മുംബൈയുടെ ഒരേയൊരു പ്രശ്‌നം അതാണ്; രൂക്ഷ വിമര്‍ശനവുമായി സദഗോപന്‍ രമേശ്
Cricket
മുംബൈയുടെ ഒരേയൊരു പ്രശ്‌നം അതാണ്; രൂക്ഷ വിമര്‍ശനവുമായി സദഗോപന്‍ രമേശ്
ശ്രീരാഗ് പാറക്കല്‍
Monday, 13th April 2026, 6:45 pm

ഐ.പി.എല്ലില്‍ ബെംഗളൂരുവിനെതിരായ തോല്‍വിയില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ സദഗോപന്‍ രമേശ്. മുംബൈയുടെ തോല്‍വിക്ക് കാരണം പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയാണെന്ന് അദ്ദേഹം പറഞ്ഞു. പവര്‍പ്ലേയില്‍ ബുംറയുടെ രണ്ട് ഓവറുകള്‍ ഉപയോഗിച്ച് പാണ്ഡ്യ വലിയ പിഴവ് വരുത്തിയെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

‘മുംബൈയുടെ ഒരേയൊരു പ്രശ്‌നം ഹര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയാണ്. ഹര്‍ദിക് എന്ന കളിക്കാരന്‍ ഉയര്‍ന്ന തലത്തിലാണെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രകടനം ശരാശരി മാത്രമാണ്. പവര്‍പ്ലേയില്‍ ബുംറയുടെ രണ്ട് ഓവര്‍ എറിഞ്ഞുകൊണ്ട് അദ്ദേഹം വലിയ പിഴവ് വരുത്തി.

മറ്റ് ബൗളര്‍മാര്‍ തകര്‍ന്നതോടെ ഹര്‍ദിക് നിരാശനായി. ഇന്നിങ്സിന്റെ ആറാം ഓവറില്‍ ബുംറ തന്റെ രണ്ടാമത്തെ ഓവര്‍ എറിഞ്ഞു, ശേഷം 17ാം ഓവറില്‍ മാത്രമാണ് അദ്ദേഹം തിരിച്ചെത്തിയത്. അതിനര്‍ത്ഥം നിങ്ങളുടെ മികച്ച ബൗളര്‍ 60 പന്തുകള്‍ക്ക് മത്സരത്തില്‍ ഉണ്ടായിരുന്നില്ല എന്നാണ്,’ സദഗോപന്‍ രമേശ് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പറഞ്ഞു.മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ

അതേസമയം ഐ.പി.എല്ലില്‍ റോയയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് പരാജയപ്പെട്ടിരുന്നു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നാല് വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സാണ് മുംബൈയുടെ തട്ടകമായ വാംഖഡെയില്‍ അടിച്ചെടുത്തത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

മുംബൈക്ക് വേണ്ടി ഉയര്‍ന്ന റണ്‍സ് നേടിയത് ഇംപാക്ട് പ്ലെയര്‍ ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡാണ്. 31 പന്തില്‍ 71 റണ്‍സാണ് താരം നേടിയത്. ഒമ്പത് സിക്സും ഒരു ഫോറും ഉള്‍പ്പെടെയാണ് താരം അവസാന ഘട്ടത്തില്‍ പൊരുതിയത്. അവസാന ഓവറില്‍ നാല് സിക്സറുകളാണ് താരം അടിച്ചിട്ടത്. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ 22 പന്തില്‍ 40 റണ്‍സ് നേടിയാണ് പുറത്തായത്. ഓപ്പണര്‍ റിയാന്‍ റിക്കിള്‍ട്ടണ്‍ 22 പന്തില്‍ 37 റണ്‍സും നേടി മടങ്ങി.

Content Highlight: Former Indian opener Sadagoppan Ramesh criticized Hardik Pandya’s captaincy In Mumbai Indians

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ