ഫഹദിനോട് ഒരു എക്‌സ്ട്രാ സ്‌നേഹം ആ സൂപ്പര്‍ സ്റ്റാറിനുണ്ട്: ഫര്‍ഹാന്‍ ഫാസില്‍
Entertainment
ഫഹദിനോട് ഒരു എക്‌സ്ട്രാ സ്‌നേഹം ആ സൂപ്പര്‍ സ്റ്റാറിനുണ്ട്: ഫര്‍ഹാന്‍ ഫാസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 14th May 2025, 5:07 pm

 

തിയേറ്ററില്‍ റെക്കോര്‍ഡുകള്‍ സ്വന്തമാക്കി മുന്നേറുകയാണ് മോഹന്‍ലാല്‍ ചിത്രം തുടരും. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ വന്ന സിനിമ ഇതിനോടകം കേരളത്തില്‍ നിന്ന് മാത്രം 95 കോടിക്ക് മുകളില്‍ സ്വന്തമാക്കി കഴിഞ്ഞു.

ഫഹദ് ഫാസിലും മോഹന്‍ലാലും തമ്മിലുള്ള ഒരു പേര്‍സണല്‍ ബോണ്ട് എങ്ങനെയാണ് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ഇപ്പോള്‍ ഫര്‍ഹാന്‍ ഫാസില്‍.

ഇരുവരുടെയും ബന്ധത്തെ കുറിച്ച് തനിക്ക് കൃത്യമായി അറിയില്ലെന്നും എന്നാല്‍ മോഹന്‍ലാലിന് ഫഹദിനെ വലിയ ഇഷ്ടമാണെന്നുള്ള കാര്യം തനിക്കറിയാമെന്നും ഫര്‍ഹാന്‍ പറയുന്നു. ഉപ്പയോടുള്ള സ്‌നേഹത്തിന്റെ ഭാഗമായും ഫഹദ് എന്ന നടനെയും മോഹന്‍ലാലിന് വലിയ കാര്യമാണ് എന്നും അദ്ദേഹം പറയുന്നു.

താന്‍ സെറ്റില്‍ ഉണ്ടാകുമ്പോള്‍ ഫഹദ് തന്നെ വിളിക്കാറുണ്ടെന്നും അപ്പോഴെല്ലാം മോഹന്‍ലാല്‍ ഫഹദ് വരുന്നുണ്ടോ എന്ന് ചോദിക്കാറുണ്ടായിരുന്നുവെന്നും ഫര്‍ഹാന്‍ കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാല്‍ ഫഹദുമായുള്ള ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും സാധാരണ അദ്ദേഹം അങ്ങനെ ആരുടെയും കൂടെയുള്ള ഫോട്ടോസ് ഇടാറില്ലെന്നും ഫര്‍ഹന്‍ ഫാസില്‍ പറഞ്ഞു. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്കത് കൃത്യമായി അറിയില്ല. ഞാന്‍ അവരുമായിട്ടങ്ങനെ ചില്ല് ചെയ്തിട്ടില്ല. അവര്‍ രണ്ട് പേരുടെയും സര്‍ക്കിളിലേക്ക് ഞാന്‍ കേറിയിട്ടില്ല ( ചിരി). പക്ഷേ ലാലേട്ടന് ഫഹദിനെ ഭയങ്കര ഇഷ്ടമാണെന്ന് അറിയാം. വാപ്പയോടുള്ള സ്‌നേഹവും, ഒരു നടന്‍ എന്ന രീതിയിലും ഫഹദിനെ വലിയ കാര്യമാണ്. ഇടക്ക് ഞാന്‍ സെറ്റില്‍ ഇരിക്കുമ്പോള്‍ ഷാനു വിളിക്കും. അപ്പോള്‍ ലാലേട്ടന്‍ ചോദിക്കും ഫഹദ് വരുന്നുണ്ടോ എന്ന്. തരുണ്‍ ഇടക്ക്
ഷാനുവിനോട് വരാന്‍ പറയാറുണ്ട്. അപ്പോള്‍ ഷാനു വരാം എന്നൊക്കെ പറയും.

ലാലേട്ടന്‍ ഫഹദിനോട് വരാന്‍ പറയൂ എന്നൊക്കെ പറയും. പക്ഷേ ഷാനു വന്നില്ലായിരുന്നു. ആ സമയത്ത് വേറെ ഏതോ ഷൂട്ടിലായിരുന്നു. ലാലേട്ടന്‍ ഒരു ഫോട്ടോ ഇട്ടിട്ടുണ്ട്. ഷാനു ഇങ്ങനെ കെട്ടിപ്പിടിച്ച് ഉമ്മകൊടുക്കുന്ന ഒരു ഫോട്ടോ. ലാലേട്ടന്‍ അങ്ങനെ അധികം ആരുമായിട്ടും ഫോട്ടോസ് ഇടാത്ത ഒരാളാണ്. അപ്പോള്‍ ഫഹദുമായിട്ട് അത് ഇടുമ്പോള്‍ ഫഹദിനോട് ഒരു എക്‌സ്ട്രാ സ്‌നേഹം ഉണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ ഫര്‍ഹന്‍ ഫാസില്‍ പറയുന്നു.

Content Highlight: Farhaan faasil about Fahadh faasil and Mohanlal