ആ സംവിധായകന്‍ നമ്മളുടെ ലുക്ക് ഇഷ്ടമായാല്‍ പിന്നെ അഭിനയിക്കുമോയെന്ന് അന്വേഷിക്കില്ല: ഫര്‍ഹാന്‍ ഫാസില്‍
Malayalam Cinema
ആ സംവിധായകന്‍ നമ്മളുടെ ലുക്ക് ഇഷ്ടമായാല്‍ പിന്നെ അഭിനയിക്കുമോയെന്ന് അന്വേഷിക്കില്ല: ഫര്‍ഹാന്‍ ഫാസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 7th July 2025, 9:55 am

ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രമായിരുന്നു തുടരും. മോഹന്‍ലാല്‍ നായകനായി എത്തിയ ഈ ചിത്രം തിയേറ്ററില്‍ വന്‍ വിജയമായിരുന്നു നേടിയിരുന്നത്.

16 വര്‍ഷത്തിന് ശേഷം ശോഭനയും മോഹന്‍ലാലും ഒരുമിച്ച് എത്തിയ സിനിമ കൂടിയായിരുന്നു തുടരും. ഷണ്‍മുഖമായി മോഹന്‍ലാല്‍ അഭിനയിച്ചപ്പോള്‍ ലളിത എന്ന കഥാപാത്രമായിട്ടാണ് ശോഭന എത്തിയത്.

ചിത്രത്തില്‍ നടന്‍ ഫര്‍ഹാന്‍ ഫാസിലും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. സുധീഷ് എന്ന പൊലീസുകാരനായിട്ടാണ് ഫര്‍ഹാന്‍ സിനിമയില്‍ അഭിനയിച്ചത്. ഇപ്പോള്‍ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയെ കുറിച്ച് പറയുകയാണ് ഫര്‍ഹാന്‍ ഫാസില്‍. ദി നെക്സ്റ്റ് 14 മിനിട്ട്സ് എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തരുണ്‍ അഭിനേതാക്കളെ ഹാന്‍ഡില്‍ ചെയ്യാന്‍ നല്ല കോണ്‍ഫിഡന്‍സുള്ള ആളാണ്. ബിനു ചേട്ടന്‍ (ബിനു പപ്പു) തരുണിനെ കുറിച്ച് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അതായത്, തരുണിന് ഒരാളുടെ ലുക്ക് കണ്ട് ഓക്കെയായാല്‍ മതി.

അയാള്‍ അഭിനയിക്കുമോ ഇല്ലയോ എന്നൊന്നും തരുണ്‍ അന്വേഷിക്കില്ല. ‘ലുക്ക് വെച്ച് ആള്‍ ഓക്കെയാണ്. അപ്പോള്‍ അയാള്‍ അഭിനയിക്കാന്‍ വരട്ടേ. ലൊക്കേഷനില്‍ വന്നോട്ടെ. നമുക്ക് ചെയ്യിപ്പിച്ച് എടുക്കാം’ എന്നാണ് തരുണ്‍ പറയുക.

അത്തരത്തിലുള്ള ഒരു കോണ്‍ഫിഡന്‍സുള്ള സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. നമ്മുടെ ഓപ്പോസിറ്റ് നില്‍ക്കുന്ന ആള്‍ ഇങ്ങനെയൊരു കോണ്‍ഫിഡന്‍സ് കാണിക്കുമ്പോള്‍ നമ്മളും ട്രൈ ചെയ്ത് നോക്കാമെന്ന് ചിന്തിക്കില്ലേ. ആ ചിന്തയിലാണ് ഞാന്‍ തുടരും സിനിമയിലേക്ക് വന്നത്,’ ഫര്‍ഹാന്‍ ഫാസില്‍ പറയുന്നു.


Content Highlight: Farhaan Faasil Talks About Tharun Moorthy