ബീഹാറില്‍ അദാനിക്ക് വേണ്ടി 6200 കോടിയുടെ അഴിമതി; എന്‍.ഡി.എ സര്‍ക്കാരിനെതിരെ ആരോപണവുമായി ബി.ജെ.പി നേതാവ്
പാട്‌ന: ബീഹാറിലെ ഭഗവല്‍പൂര്‍ പവര്‍പ്ലാന്റ് അദാനിക്ക് കൈമാറിയതില്‍ 6200 കോടിയുടെ അഴിമതി ആരോപിച്ച് ബി.ജെ.പി മുന്‍ കേന്ദ്രമന്ത്രി. മുന്‍ വൈദ്യുതി മന്ത്രി ആര്‍.കെ. സിങ്ങാണ് ആരോപണമുന്നയിച്ചത്. ബി.ജെ.പിയില്‍ അംഗത്വമുള്ള മുതിര്‍ന്ന നേതാവാണ് ആര്‍.കെ സിങ്. മാത്രമല്ല ബീഹാറിലെ സംസ്ഥാന സമിതി അംഗവുമാണ് അദ്ദേഹം.
6200 കോടിയുടെ അഴിമതിയാണ് അദാനിക്ക് വേണ്ടി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ എന്‍.ഡി.എ സര്‍ക്കാര്‍ നടത്തിയതെന്ന് എ.ബി.പി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ബി.ജെ.പി നേതാവ് പറഞ്ഞത്. ഇതിനോടകം ന്യൂസ് ചാനല്‍ ഈ അഭിമുഖം പിന്‍വലിക്കുകയും അഭിമുഖത്തിന്റെ ലിങ്കുകള്‍ എല്ലാ സൈറ്റില്‍ നിന്ന് നിന്നും നീക്കം ചെയ്യുകയും ചെയ്തു.
ബീഹാറിലെ രണ്ടാം ഘട്ട പോളിങ്ങില്‍ മുന്‍ കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തല്‍ എന്‍.ഡി.എയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഭഗവല്‍പൂരില്‍ നേരത്തെ തന്നെ അദാനിക്ക് ഒരു രൂപയ്ക്ക് ഭൂമി നല്‍കിയതില്‍ വലിയ വിവാദങ്ങള്‍ ഉണ്ടായിരുന്നു. ഇതോടെ ഭൂമി കൈമാറുന്നതില്‍ നിന്ന് മാറി നില്‍ക്കുകയും ഉണ്ടായി.
പിന്നാലെയാണ് ഏഴ് വര്‍ഷത്തോളം കേന്ദ്ര വൈദ്യുതമന്ത്രിയായിരുന്ന ആര്‍.കെ. സിങ് ഇത്തരമൊരു ആരോപണമായി മുന്നോട്ട് വന്നത്. ധൈര്യമുണ്ടെങ്കില്‍ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കട്ടെയെന്നും മന്ത്രി മുന്‍ മന്ത്രി പറയുന്നു. അതിന് ശേഷവും താന്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വിടുമെന്നാണ് സിങ് പറഞ്ഞു.
ബീഹാറിലെ ആദ്യ ഘട്ട പോളിങ്ങില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിന് അല്‍പം മുന്‍തൂക്കം ഉണ്ടെന്ന് വിശ്വസിക്കുമ്പോഴാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവില്‍ നിന്ന് ഗുരുതര ആരോപണങ്ങള്‍ പുറത്ത് വരുന്നത്. ആരോപണങ്ങളോട് ഇതുവരെ ബി.ജെ.പി പ്രതികരിച്ചിട്ടില്ല.