300ന് മുകളില്‍ ഫാന്‍സ് ഷോ നടത്തുന്ന മൂന്നാമത്തെ മലയാളചിത്രമായി എമ്പുരാന്‍, മോഹന്‍ലാല്‍വുഡ് എന്ന് പറയുന്നത് വെറുതേയല്ല
Entertainment
300ന് മുകളില്‍ ഫാന്‍സ് ഷോ നടത്തുന്ന മൂന്നാമത്തെ മലയാളചിത്രമായി എമ്പുരാന്‍, മോഹന്‍ലാല്‍വുഡ് എന്ന് പറയുന്നത് വെറുതേയല്ല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 19th March 2025, 3:50 pm

മലയാളക്കര ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. ഓണ്‍ലൈനിലും ഓഫ്‌ലൈനിലും എമ്പുരാന്‍ മാത്രമാണ് ട്രെന്‍ഡായി നില്‍ക്കുന്നത്. മലയാളത്തിലെ കളക്ഷന്‍ റെക്കോഡുകള്‍ ഒന്നുപോലും വിടാതെ എമ്പുരാന്‍ തകര്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ആരാധകരും ന്യൂട്രല്‍സും ഒരുപോലെ കാത്തിരിക്കുന്ന ചിത്രത്തിനെ വരവേല്ക്കാന്‍ തിയേറ്ററുകള്‍ ഇതിനോടകം ഒരുങ്ങിക്കഴിഞ്ഞു.

ഇതുവരെ 320 ഫാന്‍സ് ഷോ എമ്പുരാനായി കേരളത്തില്‍ ചാര്‍ട്ട് ചെയ്തുകഴിഞ്ഞു. 300ന് മുകളില്‍ ഫാന്‍സ് ഷോ ചാര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ മാത്രം മലയാളചിത്രമാണ് എമ്പുരാന്‍. ഈ ലിസ്റ്റിലുള്ള മറ്റ് മലയാള ചിത്രങ്ങള്‍ ഒടിയനും മരക്കാറുമാണെന്ന് അറിയുമ്പോള്‍ മോഹന്‍ലാല്‍ എന്ന നടന്റെ ഫാന്‍സ് പവര്‍ എത്രത്തോളമുണ്ടെന്ന് മനസിലാകും.

മറ്റ് നടന്മാര്‍ 100 ഫാന്‍സ് ഷോ നടത്താന്‍ പാടുപെടുമ്പോഴാണ് ഇവിടെ മോഹന്‍ലാല്‍ മൂന്ന് വട്ടം 300 എന്ന മാന്ത്രികസംഖ്യ തൊടുന്നത്. മോഹന്‍ലാലിന് തൊട്ടുപിന്നിലുള്ളത് വിജയ്‌യാണ്. വിജയ് ചിത്രങ്ങളായ ലിയോയും ബീസ്റ്റും 350 ഫാന്‍സ് ഷോക്ക് മുകളില്‍ കേരളത്തില്‍ നടത്തിയിട്ടുണ്ട്. എമ്പുരാന്‍ ആദ്യദിനം 500ന് മുകളില്‍ ഫാന്‍സ് ഷോ നടത്താന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്.

ഫുള്‍ പോസിറ്റീവ് റിവ്യൂവാണ് എമ്പുരാന് ലഭിക്കുന്നതെങ്കില്‍ ലിയോ കൈയടക്കിവെച്ചിരിക്കുന്ന ഫസ്റ്റ് ഡേ കളക്ഷന്‍ റെക്കോഡ് മലയാളത്തിന്റെ മോഹന്‍ലാല്‍ തന്റെ പേരിലാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും എമ്പുരാന്‍ പ്രദര്‍ശിപ്പിക്കുമെങ്കിലും ഷോ കൗണ്ട് ആദ്യദിന കളക്ഷനില്‍ വലിയൊരു ഇംപാക്ട് ഉണ്ടാക്കും.

700ലധികം തിയേറ്ററുകളില്‍ ആദ്യദിനം നാലായിരത്തിലധികം ഷോ കളിച്ച ലിയോയെ അതിനെക്കാള്‍ ഷോ ഉണ്ടെങ്കില്‍ മാത്രമേ എമ്പുരാന് മറികടക്കാനാകൂ. രാവിലെ ആറ് മണിക്കാണ് പല തിയേറ്ററുകളിലും എമ്പുരാന്റെ ആദ്യപ്രദര്‍ശനം. ചിത്രത്തിന്റെ ട്രെയ്‌ലര്‍ നാളെ ഉച്ചക്ക് ഒരു മണിക്ക് പുറത്തിറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ആറ് രാജ്യങ്ങളിലായി 150 ദിവസത്തോളം നീണ്ടുനിന്ന ഷൂട്ടായിരുന്നു എമ്പുരാന് ഉണ്ടായിരുന്നത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായി ഒരുങ്ങുന്ന എമ്പുരാന്‍ പാന്‍ ഇന്ത്യന്‍ റിലീസായാണ് എത്തുക. ഐമാക്‌സ് ഫോര്‍മാറ്റിലെത്തുന്ന ആദ്യ മലയാളചിത്രം കൂടിയാണ് എമ്പുരാന്‍. മാര്‍ച്ച് 27നാണ് എമ്പുരാന്‍ തിയേറ്ററുകളിലെത്തുന്നത്.

Content Highlight: Empuraan movie charted more than 300 fans shows till now