ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ പുറത്ത് പോകണം; യു.എസില്‍ വിസ പദവി മാറ്റത്തിന് പുതിയ നിയമം
World
ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ പുറത്ത് പോകണം; യു.എസില്‍ വിസ പദവി മാറ്റത്തിന് പുതിയ നിയമം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd May 2026, 12:24 pm

വാഷിങ്ടണ്‍: യു.എസില്‍ താത്കാലിക വിസയില്‍ കഴിയുന്നവര്‍ ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനുള്ള നിയമങ്ങളില്‍ മാറ്റം. പുതിയ നിയമം പ്രകാരം യു.എസിലുള്ള വിദേശികള്‍ അവരുടെ വിസ പദവിയില്‍ മാറ്റം വരുത്താന്‍ ആദ്യം രാജ്യത്ത് നിന്ന് പുറത്ത് പോകേണ്ടി വരും. തുടര്‍ന്ന് അവരുടെ മാതൃ രാജ്യത്തുള്ള യു.എസ്. എംബസിയില്‍ നിന്ന് പുതിയ വിസക്ക് അപേക്ഷിക്കണം.

വിദേശത്തു നിന്നുള്ള വിദ്യാര്‍ത്ഥികള്‍, താത്കാലിക തൊഴിലാളികള്‍, പ്രത്യേക വിസയിലുള്ള അഭയാര്‍ത്ഥികള്‍ തുടങ്ങിയവരെ ബാധിക്കുന്നതാണ് യു.എസിന്റെ നീക്കം. കോടിക്കണക്കിന് താത്കാലിക, പ്രത്യേക വിസ ഉടമകളെ ഇത് ബാധിക്കുമെന്ന് കണക്കാക്കപ്പെടുന്നു.

ഗ്രീന്‍ കാര്‍ഡ് വേണ്ടവര്‍ ഇനി അവരുടെ മാതൃരാജ്യത്തേക്ക് പോയി അപേക്ഷിക്കേണ്ടി വരും എന്ന് യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ വക്താവ് സാക് കാഹ്‌ലര്‍ പ്രസ്താവനയില്‍ പറഞ്ഞു. യു.എസിന്റെ പുതിയ നയം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം.

യു.എസിന് പുറത്തുനിന്ന് അപേക്ഷിച്ചാല്‍ വിസ ലഭിക്കുന്നതിനുള്ള സമയം കൂടുതലായിരിക്കും. ചിലപ്പോള്‍ വര്‍ഷങ്ങളോളം നീളുകയും ചെയ്യാം. സമയ പരിധി നീളുന്നത് വിസ അപേക്ഷകരുടെ യു.എസിലെ തൊഴിലവസരം നഷ്ടപ്പെട്ട് പോകാന്‍ വരെ കാരണമായേക്കാം.

യു.എസ് പൗരത്വമുള്ള പങ്കാളികളില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ അകന്നു നില്‍ക്കേണ്ട സാഹചര്യവും പുതിയ വിസ ലഭിക്കാനുള്ള കാലതാമസം കാരണമുണ്ടാവും. റഷ്യപോലെ യു.എസിന്റെ വിസ സേവനങ്ങള്‍ റദ്ദാക്കപ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മാതൃരാജ്യത്തേക്ക് മടങ്ങിയാല്‍ പുതിയ യു.എസ് വിസയ്ക്ക് അപേക്ഷിക്കാനും സാധിക്കില്ല.

യു.എസിന്റെ പുതിയ നയം മാറ്റത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. കുടിയേറ്റക്കാരെ മാത്രമല്ല യു.എസ് പൗരത്വമുള്ളവരെയും ബാധിക്കുന്നതാണ് പുതിയ നിയമമെന്ന് നിയമരംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ പൗരരില്‍ 21 ശതമാനം പേരുടെ ജീവിത പങ്കാളികള്‍ വിദേശത്തു ജനിച്ചവരാണെന്ന് നിയമ സേവന സ്ഥാപനമായ പാന്‍ഡേവ് ലോയില്‍ നിന്നുള്ള അഡ്രിയാന്‍ പാന്‍ഡേവ് എക്‌സില്‍ കുറിച്ചു.

2025 ജനുവരിയില്‍ രണ്ടാം തവണ അധികാരമേറ്റ ശേഷം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുടിയേറ്റക്കാര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികളില്‍ ഏറ്റവും ഒടുവിലത്തേതാണ് വിസ പദവി നിയമത്തിലെ മാറ്റം. പുതിയ നയം മാറ്റം കോടതിയില്‍ ചോദ്യം ചെയ്യപ്പാടാന്‍ സാധ്യതയുള്ളതായി വിലയിരുത്തപ്പെടുന്നു.

Content Highlight: Foreign students, workers will now be forced to leave US to apply for Green Cards