മലയാളത്തിലെ യുവനടന്മാരില്‍ പ്രധാനിയാണ് ഫര്‍ഹാന്‍ ഫാസില്‍. രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് ഫര്‍ഹാന്‍ സിനിമാലോകത്തേക്കെത്തുന്നത്. 11 വര്‍ഷത്തെ സിനിമാ കരിയറില്‍ വെറും ആറ് സിനിമകളില്‍ മാത്രമാണ് ഫര്‍ഹാന്‍ ഭാഗമായത്. തിയേറ്ററുകളില്‍ മുന്നേറുന്ന തുടരും എന്ന ചിത്രത്തിലും ഫര്‍ഹാന്‍ ഭാഗമായിട്ടുണ്ട്.
ഫാസിലിനോട് മോഹന്‍ലാലിനുള്ള ആത്മബന്ധത്തെക്കുറിച്ച് സംസാരിക്കുകയാണ് ഫര്‍ഹാന്‍ ഫാസില്‍. എപ്പോഴും ഗുരുത്വം കാത്തുസൂക്ഷിക്കുന്നയാളാണ് മോഹന്‍ലാലെന്ന് ഫര്‍ഹാന്‍ ഫാസില്‍ പറഞ്ഞു. ഓരോ വലിയ സിനിമകളുടെ റിലീസിന് മുമ്പും മോഹന്‍ലാല്‍ ഫാസിലിനെ കാണാന്‍ വരുമായിരുന്നെന്നും അത് ഇപ്പോഴും തുടരുന്നുണ്ടെന്നും ഫര്‍ഹാന്‍ കൂട്ടിച്ചേര്‍ത്തു.
പുലിമുരുകന്‍, ലൂസിഫര്‍ തുടങ്ങിയ വലിയ സിനിമകളുടെ റിലീസിന്റെ തലേന്ന് മോഹന്‍ലാല്‍ വീട്ടിലേക്ക് വരുമായിരുന്നെന്നും ഫര്‍ഹാന്‍ ഫാസില്‍ പറഞ്ഞു. ബാറോസ് എന്ന സിനിമയുടെ ഷൂട്ട് തുടങ്ങുന്നതിന് മുമ്പും വന്നിട്ടുണ്ടായിരുന്നെന്നും ഇങ്ങനെ ഒരു കാര്യം നടക്കുന്നുണ്ടെന്ന് ഓര്‍മപ്പെടുത്തുമായിരുന്നെന്നും ഫര്‍ഹാന്‍ കൂട്ടിച്ചേര്‍ത്തു.
ഒരുപാട് നേരം ഫാസിലുമായി സംസാരിക്കുമെന്നും ആ ദിവസങ്ങളിലെല്ലാം വീട്ടില്‍ വന്ന് ഭക്ഷണം കഴിക്കുമെന്നും ഫര്‍ഹാന്‍ പറയുന്നു. മോഹന്‍ലാലിന് അങ്ങനെ വീട്ടിലേക്ക് വരേണ്ട ആവശ്യമില്ലെന്നും ഫാസിലിനോടുള്ള ബഹുമാനം കൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്നും ഫര്‍ഹാന്‍ ഫാസില്‍ കൂട്ടിച്ചേര്‍ത്തു. ഫാസിലിനെ വലിയ കാര്യമായതുകൊണ്ടാണ് അതെല്ലാം സംഭവിക്കുന്നതെന്നും അത് തന്നിലേക്കും ഫഹദിലേക്കും കിട്ടാറുണ്ടെന്നും ഫര്‍ഹാന്‍ ഫാസില്‍ പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു ഫര്‍ഹാന്‍ ഫാസില്‍.
‘എല്ലാ മേജര്‍ റിലീസിന് മുന്നേ ലാലേട്ടന്‍ വാപ്പയെ കാണാന്‍ വരും. എല്ലാ വലിയ സിനിമകളുടെ മുന്നേയും ഇത് നടക്കും. എന്റെ ഓര്‍മയില്‍ പുലിമുരുകന്റെയും ലൂസിഫറിന്റെയും റിലീസിന്റെ തലേന്ന് ലാലേട്ടന്‍ വീട്ടിലേക്ക് വന്നിട്ടുണ്ട്. അതുപോലെ ബാറോസിന്റെ ഷൂട്ട് തുടങ്ങുന്നതിന് മുന്നേ വന്നിട്ടുണ്ടായിരുന്നു. നല്ല ഗുരുത്വമുള്ളയാളാണ് ലാലേട്ടന്‍.
പുള്ളിക്ക് അങ്ങനെയൊക്കെ ചെയ്യേണ്ട കാര്യമില്ല. പക്ഷേ, ഇത്തരത്തില്‍ വലിയ കാര്യങ്ങള്‍ നടക്കുന്നതിന് മുമ്പ് വീട്ടില്‍ വരും, വാപ്പയോട് സംസാരിച്ച് ഇരിക്കും. അന്ന് ഞങ്ങളുടെ വീട്ടില്‍ വെച്ചായിരിക്കും ഭക്ഷണം. വാപ്പയെ വലിയ കാര്യമാണ് ലാലേട്ടന്. ആ ഒരു ബഹുമാനത്തിന്റെ റിഫ്‌ളക്ഷന്‍ എന്നോടും ഷാനുവിനോടുമുള്ള പെരുമാറ്റത്തില്‍ ലാലേട്ടന്‍ കാണിക്കും,’ ഫര്‍ഹാന്‍ ഫാസില്‍ പറയുന്നു.
Content Highlight: Farhaan Fasil about Mohanlal’s respect towards Fazil