മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയ പ്രത്യേക ഹാട്രിക്; സഞ്ജു എന്നാല്‍ ഫ്‌ളവറല്ല, ഫയറാടാ...
IPL
മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയ പ്രത്യേക ഹാട്രിക്; സഞ്ജു എന്നാല്‍ ഫ്‌ളവറല്ല, ഫയറാടാ...
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 2nd April 2023, 6:21 pm

ഐ.പി.എല്‍ 2023ലെ നാലാം മത്സരത്തില്‍ മികച്ച സ്‌കോര്‍ നേടി രാജസ്ഥാന്‍ റോയല്‍സ്. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്. ഓപ്പണര്‍മാരായ ജോസ് ബട്‌ലറിന്റെയും യശസ്വി ജെയ്‌സ്വാളിന്റെയും ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് രാജസ്ഥാന്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ബട്‌ലര്‍ 22 പന്തില്‍ നിന്നും 54 റണ്‍സ് നേടിയപ്പോള്‍ ജെയ്‌സ്വാള്‍ 37 പന്തില്‍ നിന്നും 54 റണ്‍സ് നേടി. 32 പന്തില്‍ നിന്നും 55 റണ്‍സായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം.

സണ്‍റൈസേഴ്‌സിനെതിരെ ഹൈദരാബാദില്‍ വെച്ച് നടന്ന മത്സരത്തിലും ഫിഫ്റ്റി നേടിയതോടെ സണ്‍റൈസേഴ്‌സിനെതിരെ കളിച്ച അവസാന മൂന്ന് മത്സരത്തിലും അര്‍ധ സെഞ്ച്വറി തികച്ച താരമാകാനും സഞ്ജുവിനായി.

2021, 2022, 2023 വര്‍ഷങ്ങളിലായിരുന്നു സഞ്ജു ഈ നേട്ടം സ്വന്തമാക്കിയത്.

ഐ.പി.എല്‍ 2021ലെ 40ാം മത്സരത്തിലായിരുന്നു സഞ്ജു ഈ നേട്ടം സ്വന്തമാക്കിയത്. സെപ്റ്റംബര്‍ 27ന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വെച്ച നടന്ന മത്സരത്തിലായിരുന്നു ഇക്കൂട്ടത്തിലെ സഞ്ജുവിന്റെ ആദ്യ ഫിഫ്റ്റി പിറന്നത്.

57 പന്തില്‍ നിന്നും 82 റണ്‍സായിരുന്നു സഞ്ജു അന്ന് നേടിയത്. മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും അന്ന് രാജസ്ഥാന് വിജയം നേടാന്‍ സാധിച്ചിരുന്നില്ല.

 

രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 165 റണ്‍സിന്റെ വിജയലക്ഷ്യം ജേസണ്‍ റോയ്‌യുടെയും കെയ്ന്‍ വില്യംസണിന്റെയും അര്‍ധ സെഞ്ച്വറിയുടെ കരുത്തില്‍ ഓറഞ്ച് ആര്‍മി മറികടക്കുകയായിരുന്നു.

കഴിഞ്ഞ സീസണില്‍ ഒറ്റ മത്സരം മാത്രമാണ് രാജസ്ഥാനും സണ്‍റൈസേഴ്‌സും കളിച്ചത്. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടില്‍ വെച്ച നടന്ന മത്സരത്തിലും സഞ്ജു അര്‍ധ സെഞ്ച്വറി നേടിയിരുന്നു.

27 പന്തില്‍ നിന്നും മൂന്ന് ബൗണ്ടറിയും അഞ്ച് സിക്‌സറുമുള്‍പ്പെടെ 55 റണ്‍സായിരുന്നു സഞ്ജു നേടിയത്. സഞ്ജുവിന്റെ അര്‍ധ സെഞ്ച്വറിയും പടിക്കലിന്റെയും ബട്‌ലറിന്റെയും ഹെറ്റിയുടെയും തകര്‍പ്പന്‍ ബാറ്റിങ് കരുത്തില്‍ രാജസ്ഥാന്‍ 210 റണ്‍സ് നേടി.

211 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സണ്‍റൈസേഴ്‌സിന് 149 റണ്‍സ് മാത്രമേ കണ്ടെത്താന്‍ സാധിച്ചിരുന്നുള്ളൂ. ഇതോടെ രാജസ്ഥാന്‍ 61 റണ്‍സിന്റെ പടുകൂറ്റന്‍ വിജയവും സ്വന്തമാക്കി. മത്സരത്തിലെ താരവും സഞ്ജു തന്നെ ആയിരുന്നു.

ഐ.പി.എല്‍ 2023ലെ സണ്‍റൈസേഴ്‌സിനെതിരായ തന്റെ ആദ്യ മത്സരത്തിലും സഞ്ജു ഫിഫ്റ്റി തികച്ചു. 32 പന്തില്‍ നിന്നും 55 റണ്‍സാണ് സഞ്ജു നേടിയത്.

ഈ മൂന്ന് മത്സരത്തിലും ടീമിന്റെ ടോപ് സ്‌കോററും സഞ്ജു തന്നെയായിരുന്നു എന്നതാണ് ഇതിലെ മറ്റൊരു പ്രത്യേകത.

2021ല്‍ സണ്‍റൈസേഴ്‌സും രാജസ്ഥാനും ഏറ്റമുട്ടിയ ആദ്യ മത്സരത്തില്‍ കേവലം രണ്ട് റണ്‍സിനാണ് സഞ്ജുവിന് അര്‍ധ സെഞ്ച്വറി നഷ്ടമായത്. 33 പന്തില്‍ നിന്നും 48 റണ്‍സാണ് താരം അന്ന് നേടിയത്.

 

Content Highlight: Sanju Samson scored 3 consecutive half century against Sunrisers Hyderabad