ഒറ്റ ഗോളില്‍ എംബാപ്പെയ്‌ക്കൊപ്പം, രണ്ടടിച്ചാല്‍ സിംഹാസനം; ചരിത്ര നേട്ടത്തിനരികെ മെസി
FIFA World Cup 2026
ഒറ്റ ഗോളില്‍ എംബാപ്പെയ്‌ക്കൊപ്പം, രണ്ടടിച്ചാല്‍ സിംഹാസനം; ചരിത്ര നേട്ടത്തിനരികെ മെസി
ഫസീഹ പി.സി.
Wednesday, 15th July 2026, 3:51 pm

ഫിഫ ലോകകപ്പ് 2026 സെമി ഫൈനല്‍ പോരാട്ടത്തിന് ഒരുങ്ങുകയാണ് നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന. ഇന്ത്യന്‍ സമയം അര്‍ധ രാത്രി 12.30ന് നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ടാണ് എതിരാളികള്‍. അറ്റ്‌ലാന്റ സ്റ്റേഡിയമാണ് രണ്ടാം സെമി ഫൈനലിന്റെ വേദി.

നിര്‍ണായക മത്സരത്തിനിറങ്ങുമ്പോള്‍ അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസിയ്ക്ക് ഒരു സൂപ്പര്‍ നേട്ടം സ്വന്തമാക്കാന്‍ സാധിക്കും. ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ നോണ്‍ പെനാല്‍റ്റി ഗോളുകള്‍ നേടുന്ന താരമെന്ന നേട്ടമാണ് താരത്തിന് നേടാന്‍ അവസരമുള്ളത്.

ഇതിനായി മെസിയ്ക്ക് വേണ്ടത് രണ്ട് ഗോളുകളാണ്. നിലവില്‍ ഈ ലിസ്റ്റില്‍ ഒന്നാമത് ഫ്രഞ്ച് നായകന്‍ കിലിയന്‍ എംബാപ്പെയാണ്. താരം 18 ഗോളുകള്‍ അടിച്ചാണ് ഒന്നാം സ്ഥാനം കൈപിടിയിലൊതുക്കിയിരിക്കുന്നത്.

മെസിക്ക് ലോകകപ്പില്‍ 17 നോണ്‍ പെനാല്‍റ്റി ഗോളുകളാണുള്ളത്. ഈ മത്സരത്തില്‍ ഒരു ഗോളടിച്ചാല്‍ എംബാപ്പെയ്ക്ക് ഒപ്പമെത്താന്‍ അര്‍ജന്റൈന്‍ നായകന് സാധിക്കും. രണ്ട് തവണ വല കുലുക്കിയാല്‍ ഒന്നാം സ്ഥാനവും മിശിഹയ്ക്ക് സ്വന്തമാക്കാം.

ഫിഫ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ നോണ്‍ പെനാല്‍റ്റി ഗോളുകള്‍ നേടുന്ന താരങ്ങള്‍

(താരം – ടീം – ഗോളുകള്‍ എന്നീ ക്രമത്തില്‍)

കിലിയന്‍ എംബാപ്പെ – ഫ്രാന്‍സ് – 18

ലയണല്‍ മെസി – അര്‍ജന്റീന – 17

മിറോസ്ലാവ് ക്ലോസെ – ജര്‍മനി – 16

റൊണാള്‍ഡോ നസാരിയോ – ബ്രസീല്‍ – 14

ഗെര്‍ഡ് മുള്ളര്‍ – ജര്‍മനി – 13

ലയണൽ മെസി. Photo: Sudanalytics/x.com

അതേസമയം, ഈ ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനമാണ് മെസി നടത്തുന്നത്. ഇതുവരെ താരം എട്ട് ഗോളുകളാണ് എതിരാളികളുടെ വലയിലേക്ക് അടിച്ചുകയറ്റിയത്. രണ്ട് തവണ സഹതാരങ്ങള്‍ കൊണ്ട് ഗോളടിപ്പിക്കുകയും ചെയ്തു.

Content Highlight: FIFA World Cup 2026: Lionel Messi needs two goals to surpass Kylian Mbappe in most non penalty goals in FIFA World Cup history

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.