ചിത്രം നിര്‍മിച്ചത് മതമൗലികവാദികളുടെ പണം കൊണ്ടെന്ന പരാമര്‍ശം; ജൂറി അംഗത്തിനെതിരെ പരാതിയുമായി ഫെഫ്ക
Movie news
ചിത്രം നിര്‍മിച്ചത് മതമൗലികവാദികളുടെ പണം കൊണ്ടെന്ന പരാമര്‍ശം; ജൂറി അംഗത്തിനെതിരെ പരാതിയുമായി ഫെഫ്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd October 2021, 8:55 am

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി അംഗത്തിനെതിരെ പരാതി നല്‍കി ഫെഫ്ക. ജൂറി അംഗമായ എന്‍. ശശിധരനെതിരെയാണ് ഫെഫ്ക പരാതി നല്‍കിയിരിക്കുന്നത്.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെ നടത്തിയ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഫെഫ്കയുടെ നടപടി.

പുരസ്‌കാരത്തിലെ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ ചിത്രം മതമൗലിക വാദികളുടെ പണം കൊണ്ട് നിര്‍മിച്ചതാണ് എന്ന ശശിധരന്റെ പരാമര്‍ശത്തിനെതിരെയാണ് ഫെഫ്ക പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.

ശശിധരനെതിരെ സാംസ്‌കാരിക വകുപ്പ് മന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും കത്തയച്ചിട്ടുണ്ടെന്ന് ഫെഫ്ക ഭാരവാഹികള്‍ അറിയിച്ചു.

പുരസ്‌കാര നിര്‍ണയ സമിതിയില്‍ തന്റെ വാക്കുകള്‍ക്ക് യാതൊരു വിലയും പരിഗണനയും ലഭിച്ചില്ലെന്നും, താന്‍ അപമാനിക്കപ്പെട്ടുവെന്നുമായിരുന്നു ശശിധരന്‍ പറഞ്ഞത്.

തെരഞ്ഞെടുക്കപ്പെട്ട ചിത്രം ഒരിക്കലും ഒരു മികച്ച സിനിമയായോ, സ്ത്രീ പക്ഷത്ത് നില്‍ക്കുന്ന ചിത്രമായോ കാണാന്‍ സാധിക്കില്ലെന്നും മതമൗലിക വാദികളുടെ പണം കൊണ്ടാണ് ചിത്രം നിര്‍മിച്ചത് എന്നുമായിരുന്നു ശശിധരന്‍ പറഞ്ഞിരുന്നത്.

ഇതിനെ തുടര്‍ന്ന് വ്യാപകമായ പ്രതിഷേധങ്ങളും ഉയര്‍ന്ന് വന്നിരുന്നു. സംഭവം വിവാദമായതോടെ പ്രസ്താവന തിരുത്തി ശശിധരന്‍ രംഗത്തെത്തിയിരുന്നു.

‘അവാര്‍ഡ് നിര്‍ണയത്തിലെ പല ചര്‍ച്ചകളിലും സ്വാഭാവികമായി ഞാന്‍ സ്വീകരിച്ച അഭിപ്രായങ്ങളും ഇഷ്ടാനിഷ്ടങ്ങളും വേര്‍തിരിച്ചെടുത്ത് വാര്‍ത്തയാക്കുന്നതിനോട് യോജിപ്പില്ല. ഞാന്‍ കൂടി ഭാഗമായ പുരസ്‌കാര നിര്‍ണയത്തിന് നൂറ് ശതമാനവും ഒപ്പമാണ് ഞാന്‍ എന്ന് അറിയിക്കുന്നു. മറ്റ് തരത്തിലുള്ള വാര്‍ത്താ നിര്‍മ്മിതി തികച്ചും വസ്തുതാവിരുദ്ധമാണ്,’ എന്നാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം പറഞ്ഞിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: FEFKA against jury member N Sasidharan