സണ്‍റൈസേഴ്സ് തകര്‍ന്നടിയുമ്പോള്‍ ഇതൊന്നുമറിയാതെ ഒറിജിനല്‍ ക്യാപ്റ്റന്‍ കുഞ്ഞന്‍മാരെ പഞ്ഞിക്കിട്ട് നേടിയത് 175 റണ്‍സ്
Sports News
സണ്‍റൈസേഴ്സ് തകര്‍ന്നടിയുമ്പോള്‍ ഇതൊന്നുമറിയാതെ ഒറിജിനല്‍ ക്യാപ്റ്റന്‍ കുഞ്ഞന്‍മാരെ പഞ്ഞിക്കിട്ട് നേടിയത് 175 റണ്‍സ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 2nd April 2023, 7:10 pm

ഐ.പി.എല്‍ 2023ലെ നാലാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് പതറുന്നു. ടീം സ്‌കോര്‍ 50 കടക്കും മുമ്പ് അഞ്ച് വിക്കറ്റ് വലിച്ചെറിഞ്ഞാണ് ഹൈദരാബാദ് ഇരുട്ടില്‍ തപ്പുന്നത്.

രാജസ്ഥാന്‍ ഉയര്‍ത്തിയ 204 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദ് പത്ത് ഓവറില്‍ 48 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലാണ്. അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, ഹാരി ബ്രൂക്ക്, വാഷിങ്ടണ്‍ സുന്ദര്‍, ഗ്ലെന്‍ ഫിലിപ്സ് എന്നിവരുടെ വിക്കറ്റുകളാണ് സണ്‍റൈസേഴ്സിന് നഷ്ടമായത്.

എന്നാല്‍ സണ്‍റൈസേഴ്സ് ഐ.പി.എല്‍ 2023ലെ ആദ്യ മത്സരത്തില്‍ തന്നെ തോല്‍വി മുമ്പില്‍ കാണുമ്പോള്‍ ടീമിന്റെ യഥാര്‍ത്ഥ നായകന്‍ നെതര്‍ലന്‍ഡ്സിനെതിരായ ഏകദിന മത്സരത്തിന്റെ ചൂടിലാണ്. നൂറടിച്ചാണ് താരം തരംഗമായത്.

നെതര്‍ലന്‍ഡ്സിന്റെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് സണ്‍റൈസേഴ്സ് നായകനും പ്രോട്ടീസ് സൂപ്പര്‍ താരവുമായ ഏയ്ഡന്‍ മര്‍ക്രം സെഞ്ച്വറി നേടിയത്.

126 പന്തില്‍ നിന്നും 17 ബൗണ്ടറിയും ഏഴ് സിക്സറും സഹിതം 175 റണ്‍സാണ് മര്‍ക്രം നേടിയത്. മര്‍ക്രമിന് പുറമെ ഡേവിഡ് മില്ലറും തകര്‍ത്തടിച്ചിരുന്നു. 61 പന്തില്‍ നിന്നും 91 റണ്‍സാണ് മില്ലര്‍ നേടിയത്.

ഇരുവരുടെയും ഇന്നിങ്സിന്റെ കരുത്തില്‍ പ്രോട്ടീസ് നിശ്ചിത ഓവറില്‍ 370 റണ്‍സിന് എട്ട് വിക്കറ്റ് വീഴ്ത്തി.

നെതര്‍ലന്‍ഡ്സിനായി ഫ്രെഡ് ക്ലാസന്‍, വിവയന്‍ കിങ്മ, പോള്‍ വാന്‍ മീകെരന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഷാരിസ് അഹമ്മദ്, ആര്യന്‍ ദത്ത് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലന്‍ഡ്സ് ഒമ്പത് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സ് എന്ന നിലയിലാണ്. 18 പന്തില്‍ നിന്നും 21 റണ്‍സ് നേടിയ വിക്രംജിത് സിങ്ങിന്റെ വിക്കറ്റാണ് നെതര്‍ലന്‍ഡ്സിന് നഷ്ടമായത്.

17 പന്തില്‍ നിന്നും 17 റണ്‍സുമായി മാക്സ് ഓ ഡൗഡും 19 പന്തില്‍ നിന്നും 13 റണ്‍സുമായി മൂസ അഹമ്മദുമാണ് ക്രീസില്‍.

വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ പ്രോട്ടീസിന് പരമ്പര സ്വന്തമാക്കാം.

 

Content Highlight: Aiden Markram’s batting performance against Nederlands