മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍ എന്ന നടന്‍. നാല് പതിറ്റാണ്ടിലധികമായി മലയാളസിനിമയുടെ നെടുംതൂണായി നില്‍ക്കുന്ന താരം പകര്‍ന്നാടാത്ത വേഷങ്ങളില്ല. ഏത് തരം കഥാപാത്രവും അനായാസമായി ചെയ്യാന്‍ കഴിയു്‌നന മോഹന്‍ലാല്‍ ഒരുപാട് പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. താരത്തിന്റെ മുണ്ട് മടക്കിക്കുത്തലിന് പ്രത്യേക ഫാന്‍ ബേസ് തന്നെയുണ്ട്.
എന്നാല്‍ സ്റ്റൈലിഷ് വേഷങ്ങള്‍ മോഹന്‍ലാലിന് ചേരില്ലെന്നാണ് വിമര്‍ശകര്‍ പലപ്പോഴും അഭിപ്രായപ്പെടുന്നത്. സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലെ ചില സ്റ്റില്ലുകള്‍ അവര്‍ ഇതിനായി ഉപയോഗിക്കുന്നുണ്ട്. ഇപ്പോഴിതാ വിമര്‍ശകരുടെ വായടപ്പിക്കുന്ന തരത്തില്‍ സ്റ്റൈലിഷ് ലുക്കില്‍ മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് എമ്പുരാന്റെ അണിയറപ്രവര്‍ത്തകര്‍.
ചിത്രത്തിന്റെ സെറ്റില്‍ സ്റ്റൈലിഷായി പ്രത്യക്ഷപ്പെട്ട മോഹന്‍ലാലിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ ചൂടുപിടിപ്പിക്കുന്നത്. മരുഭൂമിയില്‍ ഖുറേഷി അബ്രാമിന്റെ ഗെറ്റപ്പില്‍ വരുന്ന മോഹന്‍ലാലിന്റെ ഫോട്ടോസ് ഇതിനോടകം വൈറലായിക്കഴിഞ്ഞു. മോഹന്‍ലാലിന്റെ മാത്രമല്ല, പൃഥ്വിരാജിന്റെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
സയേദ് മസൂദ് എന്ന ഹിറ്റ്മാന്‍ തലവനായി പൃഥ്വിരാജ് എത്തുമ്പോള്‍ ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന സ്വര്‍ണ നെക്‌സസിന്റെ തലവനായ ഖുറേഷി അബ്രാമായാണ് മോഹന്‍ലാല്‍ അവതരിക്കുന്നത്. ലൂസിഫറിന്റെ ഒടുവില്‍ വെറും രണ്ട് മിനിറ്റ് മാത്രം വന്നുപോകുന്ന ഖുറേഷി അബ്രാമിന്റെ കഥയാണ് എമ്പുരാന്‍ പറയുന്നത്.
എന്നാല്‍ ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകളില്‍ ഏറെ ചര്‍ച്ചയായത് സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ഗെറ്റപ്പില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററാണ്. ഇനി രാഷ്ട്രീയത്തിലേക്കില്ലെന്ന് പറഞ്ഞ് പോയ സ്റ്റീഫന്റെ തിരിച്ചുവരവ് തിയേറ്ററുകളെ ഇളക്കിമറിക്കുമെന്ന് ഉറപ്പാണ്. ടീസറില്‍ കാണിച്ച ഫോറസ്റ്റ് ഫൈറ്റിലും മുണ്ടുടുത്താണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നത്.
അതേസമയം ഒരാഴ്ചയോളം നിന്നുപോയ പ്രൊമോഷന്‍ പതിന്മടങ്ങ് ശക്തിയോടെ ആരംഭിച്ചിരിക്കുകയാണ് എമ്പുരാന്റെ ടീം. ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് വമ്പന്‍ ടീമുകളാണ്. നോര്‍ത്തില്‍ അനില്‍ തടാനിയുടെ എ.എ. ഫിലിംസും ആന്ധ്രയില്‍ ദില്‍ രാജുവിന്റെ എസ്.വി.സി. ഫിലിംസുമാണ് എമ്പുരാന്‍ വിതരണം ചെയ്യുന്നത്. വരും ദിവസങ്ങളില്‍ ചിത്രത്തിന്റെ ഗ്രാന്‍ഡ് ട്രെയ്‌ലര്‍ ലോഞ്ച് ഉണ്ടാകുമെന്നാണ് കരുതുന്നത്.
Content Highlight: Empuraan movie exclusive stills out now