ഒസാമ ബിന്‍ ലാദനെ മറന്ന് പോയോ? പാക് സൈനിക മേധാവിക്ക് വിരുന്നൊരുക്കിയ ട്രംപിന് മുന്നറിയിപ്പുമായി ശശി തരൂര്‍
national news
ഒസാമ ബിന്‍ ലാദനെ മറന്ന് പോയോ? പാക് സൈനിക മേധാവിക്ക് വിരുന്നൊരുക്കിയ ട്രംപിന് മുന്നറിയിപ്പുമായി ശശി തരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th June 2025, 7:22 pm

ന്യൂദല്‍ഹി: പാക് സൈനിക മേധാവി അസീം മുനീറുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ മുന്നറിയിപ്പുമായി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. അമേരിക്കയ്ക്ക് ഒസാമ ബിന്‍ ലാദനെ അത്രപെട്ടെന്നൊന്നും മറക്കാന്‍ സാധിക്കില്ലെന്നും അമേരിക്കയിലെ ഏറ്റവും വലിയ ഭീകരാക്രണത്തിന് പിന്തുണ നല്‍കിയ പാക് ഭരണകൂടത്തെ വിശ്വസിക്കരുതെന്നും ശശി തരൂര്‍ പറഞ്ഞു.

വൈറ്റ് ഹൗസില്‍വെച്ച് പാക് സൈനിക മേധാവി അസീം മുനീറുമായി യു.എസ് പ്രസിഡന്റ് ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയ്ക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ട ട്രംപ് അസീം മുനീറിനെ കാണാന്‍ കഴിഞ്ഞത് ബഹുമതിയായി കരുതെന്നന്നും അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെയായിരുന്നു ശശി തരൂരിന്റെ പരാമര്‍ശം.

‘2001ല്‍ 3,000-ത്തോളം പേര്‍ കൊല്ലപ്പെട്ട വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് പിന്നിലെ അല്‍-ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെ ഓര്‍ക്കുന്നുണ്ടോ? പാകിസ്ഥാന്‍ സൈനിക ക്യാമ്പിന് സമീപം ഒളിച്ചിരിക്കുന്നതായി കണ്ടെത്തിയ ഒസാമ ബിന്‍ ലാദനെ ഓര്‍ക്കുന്നുണ്ടോ? എന്നും ശശി തരൂര്‍ ചോദിച്ചു.

അമേരിക്കയിലെ സെനറ്റര്‍മാരും കോണ്‍ഗ്രസ് അംഗങ്ങളും പാക് സംഘത്തെ സന്ദര്‍ശിച്ചെന്നും എന്നാല്‍ അമേരിക്കയിലെ ജനങ്ങള്‍ക്ക്  ബിന്‍ ലാദനെ മറക്കാന്‍ സാധിക്കില്ലെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇരട്ടത്താപ്പ് കാണിക്കുന്ന പാക് ഭരണകൂടത്തെ വിശ്വസിക്കരുതെന്നും യു.എസ് ചരിത്രത്തിലെ ഏറ്റവും മോശമായ ഭീകരാക്രമണത്തിന് ഉത്തരവാദിയായ വ്യക്തിക്ക് അവര്‍ അഭയം നല്‍കുകയും ഇന്ത്യയ്ക്കെതിരായ ഭീകരാക്രമണങ്ങളെ പിന്തുണയ്ക്കുകയും ചെയ്തവരാണ് അവരെന്നും ശശി തരൂര്‍ പറഞ്ഞു.

ഭീകരര്‍ക്ക് ധനസഹായവും ആയുധം പരിശീലനവും നല്‍കി ഇന്ത്യയിലേക്ക് അയയ്ക്കുന്നതും ഒഴിവാക്കണമെന്ന് പാക് സൈനിക മേധാവിക്ക് മുന്നറിയിപ്പ് നല്‍കാന്‍ പ്രസിഡന്റ് ട്രംപ് ഈ അവസരം ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

അസീം മുനീറുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഇന്ത്യ-പാക് വെടിനിര്‍ത്തലില്‍ ഇരുരാജ്യങ്ങളിലേയും നേതാക്കളെയും ട്രംപ് അഭിനന്ദിച്ചിരുന്നു. ആണവ യുദ്ധത്തിലേക്ക് പോവേണ്ടിയിരുന്ന ഒരു യുദ്ധം തുടരേണ്ടതില്ലെന്ന് തീരുമാനിച്ചത് ഇരുരാജ്യങ്ങളിലേയും ബുദ്ധിമാന്മാരായ നേതാക്കള്‍ ആണെന്ന്‌ പറഞ്ഞ ട്രംപ് ഇന്ത്യയുമായി യുദ്ധത്തില്‍ ഏര്‍പ്പെടാതിരിക്കുന്നതിനും യുദ്ധം അവസാനിപ്പിച്ചതിനും മുനീറിനോട് നന്ദി പറയുകയും ചെയ്തിരുന്നു.

Content Highlight: Forgotten Osama Already? Shashi Tharoor cautions Trump about his meet with Asim Munir