ശ്രീലങ്കയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം ഓള്‍ഡ് ട്രോള്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ആദ്യ ഇന്നിങ്‌സില്‍ 74 ഓവര്‍ കളിച്ചു 236 റണ്‍സിന് ഔട്ട് ആവുകയായിരുന്നു ലങ്ക.

നിലവില്‍ ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടിയിട്ടുണ്ട്. ഓപ്പണര്‍ ബെന്‍ ഡക്കറ്റ്  18 റണ്‍സിന് പുറത്തായപ്പോള്‍ ഡാന്‍ ലോറന്‍സ് 30 റണ്‍സും നേടിയാണ് മടങ്ങിയത്. സ്‌കോര്‍ ഉയര്‍ത്താന്‍ ബുദ്ധിമുട്ടിയ ഇംഗ്ലണ്ടിനുവേണ്ടി ക്യാപ്റ്റന്‍ ഒലി പോപ്പ് ഇറങ്ങിയെങ്കിലും 6 റണ്‍സ് മാത്രം നേടി കൂടാരം കയറുകയായിരുന്നു.

പിന്നീട് ഇറങ്ങിയ ജോ റൂട്ട് 42 റണ്‍സ് നേടിയെങ്കിലും ദിനേശ് ചണ്ടിമലിന്റെ കൈയില്‍ ആവുകയായിരുന്നു. ലങ്കക്കുവേണ്ടി നാല് വിക്കറ്റും നേടിയത് പേസ് ബൗളര്‍ അസിത ഫെര്‍ണാണ്ടൊ ആണ്. താരത്തിന്റെ മിന്നും പ്രകടനത്തിലാണ് ഇംഗ്ലണ്ടിനെ സമ്മര്‍ദത്തിലാക്കാന്‍ സാധിച്ചത്.

ഇംഗ്ലണ്ടിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ഹാരി ബ്രൂക്ക് ആയിരുന്നു. 56 റണ്‍സ് നേടി തന്റെ ടെസ്റ്റ് കരിയറിലെ ഒമ്പതാം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് ഹാരി കളം വിട്ടത്. പ്രഭാത് ജയസൂര്യയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു ബ്രൂക്ക്. 32 റണ്‍സുമായി ജാമി സ്മിത്തും മൂന്ന് റണ്‍സുമായി ക്രിസ് വോക്‌സുമാണ് ക്രീസില്‍.

ലങ്കക്കുവേണ്ടി ആദ്യ ഇന്നങ്‌സില്‍ മികച്ച പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ധനഞ്ജയ ഡി സില്‍വയും ഒമ്പതാം നമ്പര്‍ താരം മിലന്‍ രത്‌നയാകെയുമാണ്. 84 പന്തില്‍ 8 ഫോര്‍ അടക്കം 74 റണ്‍സാണ് ക്യാപ്റ്റന്‍ നേടിയത്. മിലാന്‍ 135 പന്തില്‍ നിന്നും രണ്ട് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 72 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. ഇരുവരുടെയും തകര്‍പ്പന്‍ പ്രകടനത്തിലാണ് ലങ്ക ഭേദപ്പെട്ട സ്‌കോറില്‍ എത്തിയത്.

ഇംഗ്ലണ്ടിനു വേണ്ടി ക്രിസ് വോക്‌സ്, ഷോയിബ് ബഷീര്‍ എന്നിവര്‍ മൂന്നു വിക്കറ്റ് നേടിയപ്പോള്‍ ഗസ് ആറ്റ്കിന്‍സണ്‍ രണ്ട് വിക്കറ്റും മാര്‍ക്ക് വുഡ് ഒരു വിക്കറ്റും നേടി.

 

 

Content Highlight: England Struggling Against Sri Lanka In First Test