റിയാദ്: ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ നിന്ന് സൗദി അറേബ്യയിലെ റിയാദ്, ജിദ്ദ, ദമ്മാം, മദീന എന്നീ നഗരങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഒക്ടോബര്‍ 24 വരെ റദ്ദാക്കിയിരിക്കുകയാണെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി. സൗദി അറേബ്യയിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് നടപടിയെന്ന് എംബസി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പ്രസ്താവനയില്‍ പറഞ്ഞു.

സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ദീര്‍ഘിപ്പിച്ചതായി എയര്‍ ഇന്ത്യയും നേരത്തെ അറിയിച്ചിരുന്നു. ഈ മാസം 20 വരെയാണ് സര്‍വീസുകള്‍ റദ്ദാക്കിയത് നീട്ടിയതെന്ന് എയര്‍ ഇന്ത്യ എക്‌സ് പോസ്റ്റില്‍ അറിയിച്ചു. സൗദിയിലെ സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും, എപ്പോള്‍ സുരക്ഷിതമായി സര്‍വീസുകള്‍ പുനരാരംഭിക്കാനാകുമെന്ന് വിലയിരുത്തുകയാണെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

‘സൗദി അറേബ്യയിലെ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത്, റിയാദ്, ദമ്മാം, ജിദ്ദ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എയര്‍ ഇന്ത്യയുടെ എല്ലാ വിമാന സര്‍വീസുകളും 2026 ഒക്ടോബര്‍ 20 വരെ റദ്ദാക്കിയിരിക്കുന്നു. സുരക്ഷിതമായി സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് ഉറപ്പാക്കുന്നതിനായി ഞങ്ങള്‍ സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും നിരന്തരം വിലയിരുത്തുകയും ചെയ്യുന്നു,’ എക്‌സ് പോസ്റ്റില്‍ പറയുന്നു.

നേരത്തെ ഇന്‍ഡിഗോ, ആകാശ എയര്‍ എന്നീ ഇന്ത്യന്‍ വിമാനക്കമ്പനികളും സൗദിയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചത് നീട്ടിയിരുന്നു. റിയാദ്, ജിദ്ദ, ദമ്മാം, മദീന എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഒക്ടോബര്‍ 24 വരെ റദ്ദാക്കിയതായി ഇന്‍ഡിഗോ അറിയിച്ചിരുന്നു.

യാത്ര ബുക്ക് ചെയ്തപ്പോള്‍ നല്‍കിയ വിവരങ്ങള്‍ ഉപയോഗിച്ച്, ബാധിക്കപ്പെട്ട ഉപഭോക്താക്കളെ ഇക്കാര്യം അറിയിക്കുന്നുണ്ടെന്ന് ഇന്‍ഡിഗോ എക്‌സ് പോസ്റ്റില്‍ പറഞ്ഞു. ട്രാവല്‍ ഏജന്‍സികള്‍ അല്ലെങ്കില്‍ മറ്റ് പങ്കാളികള്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍, സഹായത്തിനായി അവരുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണെന്നും വിമാനക്കമ്പനി വ്യക്തമാക്കി.

റിയാദിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഒക്ടോബര്‍ 24 വരെയും, ജിദ്ദയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ ഒക്ടോബര്‍ 21 വരെയും ആകാശ എയര്‍ നിര്‍ത്തിവെച്ചു. പശ്ചിമേഷ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് ആകാശ എയര്‍ അറിയിച്ചു.

യാത്ര മുടങ്ങിയവര്‍ക്ക് ടിക്കറ്റ് തുക പൂര്‍ണ്ണമായും തിരികെ ആവശ്യപ്പെടാം. ഈ തുക ഏഴ് ദിവസത്തിനുള്ളില്‍ തിരികെ നല്‍കും. അല്ലെങ്കില്‍, അധിക നിരക്കുകളൊന്നുമില്ലാതെ യാത്ര മറ്റൊരു തീയതിയിലേക്ക് യാത്ര റീഷെഡ്യൂള്‍ ചെയ്യാമെന്നും വിമാനക്കമ്പനി അറിയിച്ചു.

ഇന്ത്യയ്ക്കും സൗദി അറേബ്യയ്ക്കുമിടയില്‍ യാത്ര ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കായി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. നിലവില്‍ വിമാന സര്‍വീസുകളില്‍ തടസ്സങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ ഉംറ തീര്‍ത്ഥാടകര്‍ അടക്കമുള്ള യാത്രക്കാര്‍ വിമാന സര്‍വീസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി പരിശോധിക്കണമെന്നും, എയര്‍ലൈനുകളുമായും ട്രാവല്‍ ഏജന്‍സികളുമായും നിരന്തരം ബന്ധപ്പെടണമെന്നും മുന്‍കരുതല്‍ നിര്‍ദേശങ്ങളില്‍ പറയുന്നു.

വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയോ, സമയക്രമത്തില്‍ മാറ്റം വരികയോ, മറ്റ് യാത്രാ ബുദ്ധിമുട്ടുകള്‍ നേരിടുകയോ ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാരെ സഹായിക്കുന്നതിനായി കോണ്‍സുലേറ്റ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിട്ടുണ്ട്.

കോണ്‍സുലേറ്റിന്റെ സഹായം ആവശ്യമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക്, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാവുന്നതാണ്. +966 12 2614093; +966 556122301 എന്നീ നമ്പറുകളില്‍ കോള്‍ ചെയ്‌തോ +966 536209704 എന്ന നമ്പറില്‍ വാട്‌സ്ആപ്പ് വഴിയോ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. pbskcgi@gmail.com എന്ന ഇമെയില്‍ വഴിയും ബന്ധപ്പെടാം.

Content Highlight: Flights Between India and Saudi Arabia, Directives from Indian Embassy and Consulate