എന്നാലും എന്റെ വിരാടേ ഇതൊക്കെ എങ്ങനെ സാധിക്കുന്നു! ഇയാള്‍ കൈവെക്കാത്ത റെക്കോഡുണ്ടോ?
Cricket
എന്നാലും എന്റെ വിരാടേ ഇതൊക്കെ എങ്ങനെ സാധിക്കുന്നു! ഇയാള്‍ കൈവെക്കാത്ത റെക്കോഡുണ്ടോ?
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 21st June 2022, 6:14 pm

ലോകക്രിക്കറ്റിലെ എക്കാലത്തേയും മികച്ച കളിക്കാരിലൊരാളാണ് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. മോഡേണ്‍ ഡേ ക്രിക്കറ്റില്‍ ഏറ്റവും മികച്ച ബാറ്റര്‍ ഒരുപക്ഷെ കോഹ്‌ലിയായിരിക്കും. എന്നാല്‍ കുറേ കാലമായി ബാറ്റര്‍ എന്ന നിലയില്‍ അദ്ദേഹം ഉണ്ടാക്കിയെടുത്ത ആ ബെഞ്ച്മാര്‍ക്കില്‍ എത്തുവാന്‍ അയാള്‍ക്ക് സാധിക്കുന്നില്ല.

എന്നാലും ക്രിക്കറ്റില്‍ അദ്ദേഹം കൈവെക്കാത്ത റെക്കോഡുകള്‍ ഇല്ലെന്ന് തന്നെ പറയേണ്ടി വരും. സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ 100 സെഞ്ച്വറി എന്ന റെക്കോഡിന് ഒരു വെല്ലുവിളി ഉയര്‍ത്തുന്നത് വിരാട് മാത്രമാണ്.

നിലവില്‍ ക്രിക്കറ്റ് കളിക്കുന്ന താരങ്ങളില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ താരം വിരാടാണ്. ഓസ്‌ട്രേലിയക്കെതിരെയാണ് താരം ഏറ്റവും കൂടുതല്‍ റണ്‍ നേടിയിരിക്കുന്നത്. 4483 റണ്ണാണ് താരം മൂന്ന് ഫോര്‍മാറ്റില്‍ നിന്നുമായി ഓസീസിനെതിരെ അടിച്ചുകൂട്ടിയത്.

രണ്ടാമതുള്ളത് ഓസീസ് താരം സ്റ്റീവ് സ്മിത്താണ്. ആഷസ് എതിരാളികളായ ഇംഗ്ലണ്ടിനെതിരെ 4059 റണ്‍സ് സ്മിത് നേടിയിട്ടുണ്ട്. ഈ ലിസ്റ്റില്‍ അടുത്ത മൂന്ന് സ്ഥാനങ്ങളിലും വിരാട് കോഹ്‌ലി തന്നെയാണ്. ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക എന്നീ ടീമികളാണ് വിരാടിന്റെ സ്ഥിരം ചെണ്ടകളായിട്ടുള്ള ടീമുകള്‍.

ഇംഗ്ലണ്ടിനെതിരെ 3844 റണ്ണും, വെസ്റ്റ് ഇന്‍ഡീസിനെതിരെ 3653 റണ്ണും ശ്രീലങ്കക്കെതിരെ 3644 റണ്ണും വിരാട് സ്വന്തമാക്കിയിട്ടുണ്ട്.
പിന്നീട് ആറാം സ്ഥാനത്ത് വരുന്നത് ഇംഗ്ലണ്ടിന്റെ സൂപ്പര്‍ ബാറ്റര്‍ ജോ റൂട്ടാണ്. ഇന്ത്യക്കെതിരെ 3242 റണ്ണാണ് റൂട്ട് നേടിയത്.

ഫാബുലസ് ഫോറില്‍ നിലവില്‍ ഏറ്റവും മോശം പ്രകടനം കാഴ്ച്ചവെക്കുന്ന താരം വിരാടാണെന്ന വിമര്‍ശനം പരക്കെ ഉയരുമ്പോഴും അദ്ദേഹം മുന്‍ കാലങ്ങളില്‍ ഉണ്ടാക്കിയെടുത്ത റെക്കോഡ് ഇന്നും പലര്‍ക്കും സ്വപ്‌നമാണ്. അടുത്ത പരമ്പരയില്‍ താരം തന്റെ ഫോമിലേക്ക് തിരിച്ചുവരുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Content Highlights: Virat Kohli is have a lot of records in his own name