ഒന്നും സംഭവിക്കാത്തപോലെ പെരുമാറുന്ന അനു എനിക്കത്ര കൺവിൻസ് ആയിരുന്നില്ല: എസ്തർ അനിൽ
Malayalam Cinema
ഒന്നും സംഭവിക്കാത്തപോലെ പെരുമാറുന്ന അനു എനിക്കത്ര കൺവിൻസ് ആയിരുന്നില്ല: എസ്തർ അനിൽ
നന്ദന എം.സി
Friday, 29th May 2026, 9:31 am

 

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ താരങ്ങളിൽ ഒരാളാണ് എസ്തർ അനിൽ. ബാലതാരമായി സിനിമയിലെത്തിയ എസ്തർ വളരെ ചെറുപ്പത്തിൽ തന്നെ അഭിനയ മികവിലൂടെ ശ്രദ്ധ നേടിയിരുന്നു. അജി ജോൺ സംവിധാനം ചെയ്ത ‘നല്ലവൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ സിനിമാ അരങ്ങേറ്റം.

പിന്നീട് ജീത്തു ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ദൃശ്യം’ എന്ന ചിത്രത്തിലെ അനുവെന്ന കഥാപാത്രമാണ് താരത്തെ മലയാളി പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയാക്കിയത്. ഇപ്പോഴിതാ ദൃശ്യത്തിലെ അനുവെന്ന കഥാപാത്രം തനിക്ക് അത്ര കൺവിൻസിങ് അല്ലായിരുന്നു എന്ന് പറയുകയാണ് താരം.

ദൃശ്യം, Photo: IMDb

ഒരു കുട്ടി ഇത്ര ഭയാനകമായ ഒരു സംഭവം കണ്ടിട്ടും അതിന്റെ യാതൊരു പ്രശ്‌നവുമില്ലാതെ ചിരിച്ച് കളിച്ചു നടക്കുന്ന അനുവെന്ന കഥാപാത്രം തനിക്ക് പൂർണമായി വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നാണ് എസ്തർ അനിൽ പറയുന്നത്. ദി ഷോ സ്കേപ്പ് ജേർണലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

‘ഒരു കുട്ടി ഇത്രയും ഭയാനകമായ ഒരു കാര്യം കണ്ടിട്ടുണ്ടെങ്കിൽ എന്തായാലും ലൈഫ് ലോങ് അത് അവരുടെ ജീവിതത്തിൽ ഉണ്ടാകും. പക്ഷെ അനുവിന്റെ ക്യാരക്ടർ പുറത്ത് കാണിക്കുന്നത് എപ്പോഴും ചിരിച്ച് കളിച്ച് നടക്കുന്ന, തർക്കുത്തരം പറഞ്ഞ് നടക്കുന്ന ഒരു കുട്ടിയാണ്.

ഒന്നും സംഭവിച്ചിട്ടില്ല എന്ന് നമുക്ക് തോന്നും, ആള് മൂവ് ഓൺ ചെയ്തു എന്ന പോലെ. അതെനിക്ക് അത്ര കൺവിൻസിങ് ആയിരുന്നില്ല,’ എന്നാണ് എസ്തർ പറഞ്ഞത്.

അതേസമയം, ഈ അഭിപ്രായം സംവിധായകൻ ജീത്തു ജോസഫിനോട് തുറന്നു പറയാൻ തനിക്ക് മടിയുണ്ടായിരുന്നുവെന്നും താരം വ്യക്തമാക്കി. ‘അതെനിക്ക് പറയാൻ ഒരു മടി ഉണ്ടായിരുന്നു ജീത്തു അങ്കിളിന്റെ എടുത്ത്. കാരണം എന്റെ ക്യാരക്ടർ ഞാൻ കൂടുതൽ ചോദിക്കുകയാണോ എന്ന് അങ്കിൾ വിചാരിക്കുമോ എന്നായിരുന്നു എനിക്ക്.

പക്ഷെ അതെനിക്ക് പിന്നെ മനസിലായി. അങ്കിളിന്റെ മോൾ തന്നെ എന്താ നീ അത് പറയാതിരുന്നത് എന്ന് ചോദിച്ചു. അവർ അത് അക്സെപ്റ്റ് ചെയ്യുമോ ഇല്ലയോ എന്നല്ല, നമ്മൾ നമ്മുടെ ക്യാരക്ടറിനെ കുറിച്ച് തോന്നിയത് പറയണമായിരുന്നു,’ എന്നും എസ്തർ അഭിമുഖത്തിൽ പറഞ്ഞു.

‘ദൃശ്യം’ സീരീസിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയമായ സ്ഥാനമാണ് എസ്തർ അനിലിന് ലഭിച്ചത്. മോഹൻലാൽ അവതരിപ്പിച്ച ജോർജുകുട്ടിയുടെ ഇളയ മകളായ അനുവായി എത്തിയ എസ്തറിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോൾ പുറത്തിറങ്ങിയ ‘ദൃശ്യം 3’ യിലും താരം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ചിത്രത്തിൽ മോഹൻലാലിനൊപ്പം മീന, അൻസിബ, ആശ ശരത് എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

Content Highlight: Esther anil talk about her character in the movie Drishyam

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.