ഇന്ത്യന്‍ സിനിമയില്‍ മുമ്പൊരിക്കലും ഇങ്ങനൊന്ന് ഉണ്ടായിട്ടില്ല, അത് തന്നെയാണ് മാലിക്കിന്റെ പുതുമ; പുതിയ ചിത്രത്തെക്കുറിച്ച് ഫഹദ് ഫാസില്‍
Malayalam Cinema
ഇന്ത്യന്‍ സിനിമയില്‍ മുമ്പൊരിക്കലും ഇങ്ങനൊന്ന് ഉണ്ടായിട്ടില്ല, അത് തന്നെയാണ് മാലിക്കിന്റെ പുതുമ; പുതിയ ചിത്രത്തെക്കുറിച്ച് ഫഹദ് ഫാസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 14th July 2021, 10:00 pm

മഹേഷ് നാരായണന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രം മാലിക്കിനെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിലേക്ക് തന്നെ ആകര്‍ഷിച്ച ഘടകത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടന്‍ ഫഹദ് ഫാസില്‍.

ഫസ്റ്റ് പോസ്റ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഫഹദ് ചിത്രത്തെക്കുറിച്ച് പറഞ്ഞത്.

നേരത്തെ തന്നെ മാലിക്കിന്റെ സബ്ജക്ടിനെക്കുറിച്ച് സംവിധായകന്‍ മഹേഷ് നാരായണനുമൊത്ത് ചര്‍ച്ച നടത്തിയിരുന്നെന്നും കഥ പറഞ്ഞിരിക്കുന്ന ശൈലിയാണ് തന്നെ ആവേശം കൊള്ളിച്ചതെന്നുമാണ് ഫഹദ് പറഞ്ഞത്.

‘ഞങ്ങള്‍ ആദ്യം ഈ വിഷയം സംസാരിച്ചത് 2011ലോ 2012ലോ ആണെന്നാണ് എന്റെ ഓര്‍മ. ഈ കഥ പറഞ്ഞിരിക്കുന്ന അതിന്റെ ആഖ്യാന ശൈലിയാണ് എന്നെ കൂടുതലും ആവേശം കൊള്ളിച്ചത്.

അത്യധികം പുതുമയുള്ള ഒരു ആഖ്യാന ശൈലിയാണ് ഈ കഥയ്ക്ക്. ഒരേ സംഭവം മൂന്ന് വ്യത്യസ്ത വീക്ഷണങ്ങളിലൂടെയാണ് കാണിച്ചിരിക്കുന്നത്. ഇത്തരമൊരു ആഖ്യാന രീതി ഇന്നേവരെ കേരളത്തിലെന്നല്ല, ഇന്ത്യയിലെവിടെയും മുമ്പ് കണ്ടിട്ടില്ല. അതുകൊണ്ട് തന്നെയാണ് ഈ ചിത്രം പുതുമയുള്ളതായി മാറുന്നത്,’ ഫഹദ് പറഞ്ഞു.

ജൂലൈ 15നാണ് മാലിക് ആമസോണ്‍ പ്രൈമില്‍ റിലീസാകുന്നത്. 2020 ഏപ്രില്‍ മാസം റിലീസ് ചെയ്യാന്‍ ഒരുങ്ങിയിരുന്ന ചിത്രം കൊവിഡ് പ്രതിസന്ധി മൂലം 2021 മെയ് 13ലേക്ക് റിലീസ് മാറ്റിവെച്ചിരുന്നു.

പിന്നീട് രണ്ടാം തരംഗം ശക്തമായതോടെ സിനിമ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതായി നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിക്കുകയായിരുന്നു.

സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ മാലികില്‍ അവതരിപ്പിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, സലിംകുമാര്‍, ഇന്ദ്രന്‍സ്, വിനയ് ഫോര്‍ട്ട്, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്തുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്.

ടേക്ക് ഓഫിനും സീ യു സൂണിനും ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാലിക്. സാനു ജോണ്‍ വര്‍ഗീസ് ക്യാമറയും സുഷിന്‍ ശ്യാം സംഗീതവും നിര്‍വഹിക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Fahad Faasil about new Movie Malik and its narration style