ബെന്‍സോ സ്റ്റാന്‍ലിയോ, 2025ലെ മികച്ച പെര്‍ഫോമന്‍സ് ഏതെന്ന കാര്യത്തില്‍ പരസ്പരം പോരാടി ആരാധകര്‍
Malayalam Cinema
ബെന്‍സോ സ്റ്റാന്‍ലിയോ, 2025ലെ മികച്ച പെര്‍ഫോമന്‍സ് ഏതെന്ന കാര്യത്തില്‍ പരസ്പരം പോരാടി ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 5th December 2025, 10:54 pm

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ് കളങ്കാവല്‍. നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിനായകന്‍ നായകനാകുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് വില്ലനായി എത്തിയത്. മമ്മൂട്ടിയുടെ ഗംഭീര പെര്‍ഫോമന്‍സാണ് കളങ്കാവലില്‍ കാണാന്‍ സാധിച്ചത്.

എന്നാല്‍ കളങ്കാവലിന്റെ റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് ആരുടേതെന്ന ചര്‍ച്ചയാണ് ഇപ്പോള്‍ സജീവമായി നില്‍ക്കുന്നത്. തുടരും എന്ന ചിത്രത്തിലെ ബെന്‍സായിട്ടുള്ള മോഹന്‍ലാലിന്റെ പ്രകടനമാണ് മികച്ചതെന്ന് ലാല്‍ ആരാധകര്‍ അവകാശപ്പെടുന്നുണ്ട്.

എന്നാല്‍ ബെന്‍സിനെക്കാള്‍ എത്രയോ മികച്ച പെര്‍ഫോമന്‍സാണ് കളങ്കാവലിലെ സ്റ്റാന്‍ലിയുടേതെന്ന് മമ്മൂട്ടി ഫാന്‍സും അവകാശപ്പെടുന്നുണ്ട്. ഈ വിഷയത്തില്‍ നിരവധി പോസ്റ്റുകളാണ് വൈറലായിരിക്കുന്നത്. മമ്മൂട്ടിയുടെ പെര്‍ഫോമന്‍സിനടുത്തൊന്നും മോഹന്‍ലാലിന്റെ ബെന്‍സിന്റേത് എത്തിയിട്ടില്ലെന്നാണ് മമ്മൂട്ടി ഫാന്‍സിന്റെ വാദം.

മോഹന്‍ലാല്‍ അടുത്തിടെ ചെയ്ത മികച്ച സിനിമയാണ് തുടരുമെന്നും എന്നാല്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച പ്രകടനമാണെന്ന് പറയാന്‍ കഴിയില്ലെന്നും മമ്മൂട്ടി ഫാന്‍സ് അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ മമ്മൂട്ടി ഓരോ വര്‍ഷം കഴിയുന്തോറും വ്യത്യസ്തമായ വേഷങ്ങള്‍ തെരഞ്ഞെടുത്ത് ചെയ്യുന്നുണ്ടെന്നും ആരാധകര്‍ അവകാശപ്പെടുന്നുണ്ട്.

അടുത്ത വര്‍ഷത്തെ സ്റ്റേറ്റ് അവാര്‍ഡില്‍ മറ്റ് നടന്മാരോട് മത്സരിക്കാന്‍ മമ്മൂട്ടിയും ഉണ്ടാകുമെന്ന് കളങ്കാവലിന്റെ ആദ്യഷോയ്ക്ക് പിന്നാലെ പലരും അഭിപ്രായപ്പെട്ടു. പൊന്മാനിലെ പ്രകടനവുമായി ബേസില്‍ ജോസഫും ഡീയസ് ഈറേയുമായി പ്രണവും തുടരും സിനിമയുമായി മോഹന്‍ലാലുമുണ്ടെങ്കിലും മമമ്മൂട്ടിക്കാണ് ചാന്‍സ് കൂടുതലെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും മോഹന്‍ലാലിലെ നടനെയും താരത്തെയും ഒരുപോലെ ഉപയോഗിച്ച ചിത്രമായിരുന്നു. മോഹന്‍ലാലിന്റെ മികച്ച അഭിനയമുഹൂര്‍ത്തങ്ങളുള്ള ചിത്രം ബോക്‌സ് ഓഫീസിലും ഗംഭീര മുന്നേറ്റം നടത്തിയിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടിയ ചിത്രം ഈ വര്‍ഷത്തെ രണ്ടാമത്തെ 200 കോടി ക്ലബ്ബ് എന്‍ട്രിയും സ്വന്തമാക്കി.

Content Highlight: Fans of Mammootty and Mohanlal debating on best performance of this year