യുവതാരങ്ങളെ തങ്ങളുടെ സിനിമകളില്‍ പ്രാധാന്യത്തോടെ അവതരിപ്പിക്കാന്‍ കമലും മമ്മൂട്ടിയും തയ്യാറായി; മോഹന്‍ലാല്‍ ഇതുവരെ അതിന് തയ്യാറായിട്ടില്ല: ഫാസില്‍
Entertainment news
യുവതാരങ്ങളെ തങ്ങളുടെ സിനിമകളില്‍ പ്രാധാന്യത്തോടെ അവതരിപ്പിക്കാന്‍ കമലും മമ്മൂട്ടിയും തയ്യാറായി; മോഹന്‍ലാല്‍ ഇതുവരെ അതിന് തയ്യാറായിട്ടില്ല: ഫാസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 23rd July 2022, 4:34 pm

ഫഹദ് ഫാസിലിന്റെ അഭിനയത്തെ അഭിനന്ദിച്ചുകൊണ്ട് മറ്റു ഇന്‍ഡസ്ട്രിയില്‍ നിന്നുള്ളവര്‍ പോലും മികച്ച അഭിപ്രായങ്ങളാണ് മുന്നോട്ട് വെക്കുന്നത്. ഫഹദ് ചെയ്യുന്ന സിനിമകളെ കുറിച്ചും അഭിനയമികവിനെ കുറിച്ചും ധാരാളം ചര്‍ച്ചകള്‍ ഉയരാറുണ്ട്.

കമല്‍ ഹാസന്‍ നായകനായെത്തിയ വിക്രം എന്ന സിനിമയില്‍ ഫഹദിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കമല്‍ സ്വന്തം ചിത്രത്തില്‍ യുവ നടന്മാരെ പ്രധാന്യത്തോടെ അവതരിപ്പിക്കുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ ബുദ്ധിയാണെന്ന് പറഞ്ഞിരിക്കുകയാണ് ഫാസില്‍ ഇപ്പോള്‍.

മമ്മൂട്ടിയും കമലുമെല്ലാം ആ ധൈര്യം കാണിക്കുന്നുണ്ടെന്നും മോഹന്‍ലാല്‍ അതിന് തയ്യാറാകുന്നില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. ബിഹൈന്‍ഡ് വുഡ്സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഫാസില്‍.

‘കമല്‍ ഹാസന്‍ അഭിനയിക്കുന്ന ഒരു സിനിമയില്‍ ഫഹദിനും വിജയ് സേതുപതിക്കും പ്രധാനപ്പെട്ട റോള്‍ നല്‍കണമെന്നുണ്ടെങ്കില്‍ അത് കമലിന്റെ ബുദ്ധിയാണ്. കമലിന് കാര്യങ്ങള്‍ മനസിലായി തുടങ്ങിയിട്ടുണ്ട്.

ഭീഷ്മപര്‍വ്വം പോലെ ഒരു സിനിമയില്‍ ശ്രീനാഥ് ഭാസിയെയും സൗബിനെയും ഷൈന്‍ ടോം ചാക്കോയുമെല്ലാം മെയിന്‍ കഥാപാത്രങ്ങളാക്കിയത് മമ്മൂട്ടിയുടെ ആക്ടിങ് ഇന്റലിജന്റ്‌സ് ആണ്. മോഹന്‍ലാല്‍ അത് കാണിച്ചിട്ടില്ല. കാണിക്കുമെന്നാണ് എന്റെ പ്രതീക്ഷ,’ ഫാസില്‍ പറഞ്ഞു.


അതേസമയം ഫാസില്‍ നിര്‍മിച്ച മലയന്‍കുഞ്ഞ് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഫഹദ് ഫാസില്‍ നായകനായ ഈ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഫഹദിന്റെ പ്രകടനത്തെ കുറിച്ചും ചിത്രത്തില്‍ സൃഷ്ടിച്ച ഭീകര അന്തരീക്ഷത്തെ കുറിച്ചും വലിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

മലയന്‍കുഞ്ഞിന് തിരക്കഥ എഴുതിയിരിക്കുന്നത് മഹേഷ് നാരായണനാണ്. സിനിമയുടെ സിനിമാറ്റോഗ്രാഫിയും അദ്ദേഹം തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. നവാഗതനായ സജി മോന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് മഹേഷ് നാരായണനാണ്.

30 വര്‍ഷത്തിന് ശേഷം എ.ആര്‍. റഹ്മാന്‍ മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് മലയന്‍കുഞ്ഞ്.

Content Highlight: Fazil says that Kamal and Mammootty are ready to feature young actors prominently in their films; Mohanlal is not ready for it yet