കര്‍ഷക മഹാപഞ്ചായത്ത്: കേരളത്തില്‍ നിന്നും കര്‍ണാടകയില്‍ നിന്നും എത്തിയ കര്‍ഷകരെ തടഞ്ഞ് പൊലീസ്
national news
കര്‍ഷക മഹാപഞ്ചായത്ത്: കേരളത്തില്‍ നിന്നും കര്‍ണാടകയില്‍ നിന്നും എത്തിയ കര്‍ഷകരെ തടഞ്ഞ് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd August 2022, 10:46 am

ന്യൂദല്‍ഹി: കര്‍ഷക മഹാപഞ്ചായത്തില്‍ പങ്കെടുക്കാനെത്തിയ കര്‍ഷകരെ തടഞ്ഞു. കേരളത്തില്‍ നിന്നും കര്‍ണാടകയില്‍ നിന്നും എത്തിയ കര്‍ഷകരെയാണ് തടഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.

ദല്‍ഹിയിലെ മെട്രോ സ്‌റ്റേഷനിലെത്തിയ ഇവരെ ദല്‍ഹി പൊലീസ് തടയുകയായിരുന്നു. ഇരുനൂറോളം പേരെയാണ് പൊലീസ് തടഞ്ഞിരിക്കുന്നത്.

കഴിഞ്ഞ ദിവസം ദല്‍ഹിയിലെത്തിയ കര്‍ഷക നേതാവ് രാകേഷ് ടികായത്തിനെ പൊലീസ് തടഞ്ഞിരുന്നു. അദ്ദേഹത്തോട് മടങ്ങിപ്പോകണമെന്ന് പൊലീസ് ആവശ്യപ്പെടുകയായിരുന്നു.

താങ്ങുവില, തൊഴിലില്ലായ്മ, അഗ്‌നിപഥ് പദ്ധതി പിന്‍വലിക്കുക തുടങ്ങിയ ഒമ്പത് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ ഇന്ന് ദല്‍ഹിയില്‍ സംഘടിക്കുന്നത്.
പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പതിനയ്യായിരത്തിലേറെ കര്‍ഷകര്‍ ദല്‍ഹിയില്‍ എത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്.

അതേസമയം മഹാപഞ്ചായത്തിന് ദല്‍ഹി പൊലീസ് അനുമതി നല്‍കിയിട്ടില്ല.

താങ്ങുവില പഠിക്കാനായി സര്‍ക്കാര്‍ നേരത്തെ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഇന്നായിരിക്കും സമിതിയുടെ ആദ്യ യോഗം നടക്കുക. കര്‍ഷകസമരം അവസാനിച്ച് ഒരു വര്‍ഷത്തോട് അടുക്കാനിരിക്കെയാണ് നിര്‍ണായക വിഷയത്തില്‍ സമിതി ആദ്യ യോഗം ചേരുന്നതെന്ന വിമര്‍ശനവും സമിതിക്കെതിരെ ഉയരുന്നുണ്ട്.

താങ്ങുവിലയില്‍ അനിശ്ചിതത്വം തുടരുകയാണെങ്കില്‍ സമരമുള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് കര്‍ഷകര്‍ നേരത്തെ അറിയിച്ചിരുന്നു. ഒരു വര്‍ഷവും നാല് മാസവുമാണ് കര്‍ഷക സമരം നീണ്ടുനിന്നത്. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ ഉള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയായിരുന്നു.

താങ്ങുവില ഉറപ്പാക്കുക എന്നതാണ് കര്‍ഷകരുടെ പ്രധാന ആവശ്യം. കര്‍ഷക സമരത്തിനിടെ ലഖിംപൂര്‍ ഖേരിയില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും നീതി ലഭിക്കണമെന്നും സംഘടനകള്‍ ആവശ്യം ഉന്നയിക്കുന്നുണ്ട്. സംഭവത്തില്‍ പ്രതിയായ അജയ് മിശ്രയെ പുറത്താക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട എല്ലാ കേസുകളും റദ്ദാക്കണം, രാജ്യത്തെ എല്ലാ കര്‍ഷകരേയും കടത്തില്‍ നിന്നും ഒഴിവാക്കണമെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു.

വൈദ്യുതി മേഖലയെ സ്വകാര്യവത്ക്കരിക്കുന്ന വൈദ്യുതി ബില്ലിന് അനുമതി നല്‍കാതിരിക്കുക, അഗ്നിപഥ് പിന്‍വലിക്കുക, കരിമ്പിന്റെ താങ്ങുവില കൂട്ടുക, രാജ്യം വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ (ഡബ്ല്യൂ.ടി.ഒ)യില്‍ നിന്ന് പുറത്തുവരണം, പ്രധാനമന്ത്രി ഫസല്‍ഭീമാ യോജന പ്രകാരം കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാര കുടിശ്ശിക അനുവദിക്കണം തുടങ്ങിയ മറ്റ് ആവശ്യങ്ങളും മുന്‍നിര്‍ത്തിയാണ് കര്‍ഷകര്‍ മഹാപഞ്ചായത്ത് ചേരുന്നത്.

Content Highlight: Famrers from kerala and karntaka detained by delhi police