2026 ആദ്യ എല്‍ ക്ലാസിക്കോ മത്സരത്തിന് അരങ്ങുണരാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ്. നാളെ പുലര്‍ച്ചെ ജിദ്ദയിലെ കിങ് അബ്ദുല്ല സ്റ്റേഡിയത്തിലാണ് മറ്റൊരു എല്‍ ക്ലാസിക്കോ മത്സരം അരങ്ങേറുക. രണ്ട് സ്പാനിഷ് വമ്പന്മാര്‍ ഇത്തവണ നേര്‍ക്കുനേര്‍ പോരിനിറങ്ങുന്നത് സൂപ്പര്‍ കോപ്പ ഡെ എസ്പാന അഥവാ സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലിലാണ്.
കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തിലാണ് ഹാന്‍സി ഫ്‌ലിക്കും സംഘവും ഈ വര്‍ഷത്തെ സൂപ്പര്‍ കപ്പ് ഫൈനലിലും ആദ്യ എല്‍ ക്ലാസിക്കോക്കും കോപ്പുകൂട്ടുന്നത്. കഴിഞ്ഞ വര്‍ഷം തങ്ങളുടെ ചിരവൈരികളുടെ മേല്‍ സ്ഥാപിച്ച ആധിപത്യം വീണ്ടും നേടിയെടുക്കുക എന്നതും കറ്റാലന്‍ പട ഉന്നമിടുന്നുണ്ടാവും.
ബാഴ്‌സലോണ . Photo: BercelonaFC/x.com
മറുവശത്താകട്ടെ കഴിഞ്ഞ വര്‍ഷം സൂപ്പര്‍ കപ്പ് ഫൈനലില്‍ ബാഴ്സലോണയോട് ഏറ്റ തോല്‍വിക്ക് പകരം വീട്ടാന്‍ ഉറച്ചാവും റയല്‍ ഇറങ്ങുക. കൂടാതെ, ഒരിക്കല്‍ കൂടി സ്‌പെയിനിന്റെ ചാമ്പ്യന്മാരാകുക എന്നതും സാബിയുടെയും സംഘത്തിന്റെയും ലക്ഷ്യങ്ങളില്‍ ഒന്നാണ്. അത് ബാഴ്സയെ തോല്‍പ്പിച്ചാവുമ്പോള്‍ ആ കിരീടനേട്ടത്തിന് മാറ്റ് കൂടും.
എന്നാല്‍ അവസാന എല്‍ ക്ലാസിക്കോയുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മുന്‍തൂക്കം ബാഴ്‌സക്കാണ്. അവസാനം കളിച്ച അഞ്ച് എല്‍ ക്ലാസിക്കല്‍ നാലിലും വിജയികളായത് ബ്ലൂഗ്രാനയാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടന്ന അവസാന മത്സരത്തില്‍ റയല്‍ വിജയിക്കുകയും ചെയ്തിരുന്നു.
റയലും ബാഴ്‌സയും അവസാനമായി ഏറ്റുമുട്ടിയത് ലാലിഗയിലാണ്. ആ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ലോസ് ബ്ലാങ്കോസ് വിജയം സ്വന്തമാക്കി. അതുകൊണ്ട് തന്നെ ഈ ആത്മവിശ്വാസത്തിലാവും റയല്‍ ഇത്തവണ ഇറങ്ങുക. മറുവശത്താകട്ടെ അവസാന നാലിലും വിജയം സ്വന്തമാക്കിയ അതേ മികവ് തന്നെ തുടരാനാണ് സാധിക്കുമെന്നാണ് ബാഴ്സയുടെ പ്രതീക്ഷ.