എന്റെ ജേഴ്‌സിക്ക് വേണ്ടി കെഞ്ചി നടന്ന പയ്യനാണവന്‍; റൊണാള്‍ഡോയെക്കുറിച്ച് ഫ്രഞ്ച് സൂപ്പര്‍ താരം
football news
എന്റെ ജേഴ്‌സിക്ക് വേണ്ടി കെഞ്ചി നടന്ന പയ്യനാണവന്‍; റൊണാള്‍ഡോയെക്കുറിച്ച് ഫ്രഞ്ച് സൂപ്പര്‍ താരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd April 2023, 8:02 pm

സമകാലിക ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസ താരങ്ങളിലൊരാളാണ് റൊണാള്‍ഡോ. ലോക റെക്കോര്‍ഡ് സൈനിങ് തുകക്ക് അല്‍ സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ നസറിലെത്തിയ താരം ഇതുവരേക്കും ഒമ്പത് ഗോളുകളും 10 അസിസ്റ്റുകളും അല്‍ അലാമിക്കായി സ്വന്തമാക്കിയിട്ടുണ്ട്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ഫോമില്ലായ്മ മൂലം കഷ്ടപ്പെട്ടിരുന്ന താരത്തിന് അല്‍ നസറില്‍ തന്റെ പ്രതാപം വീണ്ടെടുക്കാന്‍ സാധിച്ചിട്ടുണ്ട്. റൊണാള്‍ഡോ തന്റെ ജേഴ്‌സി ചോദിച്ച് പിന്നാലെ നടന്നതിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഫ്രഞ്ച് താരമായ ജിമ്മി ബ്രയാണ്ട് ഇപ്പോള്‍.

അണ്ടര്‍ 17 രാജ്യാന്തര ടൂര്‍ണമെന്റില്‍ വെച്ച് ഫ്രാന്‍സുമായുള്ള മത്സരത്തിന് ശേഷം റൊണാള്‍ഡോ തന്നോട് ജേഴ്‌സി ആവശ്യപ്പെട്ടിരുന്നു എന്നാണ് ബ്രയാണ്ട് തുറന്ന് പറഞ്ഞിരിക്കുന്നത്. 2002ല്‍ യുവേഫ യൂറോപ്യന്‍ അണ്ടര്‍ 17 മത്സരത്തില്‍ പോര്‍ച്ചുഗലിനെ ഫ്രാന്‍സ് എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയ മത്സരത്തിനിടയിലായിരുന്നു സംഭവം നടന്നത്.

മത്സരത്തിന്റെ എണ്‍പതാം മിനിട്ടില്‍ സബ് ചെയ്യപ്പെട്ട റൊണാള്‍ഡോ അന്ന് ഒളിമ്പിക് ലിയോണിസിന് വേണ്ടി കളിക്കുന്ന ബ്രയാണ്ടിനോട് ജേഴ്‌സി ആവശ്യപ്പെടുകയായിരുന്നു. മത്സരത്തില്‍ ബ്രയാണ്ടുമായി തര്‍ക്കത്തിലേര്‍പ്പെട്ട റൊണാള്‍ഡോ പിന്നീട് ഹോട്ടല്‍ മുറിയിലെത്തി ബ്രയാണ്ടിനോട് ക്ഷമ ചോദിച്ച ശേഷമായിരുന്നു ജേഴ്‌സി ആവശ്യപ്പെട്ടത്.

‘ഞങ്ങള്‍ എതിര്‍ ടീമുകളിലായി കളിക്കുകയായിരുന്നു. 2000ല്‍ യുവേഫ അണ്ടര്‍ 17 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലായിരുന്നു സംഭവം. അന്ന് ജേഴ്‌സിയില്‍ പേരില്ല. കാരണം അത് അണ്ടര്‍ 17 തലത്തിലുള്ള മത്സരമായിരുന്നല്ലോ,’ ജിമ്മി ബ്രയാണ്ട് പറഞ്ഞു.

‘റൊണാള്‍ഡോ വളരെ ചെറുപ്പമായിരുന്നു. അവന്‍ നന്നായി കളിച്ചിരുന്നു. പക്ഷെ വൈകാരികമായിട്ടാണ് അവന്‍ പെരുമാറിയിരുന്നത്. ഞങ്ങള്‍ തര്‍ക്കിച്ചതിന് ശേഷം അവന്‍ എന്നെ പ്രകോപിപ്പിക്കാന്‍ നോക്കി. അവന് ആ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കിട്ടിയിരുന്നു. പക്ഷെ രാത്രി എന്റെ ഹോട്ടല്‍ മുറിയിലേക്ക് വന്ന് റൊണാള്‍ഡോ എന്നോട് ക്ഷമ ചോദിക്കുകയും എന്റെ ഷര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു,’ ജിമ്മി ബ്രയാണ്ട് കൂട്ടിച്ചേര്‍ത്തു.

അതേസമയം റൊണാള്‍ഡോയുടെ ക്ലബ്ബായ അല്‍ നസര്‍ സൗദി പ്രോ ലീഗില്‍ 21 മത്സരങ്ങളില്‍ നിന്നും 15 വിജയങ്ങളുമായി 49 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ഏപ്രില്‍ അഞ്ചിന് അല്‍ അദല്‍ഹയുമായിട്ടാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

Content Highlights: Former French player Jimmy Briand recalls his experience with Cristiano Ronaldo