എഡിറ്റര്‍
എഡിറ്റര്‍
‘ഞാന്‍ തീവ്രവാദിയല്ല, വിദ്യാര്‍ത്ഥിയാണ്’; യോഗിയോട് തീവ്രവാദിയെന്ന് വിളിച്ചതിനെത്തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥി
എഡിറ്റര്‍
Friday 29th September 2017 8:02pm

 

കാന്‍പൂര്‍: അധ്യാപകര്‍ നിരന്തരം തീവ്രവാദിയെന്ന് വിളിച്ച അപമാനിച്ചതിനെത്തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ കാന്‍പൂര്‍ ജില്ലയിലെ കല്ല്യാണ്‍പൂരിലെ ദല്‍ഹി പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് അധ്യാപകനും പ്രിന്‍സിപ്പളും തീവ്രവാദിയെന്ന് മുദ്രകുത്താന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ചത്.

ഇസ്‌ലാം മതവിശ്വാസിയായ വിദ്യാര്‍ത്ഥിയെയാണ് അധ്യാപകര്‍ തീവ്രവാദിയെന്ന് നിരന്തരം വിളിച്ച് അപമാനിച്ചത്. അധ്യാപകരുടെ അധിക്ഷേപത്തില്‍ മനംനൊന്ത് വിദ്യാര്‍ത്ഥി കഴിഞ്ഞ 23 നു സ്വരൂപ് നഗറിലെ വീട്ടില്‍ വെച്ചായിരുന്നു ആത്മഹത്യക്ക് ശ്രമിച്ചത്. ഉറക്കുഗുളിക കഴിച്ച് ഗുരുതരാവസ്ഥയിലായ വിദ്യാര്‍ത്ഥി ആശുപത്രിയിലാണ്.


Also Read: റോഹിങ്ക്യകള്‍ അഭയാര്‍ത്ഥികളല്ല; വലിഞ്ഞു കേറിവന്ന ഭീകരവാദബന്ധമുള്ളവരെന്ന് യോഗി ആദിത്യനാഥ്


ആത്മഹത്യാശ്രമത്തിനു മുമ്പ് കുട്ടിയെഴുതിയ ആത്മഹത്യാകുറിപ്പിലാണ് അധ്യാപകര്‍ തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ചതിനെക്കുറിച്ച് പറയുന്നത്. സ്‌കൂളിലെ അധ്യാപകനെതിരെയും പ്രിന്‍സിപ്പളിനെതിരെയും നടപടിയെടുക്കണമെന്നാണ് യു.പി മുഖ്യമന്ത്രി യോഗി ആദ്യത്യനാഥിനോട് ആത്മഹത്യാ കുറിപ്പിലൂടെ കുട്ടി ആവശ്യപ്പെടുന്നത്.

ആശുപത്രിയില്‍ നിന്ന് ബോധം കിട്ടിയ ശേഷം കുട്ടി നടത്തിയ പ്രതികരണത്തിലും മുഖ്യമന്ത്രിയോട് താന്‍ തീവ്രവാദിയല്ലെന്നാണ് പറയുന്നതെന്നും ‘ദ വയര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘മുഖ്യമന്ത്രി സാര്‍ ഞാന്‍ തീവ്രവാദിയല്ല ഒരു വിദ്യാര്‍ത്ഥിയാണ്’ എന്നായിരുന്നു കുട്ടി പറഞ്ഞത്.

വിദ്യാഭ്യാസം നേടിയ ശേഷം മുന്‍രാഷ്ട്രപതി എ.പി.ജെ അബ്ദള്‍ കലാമിനെ പോലെ ശാസ്ത്രജ്ഞനാകാനായിരുന്നു തന്റെ ആഗ്രഹമെന്നാണ് കുട്ടി ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. ‘പക്ഷേ അധ്യാപകര്‍ തന്നെ തീവ്രവാദിയായാണ് കണ്ടത്. ക്ലാസിലെത്തിയാല്‍ എന്നും അധ്യാപകര്‍ തന്റെ ബാഗുകള്‍ പരിശോധിക്കും. ക്ലാസില്‍ പിന്‍ബെഞ്ചിലിരുത്തി.’ കുട്ടി പറയുന്നു അധ്യാപകരുടെ ഈ പെരുമാറ്റം കൊണ്ട് ക്ലാസിലെ മറ്റുകുട്ടികളും തന്നെയകറ്റിയെന്നും വിദ്യാര്‍ത്ഥി പറയുന്നു.


Dont Miss: ‘എന്റെ പേരാണ് ചിലര്‍ക്ക് പ്രശ്‌നം’; ഘര്‍വാപ്പസി പുറത്തുകൊണ്ടുവന്നതിനാലാണ് സംഘപരിവാര്‍ ആക്രമിക്കുന്നതെന്ന് ശബ്‌ന സിയാദ്


കുട്ടിയുടെ പിതാവും അധ്യാപകര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. തന്റെ മകനോട് സംസാരിക്കരുതെന്നു അധ്യാപകര്‍ മറ്റുകുട്ടികളോട് പറഞ്ഞിരുന്നതായും അദ്ദേഹം ആരോപിച്ചു.

രണ്ട് മാസം മുന്‍പാണ് ഈ സ്‌കൂളില്‍ ചേര്‍ന്നതെന്നും തന്നോട് മിണ്ടരുതെന്ന് അധ്യാപകര്‍ കുട്ടികളോട് പറഞ്ഞതായും വിദ്യാര്‍ത്ഥി പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഐ.പി.സി സെക്ഷന്‍ 305 പ്രകാരം സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ആത്മഹത്യാകുറ്റം ചുമത്തിയതായി ജില്ലാ പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

Advertisement