ഇത്തവണ അല്ലു അര്‍ജുന് വിട; കള്‍ട്ട് ക്ലാസിക് ക്യാരക്ടറുമായി ഡേവിഡ് വാര്‍ണര്‍, ഒപ്പം ആരാധകരോട് ഒരു ചോദ്യവും
Sports News
ഇത്തവണ അല്ലു അര്‍ജുന് വിട; കള്‍ട്ട് ക്ലാസിക് ക്യാരക്ടറുമായി ഡേവിഡ് വാര്‍ണര്‍, ഒപ്പം ആരാധകരോട് ഒരു ചോദ്യവും
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 21st June 2022, 6:55 pm

മറ്റു താരങ്ങളെ അപേക്ഷിച്ച് സോഷ്യല്‍ മീഡിയയില്‍ പൂണ്ടുവിളയാടുന്ന താരമാണ് മുന്‍ ഓസീസ് നായകന്‍ ഡേവിഡ് വാര്‍ണര്‍. ടിക് ടോക് ആയും റീല്‍സ് ആയും പോസ്റ്റ് ചെയ്യുന്ന താരത്തിന്റെ വീഡിയോയ്ക്ക് വന്‍ ഫാന്‍ബേസ് തന്നെയാണുള്ളത്.

താരത്തിന്റെ റീല്‍സിന് ഏറ്റവുമധികം ആരാധകരുള്ളത് ഒരുപക്ഷേ ഇന്ത്യയില്‍ നിന്നുതന്നെ ആയിരിക്കും. വാര്‍ണറിന്റെ ക്രിക്കറ്റിനെന്ന പോലെ ഇന്‍സ്റ്റഗ്രാം റീല്‍സുകള്‍ക്കും പ്രത്യേക ഫാന്‍ ബേസ് തന്നെയാണ് ഇന്ത്യയിലുള്ളത്.

അലാ വൈകുണ്ഡാപുരം എന്ന അല്ലു അര്‍ജുന്‍ ചിത്രത്തിലെ ബുട്ടബൊമ്മ എന്ന പാട്ടിനൊപ്പം നൃത്തച്ചുവടകളുമായെത്തിയാണ് വാര്‍ണര്‍ തെന്നിന്ത്യ കീഴടക്കിയത്. അല്ലു അര്‍ജുന്‍ ചിത്രമായ പുഷ്പയുടെ ട്രെയ്‌ലര്‍ മുതല്‍ പാട്ടുകള്‍ വരെ താരം റീല്‍സിലൂടെ പുനരാവിഷ്‌കരിച്ചിരുന്നു.

ഇപ്പോഴിതാ, താരത്തിന്റെ പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോ അണ് സോഷ്യല്‍ മീഡിയയില്‍ ഒന്നാകെ തരംഗമാവുന്നത്. സാധാരണയായി അല്ലു അര്‍ജുന്‍ ചിത്രങ്ങളെ റീല്‍സാക്കിയിരുന്ന താരം ഇത്തവണ അല്ലുവിനെ വിട്ട് കളം മാറ്റി ചവിട്ടിയിരിക്കുകയാണ്.

ഹോളിവുഡിലെ കള്‍ട്ട് ചിത്രമായ കരാട്ടെ കിഡിലെ നായകനായാണ് വാര്‍ണര്‍ ആരാധകര്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്. ‘ഇറ്റ്‌സ് ഗെയിം ഡേ!! ഗസ്സ് ദി മൂവി’ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഏതായാലും ആരാധകര്‍ വാര്‍ണിയുടെ പുതിയ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമുള്ള ഊഷ്മളമായ ബന്ധമാണ് താരത്തെ തെലുങ്ക് സിനിമകളിലേക്കെത്തിച്ചത്. ഇതിന് പിന്നാലെയാണ് ഒന്നിന് പിന്നാലെ ഒന്നായി തെന്നിന്ത്യന്‍ ചിത്രങ്ങളിലെ റീലുകള്‍ താരത്തിന്റെ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത്.

 

എന്നാലിപ്പോള്‍, ഹൈദരാബാദുമായി തെറ്റിയതിന് ശേഷം മുമ്പത്തെ പോലെ താരം റീല്‍സ് വീഡിയോ അപ്‌ലോഡ് ചെയ്യാറില്ലായിരുന്നു.

ഐ.പി.എല്‍ 2022ല്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ സൂപ്പര്‍ താരമായിരുന്ന വാര്‍ണര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സീസണില്‍ ഏറ്റവുമധികം ഹാഫ് സെഞ്ച്വറിയടിച്ചതും വാര്‍ണര്‍ തന്നെ ആയിരുന്നു.

ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ടി-20 ലോകകപ്പാണ് താരത്തിന്റെ അടുത്ത ലക്ഷ്യം.

 

Content highlight: Australian Star David Warner with New Instagram Reels