മലയാളത്തിന്റെ മഹാ സിനിമ എമ്പുരാന്‍ വിവാദങ്ങള്‍ക്കിടയിലും വിജയകുതിപ്പ് തുടരുകയാണ്. ബുക്ക് മൈ ഷോ ടിക്കറ്റ് ബുക്കിങ് പ്ലാറ്റഫോമിലൂടെ ആദ്യ ദിവസം ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിട്ടുപോയ ഇന്ത്യന്‍ സിനിമയായി മാറാന്‍ എമ്പുരാന് കഴിഞ്ഞിരുന്നു. രണ്ടുദിവസം കൊണ്ടുതന്നെ 100 കോടി ക്ലബ്ബിലും ചിത്രം കയറിയിരുന്നു.
മോളിവുഡില്‍ ആദ്യദിനം തന്നെ 50 കോടി നേടിയ ആദ്യചിത്രം എന്ന നേട്ടത്തോടെയാണ് എമ്പുരാന്‍ തുടങ്ങിയത്. കേരളത്തിലെ ഏറ്റവുമുയര്‍ന്ന ആദ്യദിന കളക്ഷന്‍ എന്ന നേട്ടം സ്വന്തമാക്കിയ എമ്പുരാന്‍ വീക്കെന്‍ഡ് കളക്ഷനിലും ഒന്നാം സ്ഥാനത്താണ്.
ഏറ്റവും വേഗത്തില്‍ 50, 100, 150 കോടി ക്ലബ്ബുകളില്‍ ഇടംനേടിയ ചിത്രം ഇപ്പോഴിതാ 200 കോടിയും പിന്നിട്ട് മുന്നോട്ട് കുതിക്കുകയാണ്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് 200 കോടി ക്ലബ്ബിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്. 200 കോടി കളക്ഷന്‍ നേടുന്ന രണ്ടാമത്തെ മാത്രം മലയാളചിത്രമാണ് എമ്പുരാന്‍.
ഇതോടെ ഇന്ത്യന്‍ സിനിമയിലെ തന്നെ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വീക്കെന്‍ഡ് കളക്ഷന്‍ നേടാന്‍ എമ്പുരാന് കഴിഞ്ഞു. ബോളിവുഡില്‍ നിന്നും ഈ വര്‍ഷം പുറത്തുവന്ന വിക്കി കൗശല്‍ ചിത്രം ഛാവയുടെ വീക്കെന്‍ഡ് കളക്ഷന്‍ റെക്കോര്‍ഡാണ് പൃഥ്വിയും മുരളി ഗോപിയും തകര്‍ത്തത്. ഫെബ്രുവരി 14 വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രം 164.75 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ നിന്നും ആദ്യവാരം നേടിയത്. മാര്‍ച്ച് 27 ന് തിയേറ്ററുകളിലെത്തി എമ്പുരാനാകട്ടെ വീക്കെന്‍ഡ് കഴിഞ്ഞപ്പോള്‍ 174 കോടി രൂപ നേടി.
എന്നാല്‍ എമ്പുരാന്റെ വിവാദങ്ങള്‍ ഇനിയും അടങ്ങിയിട്ടില്ല. മോഹന്‍ലാലിനും പൃഥ്വിരാജിനും മുരളി ഗോപിക്കും എതിരെ നടക്കുന്ന തീവ്ര വലതുപക്ഷശക്തികളുടെ സൈബര്‍ ആക്രമണം തുടരുകയാണ്. ചിത്രത്തിന്റെ റീ എഡിറ്റഡ് വേര്‍ഷന്‍ ഇന്ന് തിയേറ്ററുകളിലെത്തും എന്നാണ് റിപ്പോര്‍ട്ട്.