കെ.എല്‍. രാഹുലോ വിരാട് കോഹ്‌ലിയോ എന്തിന് ദിനേഷ് കാര്‍ത്തിക് പോലും അല്ല, ഇവനാണ് ഇന്ത്യയുടെ തുറുപ്പുഗുലാന്‍; സൂപ്പര്‍ താരത്തെ കുറിച്ച് ഗവാസ്‌കര്‍
Sports News
കെ.എല്‍. രാഹുലോ വിരാട് കോഹ്‌ലിയോ എന്തിന് ദിനേഷ് കാര്‍ത്തിക് പോലും അല്ല, ഇവനാണ് ഇന്ത്യയുടെ തുറുപ്പുഗുലാന്‍; സൂപ്പര്‍ താരത്തെ കുറിച്ച് ഗവാസ്‌കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 21st June 2022, 7:41 pm

ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യ വരാനിരിക്കുന്ന ടി-20 ലോകകപ്പിനെ നോക്കിക്കാണുന്നത്. ടി-20യിലെ ഇന്ത്യയുടെ സുവര്‍ണകാലമെന്ന് പോലും വിശേഷിപ്പിക്കാവുന്ന കാലഘട്ടത്തില്‍ ഇന്ത്യ ലോകകപ്പ് സ്വന്തമാക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഒന്നടങ്കം ഉറച്ചുവിശ്വസിക്കുന്നത്.

ദിനേഷ് കാര്‍ത്തിക് അടക്കം പല താരങ്ങളുടെയും ലോകകപ്പാണ് 2022ലേത് എന്ന് വിലയിരുത്തപ്പെടുമ്പോളും മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കറിന് മറ്റൊരു ചിന്തയാണ്. സീനിയറായ സൂപ്പര്‍ താരങ്ങളുള്ളപ്പോള്‍ തന്നെ മറ്റൊരു താരത്തെയാണ് ഗവാസ്‌കര്‍ തന്റെ പ്രൈം സെലക്ഷനായി പരിഗണിക്കുന്നത്.

സ്റ്റാര്‍ പേസര്‍ ഹര്‍ഷല്‍ പട്ടേലാവും ഇന്ത്യയുടെ ട്രംപ് കാര്‍ഡെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. പേസ് നിരയിക്ക് കരുത്താവാനും രോഹിത് ശര്‍മയുടെ വിശ്വസ്തനായ പോരാളിയാകാനും ഹര്‍ഷലിനാവും എന്നാണ് താരം ഉറച്ചുവിശ്വസിക്കുന്നത്.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കൊപ്പം ഹര്‍ഷല്‍ പട്ടേല്‍ ഇന്ത്യയുടെ ട്രംപ് കാര്‍ഡാവുമെന്ന് അഭിപ്രായപ്പെട്ടത്.

‘അവനാവും ഇന്ത്യയുടെ തുറുപ്പുചീട്ട്. കാരണം ഭുവനേശ്വര്‍ കുമാര്‍, ബുംറ, ഷമി എന്നിവര്‍ ഇന്ത്യയോടൊപ്പമുണ്ട്. ഇവനെപോലെ ഒരാളെ ടീമില്‍ ഉള്‍പ്പെടുത്തുക എന്നതാണ് ബുദ്ധിയുള്ള ഏതൊരു ക്യാപ്റ്റനും ചെയ്യുക.

പവര്‍പ്ലേയില്‍ പോലും മികച്ച രീതിയില്‍ പന്തെറിയാന്‍ അവനെക്കൊണ്ടാവും. അവന്‍ തീര്‍ച്ചയായും ഇന്ത്യക്കൊപ്പമുണ്ടായിരിക്കണം,’ ഗവാസ്‌കര്‍ പറയുന്നു.

പേസില്‍ വരുത്തുന്ന വേരിയേഷനുകളാണ് ഈ 31കാരനെ ഏറ്റവും അപകടകാരിയാക്കുന്നത്. ഡെത്ത് ഓവറില്‍ അടക്കം ഇന്ത്യയ്ക്ക് ആശ്രയിക്കാവുന്ന ഏറ്റവും മികച്ച ഓപ്ഷനായിരിക്കും ഹര്‍ഷല്‍ പട്ടേല്‍.

ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്ലോ ബോളുകളാണ് താരത്തിന്റെ ആവനാഴിയിലുള്ളത്. 2021 ഐ.പി.എല്ലില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയിട്ടും ആ വര്‍ഷത്തെ ലോകകപ്പില്‍ താരത്തിന് സാധിച്ചിരുന്നില്ല.

എന്നാല്‍, ഈ വര്‍ഷത്തെ ലോകകപ്പില്‍ ഹര്‍ഷല്‍ പട്ടേല്‍ എന്തുതന്നെയായാലും ഉള്‍പ്പെടുമെന്നുതന്നെയാണ് ക്രിക്കറ്റ് അനലിസ്റ്റുകളും ആരാധകരും ഉറച്ചുവിശ്വസിക്കുന്നത്.

 

Content Highlight: Former Indian Star Sunil Gavaskar about The Trump Card in t20 World Cup