കേരള ബോക്‌സ് ഓഫീസിലെ ഏറ്റവും വലിയ താരമാരാണെന്ന കാര്യത്തില്‍ പലപ്പോഴും തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ട്. എത്ര മോശം റിവ്യൂ കിട്ടിയാലും ബോക്‌സ് ഓഫീസ് നമ്പറില്‍ അത് അറിയാക്കാതിരിക്കുന്നവരാണ് മറ്റ് ഇന്‍ഡസ്ട്രിയിലെ നടന്മാരുടെ ആരാധകര്‍. എന്നാല്‍ കേരളത്തില്‍ മികച്ച അഭിപ്രായം കിട്ടിയാല്‍ മാത്രമേ എത്ര വലിയ താരത്തിന്റെ സിനിമയായാലും പ്രേക്ഷകര്‍ അംഗീകരിക്കുള്ളൂ.
എന്നാല്‍ ഫാന്‍സ് ഷോയുടെ കാര്യത്തില്‍ പലപ്പോഴും ഇത് സംഭവിക്കാറില്ല. കേരളത്തില്‍ ഏറ്റവുമധികം ഫാന്‍സ് ഷോ സംഘടിപ്പിച്ച നടന്മാരുടെ ലിസ്റ്റില്‍ ആദ്യ അഞ്ചില്‍ മോഹന്‍ലാലും വിജയ്‌യും മാത്രമേയുള്ളൂ. മറ്റൊരു നടനും ഇവരുടെ ആരാധകര്‍ സംഘടിപ്പിച്ചതിന്റെ പകുതി പോലും ഫാന്‍സ് ഷോ സംഘടിപ്പിക്കാന്‍ സാധിച്ചിട്ടില്ലെന്ന് അറിയുമ്പോള്‍ അവരുടെ സ്റ്റാര്‍ഡം എത്രമാത്രം വലുതാണെന്ന് മനസിലാകും.
നിലവില്‍ കേരളത്തില്‍ ഏറ്റവുമധികം ഫാന്‍സ് ഷോ സംഘടിപ്പിച്ചത് വിജയ് ആരാധകരാണ്. 2022ല്‍ പുറത്തിറങ്ങിയ ബീസ്റ്റാണ് കേരളത്തില്‍ ഏറ്റവുമധികം ഫാന്‍സ് ഷോ സംഘടിപ്പിച്ച ചിത്രം. 421 ഫാന്‍സ് ഷോയാണ് വിജയ് ആരാധകര്‍ ബീസ്റ്റിനായി ഒരുക്കിയത്. എന്നാല്‍ ഈ റെക്കോഡിന് അധികം ആയുസ്സുണ്ടാകില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്ന വിവരം.
മലയാളസിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമായി ഒരുങ്ങുന്ന എമ്പുരാന്‍ ബീസ്റ്റിന്റെ റെക്കോഡ് മറികടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റിലീസിന് ഒന്നരമാസത്തിലധികം ബാക്കിനില്‍ക്കവെ 150 ഫാന്‍സ് ഷോ എമ്പുരാനായി ചാര്‍ട്ട് ചെയ്തുകഴിഞ്ഞു. കേരളത്തില്‍ പുലര്‍ച്ചെ നാല് മണിക്ക് എമ്പുരാന്റെ ആദ്യ ഷോ ആരംഭിക്കുമെന്നാണ് പല സിനിമാപേജുകളും പറയുന്നത്.
റിലീസ് ദിവസമാകുമ്പോഴേക്ക് 450ന് മുകളില്‍ ഫാന്‍സ് ഷോ എമ്പുരാന് വേണ്ടി ഒരുങ്ങുമെന്നാണ് കരുതുന്നത്. കേരളത്തിലെ പല തിയേറ്ററുകളും ഇതിനോടകം എമ്പുരാനെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ബീസ്റ്റിന് തൊട്ടുപിന്നിലുള്ളത് മോഹന്‍ലാല്‍ ചിത്രം ഒടിയനാണ്. 409 ഫാന്‍സ് ഷോയാണ് ഒടിയന് വേണ്ടി ഒരുങ്ങിയത്. ഒരു മലയാളസിനിമക്ക് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവുമുയര്‍ന്ന ഫാന്‍സ് ഷോ നമ്പറാണിത്. എമ്പുരാന്‍ ഒടിയനെ മറികടക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.
ലിസ്റ്റില്‍ ബാക്കിയുള്ള ചിത്രങ്ങള്‍ മൂന്നും വിജയ് യുടേതാണ്. ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടിലൊരുങ്ങിയ ലിയോ (400), അറ്റ്‌ലീ സംവിധാനം ചെയ്ത ബിഗില്‍ (308), സര്‍ക്കാര്‍ (278) എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. മാര്‍ച്ച് 27ന് എമ്പുരാന്‍ തിയേറ്ററുകളിലെത്തുന്നതോടെ കേരള ബോക്‌സ് ഓഫീസിന്റെ രാജാവാരാണെന്ന് മനസിലാകും. നിലവില്‍ ലിയോ ആണ് കേരളത്തില്‍ ഏറ്റവുമുയര്‍ന്ന ആദ്യദിന കളക്ഷന്‍ നേടിയ ചിത്രം. എമ്പുരാന്‍ ലിയോയെ മറികടക്കുമോ എന്നതാണ് ഇപ്പോഴത്തെ ചോദ്യം.
Content Highlight: Empuraan Fans show count crossed 150 in Kerala