പ്രതിവര്‍ഗീയത കൊണ്ട് ഒരു ചുക്കും നേടാനാവില്ല
News of the day
പ്രതിവര്‍ഗീയത കൊണ്ട് ഒരു ചുക്കും നേടാനാവില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th September 2017, 9:20 am

മുസ്‌ലിം സമൂഹത്തിലെ നല്ലൊരളവ് വിദ്യാസമ്പന്നരായ യുവതീയുവാക്കള്‍ മുമ്പെത്തേതിനേക്കാള്‍ വിശാലമാവും ചിന്താപരവുമായ മാറ്റത്തിന്റെ പാതയില്‍ ആണെന്നതില്‍ സംശയമില്ല. കുറച്ചുകൂടി തുറന്ന മനസ്സോടെ കാര്യങ്ങള്‍ അറിയാനും പല ധാരണകളെയും ചോദ്യം ചെയ്യാനും തിരുത്താനും അവര്‍ തയ്യാറാവുന്നുണ്ട്.

അതേസമയം, ഒരു ന്യൂനാല്‍ ന്യൂനപക്ഷം എങ്കിലും അപകടകരമായ വര്‍ഗീയതുടെയോ പ്രതി വര്‍ഗീയതയുടെയോ സാംഗത്യത്തെക്കുറിച്ച് പറയാന്‍ തുടങ്ങിയിട്ടുമുണ്ട്. എത്ര നിസ്സാരമാണെങ്കിലും അതിനെ എതിര്‍ത്തില്ലെങ്കില്‍ സംഘ്പരിവാര്‍ ഗോള്‍വാള്‍ക്കര്‍ രാഷ്ട്രീയംകൊണ്ട് ഉദ്ദേശിക്കുന്നതെന്താണോ അതിലേക്ക് കാര്യങ്ങള്‍ കൃത്യതയിലും വേഗത്തിലും എത്തിച്ചേരും എന്നതാണ്.

ഇരവാദത്തിന്റെ മറവില്‍ വേട്ടക്കാരന്റെ കുപ്പായമെടുത്തിടാന്‍ തുനിയുന്നതിനെ ഏതു സാമാന്യ യുക്തിയുടെ പിന്‍ബലത്തില്‍ നിന്നുകൊണ്ടാണ് ഒരാള്‍ക്ക് ന്യായീകരിക്കാന്‍ കഴിയുക? ഏറ്റവും വലിയ മണ്ടത്തരമാണത്. കാരണം, പ്രതിവര്‍ഗീയത ആയുധമാക്കുന്നവര്‍ ഏറ്റുമുട്ടുന്നത് അവരേക്കാള്‍ നൂറുനൂറു മടങ്ങ് ആള്‍ബലവും ആയുധ ബലവും ആശയബലവും നൂറ്റാണ്ടുകള്‍ കൊണ്ട് ഉണ്ടാക്കിയെടുത്ത ഒന്നിനോടാണ്.


Read more: ‘ഞാന്‍ തീവ്രവാദിയല്ല, വിദ്യാര്‍ത്ഥിയാണ്’; യോഗിയോട് തീവ്രവാദിയെന്ന് വിളിച്ചതിനെത്തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥി


അപ്പോള്‍ ഇക്കൂട്ടര്‍ മറുപടിയായി കൊണ്ടു വരിക ചരിത്രത്തെയും വിശ്വാസിയുടെ ആര്‍ജ്ജവത്തെയും ദൈവ സഹായത്തെയും ഒക്കെ ആയിരിക്കും. എന്നാല്‍, അത് കേവലമായ വീമ്പു പറച്ചിലല്ലാതെ മറ്റൊന്നുമല്ല. കാരണം അവര്‍ നൂറ്റാണ്ടുകള്‍ എടുത്ത് കൃത്യമായും സൂക്ഷമമായും ശക്തിയാര്‍ജ്ജിച്ചുകൊണ്ടിരുന്നപ്പോള്‍ ആ കാലങ്ങളത്രെയും വിശ്വാസപരമായും നിലപാടുകള്‍ കൊണ്ടും ഏറ്റവും ദുര്‍ബലമായ അവസ്ഥയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുകയായിരുന്നു മുസ്‌ലിം സമൂഹം.

ഒരു ആര്‍ജ്ജവമുള്ള നേതൃത്വം പോലും ഇല്ലാത്ത, ആന്തരിക വൈരുധ്യങ്ങള്‍ നിറഞ്ഞ ദുര്‍ബലാവസ്ഥയുടെ ഏറ്റവും ഇങ്ങേ തലക്കല്‍നിന്നുകൊണ്ടാണ് ചിലര്‍ പ്രതിവര്‍ഗീയതയെ കുറിച്ച് സംസാരിക്കുന്നത്.

മറ്റൊന്ന്, ഏതു തരം വിദ്വേഷത്തെയും കാപട്യങ്ങളെയും പ്രതിരോധിക്കേണ്ടത് കുറുക്കു വഴികളിലൂടെയല്ല, ഏറ്റവും സുതാര്യവും നേര്‍ക്കുനേരുള്ളതും സത്യസന്ധവും മനുഷ്യത്വപരവുമായ സമീപനങ്ങളിലൂടെയും നിലപാടുകളിലൂടെയുമായിരിക്കണമെന്നാണ് ഇസ്‌ലാമിന്റെ വിശുദ്ധ ഗ്രന്ഥം വായിക്കുമ്പോള്‍ മനസ്സിലാവുക.

കുതന്ത്രങ്ങള്‍ പ്രയോഗിക്കുന്നവരെ താക്കീതു ചെയ്യുന്ന, അവര്‍ക്കുള്ള അപായ മുന്നറിയിപ്പ് നല്‍കുന്ന എത്ര പാഠങ്ങളും അതിനകത്തെ ആശയംകൊണ്ട് ഒരു വിശ്വാസിക്ക് കണ്ടത്തൊന്‍ കഴിയും. അതേ കുതന്ത്രം കടമെടുക്കേണ്ടിവരുമെന്ന് പറയുമ്പോള്‍ ദൈവിക ബോധനത്തിന്റെ നേര്‍വിപരീത ദിശയിലേക്കുള്ള വഴിമാറ്റം എന്ന നിലയിലല്ലാതെ കാണാനാവില്ല തന്നെ. അതുകൊണ്ട് തന്നെ അത്തരമൊരു തെരഞ്ഞെടുപ്പ് ഏറ്റവും വലിയ ദുരന്തത്തിലേ പര്യവസാനിക്കൂ എന്നതില്‍ സംശയമില്ല.

ഇനി വര്‍ഗീയതയുടെയും വംശീയതയുടെയും വായനയില്‍ സംഭവിച്ച പ്രശ്‌നം. ഹിറ്റ്‌ലറുടെയോ ഗോള്‍വാള്‍ക്കറുടെയോ കാലത്തെ അപകടകരമായ വംശീയതയില്‍ നിന്നും അതിനേക്കാള്‍ വീര്യം കൂടിയ ഏറ്റവും അപകടകരമായ ഒന്നാണ് പുതിയ കാലത്തെ വംശീയത. മതം നോക്കി ആളെക്കൊന്നു തീര്‍ക്കുന്ന പരിപാടി മാത്രമല്ല അത്. അതിനപ്പുറത്തേക്ക് കോര്‍പറേറ്റുകളുടെ അതിവിശാലമായ സ്വാര്‍ഥ താല്‍പര്യത്തിന്റെയും അവരുടെ സാമ്രാജ്യ വികസനത്തിന്റെയും ഏറ്റവും മൂര്‍ച്ചയേറിയ ആയുധം കൂടിയാണ്.

മതങ്ങളെയും അതിനകത്തെ വൈരുധ്യങ്ങളെയും കൃത്യമായി അവര്‍ ഉപയോഗിക്കുകയാണ്. ശബ്ദകോലാഹലങ്ങളും ആക്രോശങ്ങളും കരുതിക്കൂട്ടി സൃഷ്ടിക്കുകയാണ്. വ്യക്തികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട പോര്‍വിളികള്‍ക്ക് ആളെക്കൂട്ടുകയാണ്. ഇതിനിടയില്‍ സമര്‍ഥമായി അവര്‍ കൊള്ളയടിച്ചുകൊണ്ടിരിക്കുന്നു. ഭൂമിയിലെ സര്‍വ വിഭവങ്ങളുടെയും മേലുള്ള ആധിപത്യം സമ്പൂര്‍ണമായി നേടിക്കൊണ്ടിക്കുന്നു. ആഗോള തലത്തില്‍ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന നിയോ ലിബറല്‍ ആശയത്തെയും തീവ്ര വലതുപക്ഷ രാഷ്ട്രീയത്തെയും ഈയര്‍ഥത്തില്‍ കൂടിയാണ് നോക്കിക്കാണേണ്ടത്.

ഭരണകൂടങ്ങള്‍ എന്തിനുവേണ്ടി ആര്‍ക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന ഏറ്റവും അടിസ്ഥാനപരമായ ചോദ്യം പൗരര്‍ എന്ന നിലയില്‍ ഒറ്റക്കെട്ടായി ഉന്നയിക്കുമ്പോള്‍ മാത്രമാണ് ഈ സവര്‍ണ കോര്‍പറേറ്റ് വംശീയതുടെ ആണിക്കല്ലിളകുക. കാരണം വിഭവങ്ങള്‍ക്കുമേലുള്ള അധികാരത്തിലൂടെയാണ് അവര്‍ ആളും അര്‍ഥവും വിപുലപ്പെടുത്തുന്നത്.

ഒറ്റൊക്കൊറ്റക്കായല്ല, ഈ രണ്ടിനെയും ചേര്‍ത്തുവെച്ചുകൊണ്ടുള്ള സൂക്ഷ്മവും ശക്തവുമായ പ്രതിരോധത്തിലൂടെ മാത്രമെ ഫാഷിസ്റ്റ് വംശീയതയുടെ അടിവേര് അറുക്കാനാവൂ. അതിനാദ്യം വേണ്ടത് ഓരോരുത്തരും അവരവരുടെ ഉള്ളിലെ ഫാഷിസത്തെ അടിച്ചു പുറത്താക്കുക എന്നതാണ്.

നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഈ തലത്തിലേക്ക് ഫാഷിസ്റ്റു വിരുദ്ധ രാഷ്ട്രീയത്തെയും പോരാട്ടത്തെയും കൊണ്ടത്തെിക്കുന്നതില്‍ മുസ്ലിംകള്‍ മാത്രമല്ല, ഇടത് മതേതരര്‍ പോലും പരാജയപ്പെട്ടു എന്നാണ് തിരിച്ചറിയേണ്ടത്. ആ തിരിച്ചറിവില്‍ നിന്നുള്ള പ്രതിരോധത്തിലേക്ക് ഉണരുകയല്ലാതെ ഒരു പ്രതി വര്‍ഗീയതകൊണ്ടും ഇവരെ തളയ്ക്കാനാവില്ല തന്നെ.