ലോകഃ സിനിമയുടെ എഡിറ്റിങ്ങിനെ കുറിച്ചും കട്ട് ചെയ്ത് പോയ ചില സീനുകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് എഡിറ്റര്‍ ചമന്‍ ചാക്കോ. ഒരേ കാര്യം ഒന്നിലേറെ തവണ ആവര്‍ത്തിക്കുമെന്ന് തോന്നുന്ന ഇടങ്ങളിലാണ് പലപ്പോഴും കട്ട് വരാറെന്ന് ചമന്‍ ചാക്കോ പറഞ്ഞു.
ഇഷ്ടപ്പെട്ട ചില സീനുകളൊക്കെ കട്ടായിപ്പോകുമ്പോള്‍ വിഷമമാണെന്നുംക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കവേ ചമന്‍ പറഞ്ഞു.
ലോകഃയില്‍ രണ്ട് ട്രാന്‍സിഷന്‍ ഉണ്ടെന്നും ആദ്യത്തെ സീനുകളൊക്കെ സ്‌ക്രിപ്റ്റില്‍ ഉള്ളത് അങ്ങനെ തന്നെ ഷൂട്ട് ചെയ്‌തെന്നും രണ്ടാമത്തെ ട്രാന്‍സിഷനില്‍ എഡിറ്റിങ് ഉണ്ടായിട്ടുണ്ടെന്നും ചമന്‍ പറഞ്ഞു.
‘കല്യാണിയുടെ കഥാപാത്രം കഫേയിലേക്ക് വരുന്നതും നസ്‌ലെന്‍ കാണുന്നതുമായിട്ടുള്ള ഒരു പ്രോപ്പര്‍ സീന്‍ തന്നെ ഉണ്ടായിരുന്നു. ലെങ്ത് വന്നതുകൊണ്ട് കട്ട് ചെയ്തുകളയേണ്ടി വന്നു. ആ ട്രാന്‍സിഷന്‍ തന്നെ മൊത്തത്തില്‍ കളഞ്ഞു. അത് ഇല്ലെങ്കില്‍ ശരിയാകുമോ എന്ന് തോന്നിയിരുന്നു. അവസാനം പാട്ടിന്റെ ഇടയിലേക്ക് ആ സീന്‍ തിരിച്ചുകൊണ്ടുവന്നു.
ഒരേ കാര്യം ഒന്നില്‍ കൂടുതല്‍ തവണ പറയുന്നതായിരിക്കും മിക്കപ്പോഴും നമ്മള്‍ കോമണ്‍ ആയി കട്ട് ചെയ്തുകളയുന്നത്.
ശരത് സഭയുടെ കഥാപാത്രം നാച്ചിയപ്പയ്ക്ക് ചന്ദ്രയെ കഫെയുടെ ഉള്ളില്‍ കാണിച്ചുകൊടുക്കുന്ന ഒരു സീനുണ്ട്. അതിന് ശേഷം നാച്ചിയപ്പയും ചന്ദ്രയുമായി കഫേയ്ക്ക് ഉള്ളില്‍ വെച്ച് ഒരു സംസാരമുണ്ട്. പിന്നെ നോക്കുമ്പോള്‍ ആ സീന്‍ ഇല്ലെങ്കിലും കഥ മുന്നോട്ടുപോകും.
പിന്നെ ഇവര്‍ ഫ്‌ളാറ്റില്‍ നടക്കുന്ന പാര്‍ട്ടിയില്‍ വെച്ചാണ് കാണുന്നത്. അപ്പോള്‍ വീണ്ടും ഇവര്‍ തമ്മില്‍ സംസാരമുണ്ട്. അങ്ങനെ നോക്കുമ്പോള്‍ കഫേയിലെ സീന്‍ ഇല്ലെങ്കിലും കുഴപ്പമില്ലെന്ന് തോന്നി. അങ്ങനെ അത് കളഞ്ഞു. സ്‌ക്രിപ്റ്റില്‍ അത് കറക്ടായിരിക്കും. എന്നാല്‍ എഡിറ്റില്‍ വരുമ്പോള്‍ അത് വേണ്ട എന്ന് നമുക്ക് മനസിലാകും.
പിന്നെ ഇതൊക്കെ സംവിധായകര്‍ സമ്മതിച്ചാലേ നമ്മള്‍ ചെയ്യുകയുള്ളൂ. ഞാന്‍ ആദ്യം എടുത്ത് കളയും. പക്ഷേ അവര്‍ നോക്കിയിട്ട്, എടാ അത് വേണമെന്ന് പറയും.
ഡൊമിനിക് ചേട്ടനൊക്കെ നമ്മുടെ ഭയങ്കര അടുത്ത ആളാണ്. നിങ്ങള്‍ ഒരു മൂന്ന് പോയിന്റ് പറ, ഞാന്‍ അതിന്റെ മൂന്ന് കൗണ്ടര്‍ പോയിന്റും പറയും. അതില്‍ ആരാണ് ജയിക്കുന്നതെന്ന് നോക്കിയിട്ട് അതിനനുസരിച്ച് ചെയ്യാമെന്ന് പറയും. അത്രയും അടുത്ത ആള്‍ക്കാരായതുകൊണ്ടാണ് അങ്ങനെയൊക്കെ പറയാന്‍ കഴിയുന്നത്,’ ചമന്‍ പറഞ്ഞു.
ഒരു സിനിമയുടെ വിജയവും പരാജയവും പ്രവചിക്കാന്‍ എഡിറ്റര്‍ക്ക് പറ്റുമെന്നും സംവിധായകനും എഡിറ്റര്‍ക്കുമാണ് മറ്റാരേക്കാളും ഒരു സിനിമയെ ജഡ്ജ് ചെയ്യാന്‍ കഴിയുകയെന്നും ചമന്‍ പറഞ്ഞു.
Content Highlight: Editor Chaman Chakko about Edited Scenes in Lokah Movie