യുവതിയുടെ മുഖത്തടിച്ച് എറണാകുളം നോര്‍ത്ത് സി.ഐ; പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്; നടപടി നിര്‍ദേശിച്ച് മുഖ്യമന്ത്രി
Kerala
യുവതിയുടെ മുഖത്തടിച്ച് എറണാകുളം നോര്‍ത്ത് സി.ഐ; പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്; നടപടി നിര്‍ദേശിച്ച് മുഖ്യമന്ത്രി
അനിത സി
Thursday, 18th December 2025, 7:31 pm

കൊച്ചി: എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ മുന്‍ സി.ഐ പ്രതാപചന്ദ്രന്‍ ഗര്‍ഭിണിയായ യുവതിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. എറണാകുളം സ്വദേശിനിയായ ഷൈമോള്‍ക്കാണ് മര്‍ദനമേറ്റത്. 2024 ജൂണിലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്.

പ്രതാപചന്ദ്രനെതിരായ വീഡിയോ പുറത്തെത്തിയതിന് പിന്നാലെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. എറണാകുളം നോര്‍ത്തില്‍ നിന്നും സ്ഥലം മാറി പോയ പ്രതാപ ചന്ദ്രന്‍ നിലവില്‍ അരൂര്‍ എസ്.എച്ച്.ഒയാണ്.

മുഖ്യമന്ത്രിക്കുള്‍പ്പെടെ മുമ്പ് പരാതി നല്‍കിയിരുന്നെന്ന് ഷൈമോളും കുടുംബവും അറിയിച്ചു. കോടതിയയില്‍ നിന്ന് നീതി ലഭിക്കുമെന്ന ഉറപ്പുണ്ടെന്നും അവര്‍ പ്രതികരിച്ചു.

ഒരു കേസുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്ത് പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു ഷൈമോള്‍ക്ക് സി.ഐയുടെ മര്‍ദനമേറ്റത്. യുവതിയെ സി.ഐ പിടിച്ചുതള്ളുന്നതും മുഖത്ത് അടിക്കുന്നതും പുറത്തെത്തിയ ദൃശ്യങ്ങളില്‍ വ്യക്തമാണ്.

മര്‍ദിച്ചിട്ടും കലിയടങ്ങാതെ യുവതിക്കും കൂടെ വന്നവര്‍ക്കും നേരെ സി.ഐ ആക്രോശിക്കുകയും ചെയ്യുന്നുണ്ട്.

ഷൈമോളുടെ ഭര്‍ത്താവ് നടത്തിയിരുന്ന ലോഡ്ജില്‍ നിന്നും പൊലീസ് തെരഞ്ഞിരുന്ന രണ്ട് പിടികിട്ടാപുള്ളികളെ കണ്ടെത്തിയിരുന്നു. ഇവരെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ച പൊലീസിന്റെ ദൃശ്യങ്ങള്‍ ഷൈമോളുടെ ഭര്‍ത്താവ് പകര്‍ത്തിയിരുന്നു.

ഇത് ശ്രദ്ധയില്‍പ്പെട്ട പൊലീസ്, പിന്നീട് കൃത്യനിര്‍വഹണം നടത്തുന്നത് തടഞ്ഞുവെന്ന് ആരോപിച്ച് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു, ഇക്കാര്യം അന്വേഷിച്ച് കൈക്കുഞ്ഞുമായി പൊലീസ് സ്റ്റേഷനിലെത്തിയ ഷൈമോള്‍, ഭര്‍ത്താവിനെ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് നിഷേധിച്ചതോടെ പൊലീസുമായി വാക് തര്‍ക്കമുണ്ടായി.

ഇതിനിടെ പ്രകോപിതനായ സി.ഐ ഷൈമോളുടെ മുഖത്തടിക്കുകയായിരുന്നു. വനിതാ പൊലീസുകാരടക്കം ദൃക്‌സാക്ഷിയാക്കിയായിരുന്നു സി.ഐയുടെ ക്രൂരത. പിന്നാലെ ഷൈമോളെയടക്കം ബലമായി സ്‌റ്റേഷനില്‍ നിന്നും പുറത്താക്കുകയും ചെയ്തു.

പൊലീസ് സ്‌റ്റേഷനില്‍ നിന്നും നേരിട്ട അനീതിക്കെതിരെ ഒരു വര്‍ഷത്തിലേറെ നീണ്ട നിയമപോരാട്ടത്തിലായിരുന്നു ഷൈമോള്‍. ഒടുവില്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ പരാതിയെ തുടര്‍ന്ന് പുറത്തെത്തിയ വീഡിയോ ദൃശ്യങ്ങളില്‍ നിന്നും ഷൈമോളുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞു.

പ്രതാപചന്ദ്രന്‍ മറ്റൊരു സ്‌റ്റേഷനിലേക്ക് സ്ഥലം മാറിപ്പോയെങ്കിലും ഷൈമോള്‍ നിയമപോരാട്ടം തുടര്‍ന്നതോടെയാണ് മര്‍ദന ദൃശ്യങ്ങള്‍ പുറത്തെത്തിയത്.

മോശം പെരുമാറ്റത്തിന്റെയും ക്രൂരതയുടെയും പേരില്‍ സി.ഐ പ്രതാപചന്ദ്രനെതിരെ മുമ്പും പരാതികള്‍ ഉയര്‍ന്നിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുള്‍പ്പെടെ പ്രതാപചന്ദ്രനെതിരെ മുമ്പ് പ്രതിഷേധം നടത്തിയിരുന്നു.

Content Highlight: Ernakulam North CI slaps woman in the face; CCTV footage from police station released; Chief Minister directs action

 

അനിത സി
ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍