എന്റെ അഭിനയം നന്നായിട്ടുണ്ടെന്ന് ഷാനുക്ക ആദ്യമായി പറഞ്ഞത് ആ സിനിമ കണ്ടപ്പോഴാണ്: ഫര്‍ഹാന്‍ ഫാസില്‍
Entertainment
എന്റെ അഭിനയം നന്നായിട്ടുണ്ടെന്ന് ഷാനുക്ക ആദ്യമായി പറഞ്ഞത് ആ സിനിമ കണ്ടപ്പോഴാണ്: ഫര്‍ഹാന്‍ ഫാസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 9th May 2025, 8:02 pm

മലയാളത്തിലെ യുവനടന്മാരില്‍ പ്രധാനിയാണ് ഫര്‍ഹാന്‍ ഫാസില്‍. രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് ഫര്‍ഹാന്‍ സിനിമാലോകത്തേക്കെത്തുന്നത്. 11 വര്‍ഷത്തെ സിനിമാ കരിയറില്‍ വെറും ആറ് സിനിമകളില്‍ മാത്രമാണ് ഫര്‍ഹാന്‍ ഭാഗമായത്. തിയേറ്ററുകളില്‍ മുന്നേറുന്ന തുടരും എന്ന ചിത്രത്തിലും ഫര്‍ഹാന്‍ ഭാഗമായിട്ടുണ്ട്.

ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ഫര്‍ഹാന്‍ ഫാസില്‍. സഹോദരനും നടനുമായ ഫഹദ് തുടരും കണ്ടെന്ന് ഫര്‍ഹാന്‍ ഫാസില്‍ പറഞ്ഞു. ഫഹദ് ആദ്യമായി കാണുന്ന തന്റെ സിനിമയാണ് തുടരും എന്നാണ് താന്‍ ചിന്തിക്കുന്നതെന്ന് ഫര്‍ഹാന്‍ കൂട്ടിച്ചേര്‍ത്തു. ഇതിന് മുമ്പ് ചെയ്ത ഭീഷ്മപര്‍വം ഫഹദ് കണ്ടിട്ടുണ്ടോ എന്ന് തനിക്ക് അറിയില്ലെന്നും ഫര്‍ഹാന്‍ ഫാസില്‍ പറയുന്നു.

ആ കഥാപാത്രത്തിന്റെ മീറ്റര്‍ കറക്ടായി താന്‍ പിടിച്ചിട്ടുണ്ടെന്നും ആ സട്ടിലിറ്റി കൃത്യമായി കീപ്പ് ചെയ്‌തെന്നുമാണ് ഫഹദ് തന്നോട് പറഞ്ഞതെന്ന് ഫര്‍ഹാന്‍ ഫാസില്‍ കൂട്ടിച്ചേര്‍ത്തു. ഫഹദിന്റെ പക്കല്‍ നിന്ന് അങ്ങനെയൊരു കോംപ്ലിമെന്റ് കിട്ടുന്നത് വലിയ കാര്യമാണെന്നും കുടുംബത്തിന് വേണ്ടി നടത്തിയ സ്‌പെഷ്യല്‍ പ്രിവ്യൂ ഷോ കണ്ടിട്ടാണ് ഫഹദ് ഇക്കാര്യം പറഞ്ഞതെന്നും ഫര്‍ഹാന്‍ പറഞ്ഞു.

 

എന്നാല്‍ അതിനെക്കാള്‍ തനിക്ക് സന്തോഷം തന്നത് മോഹന്‍ലാലിന്റെ കോംപ്ലിമെന്റാണെന്നും ഫര്‍ഹാന്‍ പറയുന്നു. ഡബ്ബിങ് പൂര്‍ത്തിയായപ്പോള്‍ മോഹന്‍ലാല്‍ തന്നെ വിളിച്ചെന്നും വളരെ നന്നായിട്ടുണ്ടെന്ന് പറഞ്ഞെന്നും ഫര്‍ഹാന്‍ ഫാസില്‍ കൂട്ടിച്ചേര്‍ത്തു. പിന്നീട് ആരുടെയും അഭിപ്രായം വേണ്ടെന്നായിരുന്നു തനിക്ക് തോന്നിയതെന്നും ഫര്‍ഹാന്‍ പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിനോട് സംസാരിക്കുകയായിരുന്നു ഫര്‍ഹാന്‍ ഫാസില്‍.

‘ഷാനുക്ക ഈ പടം കണ്ടിട്ട് നല്ല അഭിപ്രായം പറഞ്ഞു. സാധാരണ എന്റെ പടമൊന്നും പുള്ളി കണ്ടിട്ട് അഭിപ്രായം പറയാറില്ല. ഭീഷ്മപര്‍വം പോലും കണ്ടിട്ടുണ്ടോ എന്ന് ഡൗട്ടാണ്. വാപ്പക്കും ഉമ്മക്കും കാണാന്‍ വേണ്ടി വീട്ടില്‍ ഒരു പ്രിവ്യൂ വെച്ചിട്ടുണ്ടായിരുന്നു. അങ്ങനെയാണ് ഷാനുക്ക ഈ പടം കണ്ടത്. ‘ആ ക്യാരക്ടറിന്റെ മീറ്ററില്‍ കറക്ടായി പെര്‍ഫോം ചെയ്തിട്ടുണ്ട്. എവിടെയും ആ സട്ടിലിറ്റി വിട്ടിട്ടില്ല’ എന്നാണ് ഷാനുക്ക പറഞ്ഞത്.

എന്നാല്‍ അതിനെക്കാള്‍ സന്തോഷം തന്നത് ലാലേട്ടന്റെ കോംപ്ലിമെന്റായിരുന്നു. ലാലേട്ടന്‍ പുള്ളിയുടെ പോര്‍ഷനെല്ലാം ഡബ്ബ് ചെയ്തപ്പോള്‍ പടം മുഴുവന്‍ കണ്ടു. എന്നിട്ട് എന്നെ വിളിച്ചു. ‘മോനെ, പടം കണ്ടു, നന്നായി ചെയ്തിട്ടുണ്ടല്ലോ’ എന്ന് പറഞ്ഞു. ഇനി ആരുടെ അഭിപ്രായം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല എന്ന അവസ്ഥയിലായിരുന്നു ഞാന്‍ ആ സമയത്ത്,’ ഫര്‍ഹാന്‍ ഫാസില്‍ പറയുന്നു.

Content Highlight: Farhaan Faasil shares the compliment from Fahadh Faasil after watching Thudarum movie