വിക്രമിലെ ആ സീന്‍ ചെയ്യുമ്പോള്‍ സെറ്റിലുണ്ടായിരുന്ന എല്ലാവരും ഒരേസമയം ആ ഡയലോഗ് എന്റെയൊപ്പം പറഞ്ഞു: ഫഹദ് ഫാസില്‍
Entertainment
വിക്രമിലെ ആ സീന്‍ ചെയ്യുമ്പോള്‍ സെറ്റിലുണ്ടായിരുന്ന എല്ലാവരും ഒരേസമയം ആ ഡയലോഗ് എന്റെയൊപ്പം പറഞ്ഞു: ഫഹദ് ഫാസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 10th January 2025, 10:33 pm

കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വിക്രം. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കമല്‍ ഹാസന്‍ സിനിമാലോകത്തേക്ക് തിരിച്ചെത്തിയ ചിത്രം വന്‍ വിജയമാണ് സ്വന്തമാക്കിയത്. ബാഹുബലി 2വിനെ തകര്‍ത്ത് തമിഴ്‌നാട്ടില്‍ ഇന്‍ഡസ്ട്രി ഹിറ്റായി മാറാനും വിക്രത്തിന് സാധിച്ചു. തമിഴിലെ ആദ്യ സിനിമാറ്റിക് യൂണിവേഴ്‌സും വിക്രം എന്ന സിനിമയിലൂടെ പിറവിയെടുത്തു.

ചിത്രത്തില്‍ വില്ലനായി വേഷമിട്ടത് വിജയ് സേതുപതിയായിരുന്നു. അതിഥിവേഷത്തില്‍ സൂര്യയും എത്തിയ ചിത്രത്തില്‍ ഫഹദ് ഫാസിലും ശക്തമായ വേഷം ചെയ്തിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഫഹദ് ഫാസില്‍. ചിത്രത്തിന്റെ രണ്ടാം പകുതിയില് ഫഹദിന്റെ കഥാപാത്രം കമല്‍ ഹാസനെ ഫോണ്‍ വിളിച്ച് സംസാരിക്കുന്ന സീന്‍ കമല്‍ ഹാസനുള്ള ട്രിബ്യൂട്ടാണെന്ന് ഫഹദ് പറഞ്ഞു.

ആ സീനില്‍ തന്റെ കഥാപാത്രം കമല്‍ ഹാസനോട് താങ്കളുടെ വലിയ ഫാനാണെന്ന് പറയുന്ന ഡയലോഗ് ലോകേഷിന്റെ കോണ്‍ട്രിബ്യൂഷനാണെന്നും അത് പറയുമ്പോള്‍ താന്‍ ത്രില്‍ഡ് ആയിരുന്നെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു. ആ സീന്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് സെറ്റിലുണ്ടായിരുന്ന എല്ലാവരും ഒരുമിച്ച് ആ ഡയലോഗ് പറഞ്ഞൈന്നും അതൊരു മികച്ച എക്‌സ്പീരിയന്‍സായിരുന്നെന്നും ഫഹദ് പറഞ്ഞു.

ആ സിനിമ മൊത്തത്തില്‍ കമല്‍ ഹാസന്‍ എന്ന നടന് ലോകേഷും താനും കൊടുത്ത ട്രിബ്യൂട്ടാണെന്നും ആ സിനിമയുടെ സെറ്റ് വളരെ മികച്ചതായിരുന്നെന്നും ഫഹദ് ഫാസില്‍ കൂട്ടിച്ചേര്‍ത്തു. കമല്‍ ഹാസനുമൊത്തുള്ള കോമ്പിനേഷന്‍ സീനുകള്‍ താന്‍ എന്‍ജോയ് ചെയ്തിരുന്നെന്നും ഫഹദ് പറഞ്ഞു. പേര്‍ളി മാണിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഫാസില്‍ ഇക്കാര്യം പറഞ്ഞത്.

‘വിക്രത്തിന്റെ സെറ്റ് വളരെ മനോഹരമായിരുന്നു. അതിന്റെ സെക്കന്‍ഡ് ഹാഫില്‍ ഞാന്‍ കമല്‍ സാറിനെ ഫോണ്‍ ചെയ്ത് സംസാരിക്കുന്ന സീന്‍ വളരെ സ്‌പെഷ്യലാണ്. ‘ബിഗ് ഫാന്‍ ഓഫ് യുവര്‍ വര്‍ക്ക് സാര്‍’ എന്ന ഡയലോഗ് ലോകേഷിന്റെ കോണ്‍ട്രിബ്യൂഷനാണ്. സത്യത്തില്‍ അത് കമല്‍ സാറിനുള്ള ട്രിബ്യൂട്ടാണ്. ആ സീന്‍ ഷൂട്ട് ചെയ്തത് മറക്കാന്‍ പറ്റില്ല.

ആ ഡയലോഗ് ഞാന്‍ പറയുന്ന സമയത്ത് സെറ്റിലുണ്ടായിരുന്ന എല്ലാവരും എന്റെ കൂടെ അത് പറഞ്ഞിരുന്നു. അത് വല്ലാത്തൊരു എക്‌സ്പീരിയന്‍സാണ് എനിക്ക്. ആ സീന്‍ മാത്രമല്ല, അതിലെ വേറെ പല സീനുകളും കമല്‍ സാറിനുള്ള ട്രിബ്യൂട്ടാണ്. കമല്‍ സാറുമായുള്ള കോമ്പിനേഷന്‍ സീനുകളും ആ സെറ്റും ഞാന്‍ ഒരുപാട് എന്‍ജോയ് ചെയ്തു,’ ഫഹദ് ഫാസില്‍ പറയുന്നു.

Content Highlight: Fahadh Faasil shares the shooting experience of Vikram movie