മോഹന്‍ലാലിന്റെ മോളിവുഡെന്ന് ചുമ്മാ പറയുന്നതല്ല, വേള്‍ഡ്‌വൈഡായാലും കേരളത്തിലായാലും ഈ കളക്ഷന്‍ ഇനി തകര്‍ക്കാന്‍ പുള്ളി തന്നെ വിചാരിക്കണം
Entertainment
മോഹന്‍ലാലിന്റെ മോളിവുഡെന്ന് ചുമ്മാ പറയുന്നതല്ല, വേള്‍ഡ്‌വൈഡായാലും കേരളത്തിലായാലും ഈ കളക്ഷന്‍ ഇനി തകര്‍ക്കാന്‍ പുള്ളി തന്നെ വിചാരിക്കണം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 28th March 2025, 10:33 am

കാത്തിരിപ്പിനൊടുവില്‍ എമ്പുരാന്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മലയാളസിനിമാചരിത്രത്തിലെ ഏറ്റവും വലിയ റിലീസാണ് എമ്പുരാന് ലഭിച്ചത്. ബുക്കിങ് ആരംഭിച്ച ദിവസം തൊട്ട് പല കളക്ഷന്‍ റെക്കോഡുകളും എമ്പുരാന്‍ തകര്‍ത്തിരുന്നു. ആദ്യദിന കളക്ഷനില്‍ ലിയോ എന്ന അന്യഭാഷാചിത്രം കേരളത്തില്‍ നിന്ന് നേടിയ കളക്ഷന്‍ മറികടക്കുമോ എന്നായിരുന്നു പലരും സംശയിച്ചിരുന്നത്.

എന്നാല്‍ റിലീസിന് മണിക്കൂറുകള്‍ ബാക്കിയുള്ളപ്പോള്‍ പ്രീ സെയിലിലൂടെ ലിയോയുടെ ഫസ്റ്റ് ഡേ കളക്ഷന്‍ എമ്പുരാന്‍ മറികടന്നിരുന്നു. ലിയോ നേടിയ 12 കോടി ബുക്കിങ്ങിലൂടെ മറികടന്ന് 12.3 കോടിയാണ് എമ്പുരാന്‍ സ്വന്തമാക്കിയത്. ആദ്യദിനം ഭൂരിഭാഗം റിലീസ് കേന്ദ്രങ്ങളിലും ലേറ്റ് നൈറ്റ് ഷോകളും ചാര്‍ട്ട് ചെയ്യപ്പെട്ടു.

516 ലേറ്റ് നൈറ്റ് ഷോകളാണ് എമ്പുരാന്‍ നടത്തിയത്. മലയാളസിനിമാചരിത്രത്തില്‍ ഇത്രയും ലേറ്റ് നൈറ്റ് ഷോസ് കളിച്ച മറ്റൊരു ചിത്രമില്ല. 15 കോടിയാണ് ചിത്രം കേരളത്തില്‍ നിന്ന് മാത്രം സ്വന്തമാക്കിയത്. വേള്‍ഡ്‌വൈഡ് കളക്ഷനില്‍ 65 കോടിയാണ് എമ്പുരാന്‍ നേടിയത്. മലയാളത്തില്‍ ഇനി അടുത്തെങ്ങും ഒരു സിനിമയും ഈ റെക്കോഡ് തകര്‍ക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

മലയാളത്തിലെ ഫസ്റ്റ് ഡേ കളക്ഷനില്‍ പലതും മോഹന്‍ലാലിന്റെ ചിത്രങ്ങളാണ്. ഹര്‍ത്താല്‍ ദിനത്തില്‍ റിലീസ് ചെയ്ത ഒടിയന്‍ കേരളത്തില്‍ നിന്ന് മാത്രം ഏഴ് കോടിക്ക് മുകളില്‍ നേടിയിരുന്നു. മരക്കാര്‍, ലൂസിഫര്‍ എന്നീ ചിത്രങ്ങളും ആറ് കോടിയോളം സ്വന്തമാക്കിയിരുന്നു. ഒടിയന്റെ ഫസ്റ്റ് ഡേ കളക്ഷന്‍ ഡബിള്‍ മാര്‍ജിനില്‍ തകര്‍ത്താണ് മോഹന്‍ലാല്‍ തന്റെ സിംഹാസനം തിരികെ നേടിയത്.

ആദ്യ വീക്കെന്‍ഡില്‍ തന്നെ ചിത്രം 100 കോടിക്കടുത്ത് സ്വന്തമാക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ആദ്യദിനം അമ്പത് കോടി നേടിയ ആദ്യമലയാളസിനിമ കൂടിയാണ് എമ്പുരാന്‍. മലയാളത്തിലെ ആദ്യത്തെ 50,100 കോടി സിനിമകള്‍ മോഹന്‍ലാലിന്റെ പേരില്‍ തന്നെയാണ്. ഇന്‍ഡസ്ട്രിയിലെ ഏറ്റവും വലിയ ബ്രാന്‍ഡായി മാറിയ മോഹന്‍ലാല്‍ എമ്പുരാനിലൂടെ തന്റെ സ്റ്റാര്‍ഡം ആര്‍ക്കും തൊടാന്‍ പറ്റാത്ത തരത്തില്‍ ഉയര്‍ത്തിയിരിക്കുകയാണ്.

വന്‍ ബജറ്റിലെത്തിയ ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. മൂന്നാം ഭാഗത്തിന് സൂചന നല്‍കിക്കൊണ്ടാണ് എമ്പുരാന്‍ അവസാനിക്കുന്നത്. മോഹന്‍ലാലിന് പുറമെ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ജെറോം ഫ്‌ളിന്, അഭിമന്യു സിങ് തുടങ്ങി വന്‍ താരനിര എമ്പുരാനില് അണിനിരക്കുന്നുണ്ട്. ആശീര്‍വാദ് സിനിമാസും ലൈക്ക പ്രൊഡക്ഷന്‍സും ശ്രീ ഗോകുലം മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

Content Highlight: Empuraan becomes the highest  first day collection movie in Malayalam