വടകരയില്‍ വ്യാപകമായി കള്ളവോട്ടിന് സാധ്യതയുണ്ട്; നടപടി ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ ഹൈക്കോടതിയില്‍
Kerala News
വടകരയില്‍ വ്യാപകമായി കള്ളവോട്ടിന് സാധ്യതയുണ്ട്; നടപടി ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ ഹൈക്കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th April 2024, 3:07 pm

കൊച്ചി: കള്ളവോട്ട് തടയാന്‍ നടപടി ആവശ്യപ്പെട്ട് യു.ഡി.എഫിന്റെ വടകര ലോക്‌സഭാ സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ ഹൈക്കോടതിയില്‍. വടകരയില്‍ വ്യാപകമായി കള്ളവോട്ട് നടക്കാന്‍ സാധ്യത ഉണ്ടെന്ന് ഷാഫി പറമ്പില്‍ ഹരജിയില്‍ പറഞ്ഞു.

മുമ്പ് നടന്നിട്ടുള്ള തെരഞ്ഞെടുപ്പുകളുടെ അനുഭവത്തിലും അടുത്തിടെ പാനൂരില്‍ നടന്ന ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലുമാണ് ഹരജിയുമായി കോടതിയെ സമീപിക്കാന്‍ കാരണമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മരിച്ചവരുടെയും വിദേശത്തുള്ളവരുടെയും വോട്ടുകള്‍ വ്യാപകമായി രേഖപ്പെടുത്തിയതായി പരാതി ഉയര്‍ന്നിരുന്നു. ഇത്തരം സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം ഹരജിയില്‍ പറഞ്ഞു.

മരിച്ച ആളുകളുടെ പേരില്‍ കള്ളവോട്ട് ചെയ്യാന്‍ എത്തുന്നവരെ കുറിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കൃത്യമായ പരിശോധന നടത്താറില്ലെന്നും, തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വേണ്ടി ബൂത്തില്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ എല്ലാം സി.പി.ഐ.എം അനുഭാവികളായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനാല്‍ ആളുകള്‍ക്ക് ഭയരഹിതമായി വോട്ട് ചെയ്യണമെങ്കില്‍ ബൂത്തുകളിലെല്ലാം കേന്ദ്ര സേനയെ നിയമിക്കണമെന്നും എല്ലാ ബൂത്തുകളിലും വോട്ട് ചെയ്യുന്നതിന്റെ വിഡിയോ ചിത്രീകരിക്കണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

അതിനിടെ ആറ്റിങ്ങള്‍ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്. ആറ്റിങ്ങല്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിന് വേണ്ടി അദ്ദേഹത്തിന്റെ ഇലക്ഷന്‍ ഏജന്റാണ് ഹൈക്കോടതിയെ സമീപിച്ചത്.

മണ്ഡലത്തില്‍ ഒരുലക്ഷത്തിലധികം ഇരട്ട വോട്ടുകള്‍ ഉണ്ടെന്നും ഇതില്‍ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജി. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ഹരജിയില്‍ പറയുന്നു.

Content Highlight: fake vote is likely to be widespread in Vadakara; Shafi Parambil High Court seeking action