പങ്കെടുക്കരുത്, അതിദാരിദ്ര്യ വിമുക്ത പ്രഖ്യാപനം വലിയ നുണ; മമ്മൂട്ടിക്കും മോഹന്‍ലാലിനും കമല്‍ ഹാസനും കത്തെഴുതി ആശമാര്‍
Kerala
പങ്കെടുക്കരുത്, അതിദാരിദ്ര്യ വിമുക്ത പ്രഖ്യാപനം വലിയ നുണ; മമ്മൂട്ടിക്കും മോഹന്‍ലാലിനും കമല്‍ ഹാസനും കത്തെഴുതി ആശമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th October 2025, 8:24 pm

തിരുവനന്തപുരം: അതിദാരിദ്ര്യ വിമുക്ത കേരള പ്രഖ്യാപനത്തില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടരുന്ന ആശാ പ്രവര്‍ത്തകര്‍. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് ക്ഷണം ലഭിച്ച മമ്മൂട്ടി, കമല്‍ഹാസന്‍, മോഹന്‍ലാല്‍ എന്നീ നടന്മാര്‍ക്ക് കത്തെഴുതിക്കൊണ്ടാണ് ആശമാര്‍ രംഗത്തെത്തിയത്.

സര്‍ക്കാരിന്റെ അതിദാരിദ്ര്യ വിമുക്ത പ്രഖ്യാപനം വലിയ നുണയാണെന്ന് ആശമാര്‍ കത്തില്‍ പറയുന്നു. നവംബര്‍ ഒന്നിന് നടക്കാനിരിക്കുന്ന പരിപാടിയില്‍ പങ്കെടുക്കരുതെന്നും സെക്രട്ടറിയേറ്റിന് മുന്നിലെത്തി തങ്ങളെ കാണണമെന്നും  കമല്‍ഹാസന്‍ ഉള്‍പ്പെടെയുള്ളവരോട് ആശമാര്‍ ആവശ്യപ്പെട്ടു.

തങ്ങള്‍ മൂന്ന് നേരം ഭക്ഷണം കഴിക്കാനില്ലാത്ത, മക്കളെ പഠിപ്പിക്കാന്‍ കഴിയാത്ത, മാരക രോഗം വന്നാല്‍ അതിജീവിക്കാന്‍ കെല്‍പ്പില്ലാത്ത, കടക്കെണിയില്‍ കുടുങ്ങിയ അതിദരിദ്രരാണെന്നും ആശമാര്‍ പറയുന്നുണ്ട്. തങ്ങളുടെ തുച്ഛവേതനം വര്‍ധിപ്പിക്കാതെയുള്ള അതിദാരിദ്ര വിമുക്ത പ്രഖ്യാപനം എന്നത് ഒരു വലിയ നുണയാണെന്നും ആശാ പ്രവത്തകര്‍ ചൂണ്ടിക്കാട്ടി.

‘തീര്‍ത്തും നിസ്വരായ ഞങ്ങളുടെ ദാരിദ്ര്യമോ ജീവിതക്ലേശങ്ങളോ തെല്ലും പരിഗണിക്കാതെ കഴിഞ്ഞ 18 വര്‍ഷമായി സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയില്‍ സമര്‍പ്പിതമായി പ്രര്‍ത്തിക്കുന്നവരാണ് ആശമാര്‍. പകര്‍ച്ചവ്യാധികളുടെ നാളുകളില്‍ കണ്ണിമയ്ക്കാതെ ഞങ്ങള്‍ ജനങ്ങളെ പരിചരിച്ചു. രോഗിപരിചരണത്തിനായി രംഗത്തിറങ്ങിയ ഞങ്ങളുടെ 11 സഹപ്രവര്‍ത്തകര്‍ കൊവിഡ് ബാധിതരായി മരിച്ചു.

ആശമാരുടെ നിസ്വാര്‍ത്ഥ പ്രയത്‌നങ്ങളെ മാനിച്ചുകൊണ്ട് ആരോഗ്യരംഗത്തെ കാലാള്‍പ്പട എന്ന് ഞങ്ങള്‍ വിശേഷിപ്പിക്കപ്പെട്ടു. എന്നാല്‍ പരമ ദരിദ്രമായ ഞങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്താനോ ദുരിതങ്ങള്‍ അവസാനിപ്പിക്കാനോ ഒരു നടപടിയും എവിടെനിന്നും ഉണ്ടായില്ല,’ എന്നും ആശാ പ്രവര്‍ത്തകര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

233 രൂപ ദിവസവേതനം വാങ്ങുന്ന തങ്ങള്‍ ഉള്‍പ്പെടെ 26,125 ആശമാര്‍ കൂടിയുള്ള ഈ കേരളം അതിദാരിദ്ര്യ മുക്തമല്ലെന്നും ആശമാര്‍ പറയുന്നു.

ജോലി ചെയ്യാന്‍ ഏറ്റവും കുറഞ്ഞത് 100 രൂപയെങ്കിലും ദിവസേന ചെലവഴിക്കേണ്ടി വരുന്ന തങ്ങളുടെ കൈവശം അവശേഷിക്കുന്ന തുക കൊണ്ട് എങ്ങനെയാണ് കുടുംബം പുലര്‍ത്തുകയെന്നും ആശമാര്‍ ചോദിക്കുന്നു. കഴിഞ്ഞ ഫെബ്രുവരി 10 മുതല്‍ തങ്ങള്‍ സെക്രട്ടറിയേറ്റിന് മുന്നിലെ തെരുവിലാണ് രാപകല്‍ കഴിയുന്നതെന്നും ആശാ പ്രവര്‍ത്തകര്‍ ഓര്‍മിപ്പിച്ചു.

നവംബര്‍ ഒന്നിന്, അതായത് കേരളപ്പിറവി ദിനത്തില്‍ അതിദാരിദ്ര്യ വിമുക്ത കേരള പ്രഖ്യാപനം നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കേരളം ഇന്ത്യയിലെ ആദ്യത്ത അതിദാരിദ്ര്യ വിമുക്ത സംസ്ഥാനമായ പശ്ചാത്തലത്തിലാണ് പരിപാടികള്‍.

Content Highlight: Extreme poverty-free declaration is a big lie; Asha workers writes to Mammootty, Mohanlal and Kamal Haasan