്പോഴും Normal Contact മാത്രമാണ് ഉണ്ടായത്.

ഫൗള്‍ ഇല്ല എന്ന കാര്യം അംഗീകരിക്കുന്നു. അത് ഫൗള്‍ ആണെന്ന് നേരത്തേ ഞാന്‍ പറഞ്ഞത് സാങ്കേതികമായി ശരിയല്ല എന്നു സമ്മതിക്കുന്നു. കാരണം ബോള്‍ അല്‍വാരിസ് കാലിലാക്കിയ ശേഷമാണ് സാല വീഴുന്നത്. ബോള്‍ നേടാന്‍ വേണ്ടി ഫൗള്‍ ചെയ്തു എന്നു പറയാനാവില്ല. റിപ്ലേകളില്‍ ഇതാണ് വ്യക്തമാകുന്നത്.

ഫുട്‌ബോളും ക്രിക്കറ്റും സംബന്ധിച്ച ഏറ്റവും ആധികാരികമായി സംസാരിക്കാന്‍ കഴിയുന്ന വിദഗ്ദ്ധനാണ് ശ്രീ ദിലീപ് പ്രേമചന്ദ്രന്‍. ദി ഗാര്‍ഡിയന്റെ മുന്‍ സ്‌പോര്‍ട്‌സ് ലേഖകന്‍. അദ്ദേഹത്തിന്റെ ഒരു വിശകലനം കാണുകയുണ്ടായി. അദ്ദേഹം പറയുന്നത്, സാലയുടെ ഫൗള്‍ അനുവദിക്കാതിരുന്നതും അര്‍ജന്റീനയുടെ മൂന്നാം ഗോള്‍ അനുവദിച്ചതും ശരി. എന്നാല്‍ ഈജിപ്തിന്റെ ഫൗളിന്റെ പേരില്‍ ഗോള്‍ അനുവദിക്കാത്ത VARന്റെ നടപടി തെറ്റ് എന്നാണ്.

ഈജിപ്തിനെതിരായ ഫൗള്‍ സാധാരണമായ ഒരു contact മാത്രമാണെന്നും അതുകൊണ്ടാണ് റഫറി ഫൗള്‍ വിളിക്കാതിരുന്നതെന്നും ദിലീപ് യുക്തിസഹമായി വിശദീകരിക്കുന്നു. VARന്റെ സങ്കീര്‍ണമായ സാങ്കേതികത്വം അനീതിയായി മാറിയത് ഈജിപ്തിന്റേതെന്ന പോലെ ക്രൊയേഷ്യയുടെ ഗോളിന്റെ കാര്യത്തിലും ബാധകമാണ്.

ഇന്നലെ അവസാന 15 മിനിട്ട് അര്‍ജന്റീന ഗംഭീരമായി കളിച്ചു. മെസ്സിയുടെ തകര്‍പ്പന്‍ ഗോള്‍ അടക്കം അവരുടെ മൂന്നു ഗോളും ഉജ്ജ്വലമായിരുന്നു.രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷം അവിശ്വസനീയമായ തിരിച്ചുവരവായിരുന്നു. സംശയമില്ല.ഒരുപക്ഷേ നിശ്ചിത സമയത്തോ എക്‌സ്ട്രാ ടൈമിലോ മത്സരം അര്‍ജന്റീന ജയിക്കുമായിരുന്നു.

VARന്റെ വിവാദമുണ്ടായിരുന്നില്ലെങ്കില്‍ രണ്ടോ മൂന്നോ ഗോളിന് പിന്നില്‍ നിന്ന ശേഷമുള്ള ആ ജയം എത്ര മനോഹരമാകുമായിരുന്നു. ഒരു പക്ഷേ മുഴുവന്‍ സമയത്തു തന്നെയോ ഷൂട്ടൗട്ടിലോ അവര്‍ പരാജയപ്പെടുകയും ചെയ്തേക്കാം.അതാണല്ലോ ഫുട്‌ബോള്‍. ആ അപ്രവചനീയതയാണല്ലോ ഫുട്‌ബോളിനെ ആവേശഭരിതമാക്കുന്നത്.അല്ലാതെ എപ്പോഴും പ്രതീക്ഷിത ഫലം മാത്രം കണ്ട് സായൂജ്യം അടയാനല്ലല്ലോ കോടിക്കണക്കിന് ഫുട്‌ബോള്‍ പ്രേമികള്‍ കളികാണുന്നത്.

ലോകകപ്പിലെ രാഷ്ട്രീയം

തങ്ങളുടെ കളിക്കാരന്റെ ചുവപ്പു കാര്‍ഡ് അമേരിക്കന്‍ പ്രസിഡണ്ട് ഫോണില്‍ വിളിച്ച് ഫിഫ നിയമത്തിന് പുല്ലു വില കല്പിച്ച് റദ്ദാക്കിക്കുന്ന തരം ഇടപെടല്‍ നടക്കുന്ന ഒരു ലോകകപ്പില്‍ ഫിഫ സംശയനിഴലിലാവുന്നത് സ്വാഭാവികമല്ലേ? ട്രംപിനേയും ഫിഫയേയും വിമര്‍ശിച്ചത് യുവേഫയാണ്. അമേരിക്കയുടെ തോല്‍വിയും റദ്ദാക്കുമോ എന്നു പരിഹസിച്ചത് ബെല്‍ജിയം ഫുട്ബാള്‍ ഫെഡറേഷനാണ്.ഫിഫയുടേയും ലോകകപ്പിന്റെയും വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നത് സ്വയം വരുത്തിവെച്ചതാണ്.

ചരിത്രത്തില്‍ ഏകാധിപതികള്‍ പലപ്പോഴും ഫുട്‌ബോളിനെ തങ്ങളുടെ രാഷ്ട്രീയ ആവശ്യത്തിന് ദുരുപയോഗിച്ചിട്ടുണ്ട്. 1978ല്‍ അര്‍ജന്റീനയുടെ വിജയത്തിന് പിന്നില്‍ പട്ടാള ഏകാധിപതി വിദേലയുടെ ഇടപെടലും 1934 ല്‍ ഇറ്റലിക്കായി മുസോളിനിയുടെ ഇടപെടലും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്.ബ്രസീലിയന്‍ മുന്‍ പ്രസിഡന്റും സ്വയം പ്രഖ്യാപിത ഫാസിസ്റ്റുമായ ബോള്‍സനാരോയുടെ പോസ്റ്റര്‍ ബോയ് ആയിരുന്നു നെയ്മര്‍.

ട്രമ്പിന്റെ ഉറ്റമിത്രവും സയണിസ്റ്റുമായ അര്‍ജന്റീനയുടെ ഇപ്പോഴത്തെ തീവ്ര വലതുപക്ഷ പ്രസിഡണ്ടിനും ഇപ്പോള്‍ ഒരു ലോകകപ്പ് അര്‍ജന്റീനയിലെത്തിയാല്‍ കൊള്ളാമെന്ന് തോന്നാന്‍ കാരണങ്ങള്‍ ധാരാളമുണ്ട്.ഉദാരവല്‍ക്കരണ നയങ്ങള്‍ മൂലം അര്‍ജന്റീന കടുത്ത സാമ്പത്തിക കുഴപ്പത്തിലാണ്. ശമ്പളം മാസങ്ങളായി മുടങ്ങിയിരിക്കുന്നു.പട്ടാളക്കാര്‍ക്ക് ശമ്പളം കൊടുക്കാനില്ലാത്തതിനാല്‍ മറ്റു ജോലികള്‍ ചെയ്യാന്‍ അനുവാദം കൊടുത്തിരിക്കുകയാണ്.വിലക്കയറ്റം ആകാശം മുട്ടെ ഉയര്‍ന്നിരിക്കുന്നു.ജനരോഷം വഴി തിരിച്ചുവിടണമല്ലോ.

സ്‌കൂള്‍ യുവജനോത്സവത്തിലെ അപ്പീല്‍ അനുവദിക്കാന്‍ വിളിച്ചു പറയുന്ന എംഎല്‍എമാരെപ്പോലെ വെറും ഒരു ചുവപ്പുകാര്‍ഡ് റദ്ദാക്കാന്‍ ഇടപെടുന്ന ലോകത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രത്തിന്റെ, അതും ആതിഥേയ രാഷ്ട്രത്തിന്റെ പ്രസിഡന്റ് ഉറ്റമിത്രത്തെ സഹായിക്കാനും ഇടപെട്ടിട്ടുണ്ടാവുമെന്ന് ആരെങ്കിലും സംശയിച്ചാല്‍ തങ്ങളുടെ പ്രവൃത്തികള്‍ കൊണ്ട് ആസംശയം ഉണ്ടാക്കിയതിന്റെ ഉത്തരവാദിത്തം ട്രംപിനും ഫിഫക്കും മാത്രമാണ്.

ചിലപ്പോള്‍ ഇത് ഒരു അതിവായനയായി തോന്നാം. പക്ഷേ ട്രമ്പ്- ഇന്‍ഫാന്റിനോ കൂട്ടുകെട്ടിന്റെ ചെയ്തികളാണ് എല്ലാറ്റിനും ഹേതു.ലോകകപ്പിന്റെ തുടക്കം മുതല്‍ ചില രാജ്യങ്ങളിലെ കളിക്കാര്‍,ഒഫീഷ്യലുകള്‍,റഫറിമാര്‍ എന്നിവരോടൊക്കെ കാണിച്ച വിവേചനത്തിലൂടെ ലോകകപ്പിന്റെ വിശ്വാസ്യതക്ക് മങ്ങലേല്‍പ്പിച്ചവര്‍ അവരാണ്.

നീതിരഹിതമായ ഒരു ലോകക്രമത്തില്‍ മൈതാനങ്ങളില്‍ മാത്രം നീതി പുലരുമെന്ന് വ്യാമോഹിക്കരുത്. വര്‍ഗ്ഗ വിഭജിത ലോകത്ത് മറ്റെല്ലായിടത്തുമെന്നപോലെ കളിമൈതാനങ്ങളിലും തുല്യനീതിയല്ല,പലപ്പോഴും അധീശ വര്‍ഗ്ഗനീതി നടപ്പാക്കപ്പെടാം.അതു മഞ്ഞയോ ചുവപ്പോ കാര്‍ഡായും വംശീയ അധിക്ഷേപമായുമൊക്കെ വരാം.പ്രത്യേകിച്ചും കളിമൈതാനങ്ങളിലേക്ക് കുത്തിയൊഴുകുന്ന വന്‍കിട മൂലധനവും അധീശ രാഷ്ട്രീയവും തമ്മില്‍ ഇണചേരുമ്പോള്‍.

1986 മുതല്‍ ഞാനൊരു അര്‍ജന്റീന ആരാധകനാണ്. അര്‍ജന്റീന തോറ്റപ്പോഴും ‘ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖം എനിക്കെന്താനന്ദമാണോമനേ’ എന്ന മട്ടില്‍ അര്‍ജന്റീനിയന്‍ ഫുട്‌ബോളിനെ കാല്പനികമായി സ്‌നേഹിക്കുന്നയാള്‍. പക്ഷേ ഇന്ന് പറയട്ടെ ഫുട്ബാളാണ് മറ്റെന്തിനേക്കാള്‍ പ്രധാനം.

ഫുട്ബാള്‍ പോലെ വേഗമേറിയ ഒരു കളിയില്‍ മുടിനാരിഴയില്‍ തട്ടിയതിന് ഗോള്‍നിഷേധിക്കുന്നതുപോലുള്ള ബോറന്‍ സാങ്കേതികത്വം VARലൂടെ അടിച്ചേല്പിക്കുന്നതും ഹൈഡ്രേഷന്‍ ബ്രേക്കുമെല്ലാം അതിന്റെ സ്വാഭാവികതയെ നശിപ്പിക്കും.തീര്‍ച്ചയായും സാങ്കേതിക വിദ്യയെ ഉപയോഗിക്കാം.അത് കളിയെ മെച്ചപ്പെടുത്താന്‍ ഉതകുന്നിടത്തോളം മാത്രം.അല്ലാതെ സാങ്കേതികത്വത്തില്‍ കുരുക്കിയിട്ട് കളിയെതന്നെ യാന്ത്രികമാക്കാനാവരുത്.

 

Content Highlight: Former Minister M.B. Rajesh has reacted to the injustice faced by Egypt in the match against Argentina in the World Cup

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.