സച്ചിനെക്കാള്‍ സ്‌ക്രീന്‍ ടൈം ആദിക്ക് കിട്ടുമെന്ന കാരണം കൊണ്ടാകുമോ നസ്‌ലെന്‍ പിന്മാറിയത്? എഡിറ്റര്‍ ആകാശ് ജോസഫിന്റെ അഭിമുഖത്തിന് പിന്നാലെ ചര്‍ച്ച
Malayalam Cinema
സച്ചിനെക്കാള്‍ സ്‌ക്രീന്‍ ടൈം ആദിക്ക് കിട്ടുമെന്ന കാരണം കൊണ്ടാകുമോ നസ്‌ലെന്‍ പിന്മാറിയത്? എഡിറ്റര്‍ ആകാശ് ജോസഫിന്റെ അഭിമുഖത്തിന് പിന്നാലെ ചര്‍ച്ച
അമര്‍നാഥ് എം.
Monday, 31st August 2026, 5:20 pm

ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ വന്‍ വിജയത്തിന് ശേഷം സംവിധായകന്‍ ഗിരീഷ് എ.ഡി നല്‍കിയ അഭിമുഖത്തിന് പിന്നാലെ സിനിമാപേജുകളില്‍ ആരംഭിച്ച ചര്‍ച്ചകള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. പ്രേമലു 2 ഡ്രോപ്പാകാനുള്ള കാരണത്തെക്കുറിച്ച് ഗിരീഷ് പറഞ്ഞ വാക്കുകള്‍ പലരും പരീതിയില്‍ വ്യാഖ്യാനിച്ചു. നായകനായ നസ്‌ലെന്‍ കാരണമാണ് ചിത്രം ഉപേക്ഷിക്കേണ്ടി വന്നതെന്നായിരുന്നു പ്രധാന വാദങ്ങള്‍.

ഗിരീഷ് എ.ഡിയെയും നസ്‌ലെനെയും പിന്തുണച്ചുകൊണ്ട് നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നസ്‌ലെനെ സ്റ്റാറാക്കിയത് ഗിരീഷാണെന്നും പ്രേമലു 2ല്‍ നിന്ന് പിന്മാറിയത് ശരിയല്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ഇഷ്ടമാകാത്ത സ്‌ക്രിപ്റ്റിന് ഓക്കെ പറയാത്തത് നന്നായെന്ന് മറ്റൊരു കൂട്ടവും അഭിപ്രായം പങ്കുവെച്ചു. ഇപ്പോഴിതാ എഡിറ്റര്‍ ആകാശ് ജോസഫിന്റെ ഇന്റര്‍വ്യൂവിന് പിന്നാലെ പുതിയ ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുകയാണ്.

യു.കെയിലെ ലൊക്കേഷന്‍ ഹണ്ടിങ്ങിനിടെയാണ് പ്രേമലു 2 ഡ്രോപ്പായ വിവരം താന്‍ അറിയുന്നതെന്ന് ആകാശ് പറഞ്ഞു. ക്രൂവിന് മുഴുവന്‍ പ്രതീക്ഷയുള്ള പ്രൊജക്ടായിരുന്നു അതെന്നും ആകാശ് പറയുന്നു. സച്ചിന്‍ യു.കെയില്‍ നിന്ന് തിരിച്ചുവരുന്നതും ആദി ജോലി രാജിവെച്ച് വേറൊരു പരിപാടിയുമായി വരുന്നു എന്നിങ്ങനെ ഒരുപാട് രസകരമായ കാര്യങ്ങള്‍ രണ്ടാം ഭാഗത്തിലുണ്ടായിരുന്നെന്നും ആകാശ് കൂട്ടിച്ചേര്‍ത്തു.

ഇതില്‍ ആദി എന്ന കഥാപാത്രത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. നായകനായ സച്ചിനെക്കാള്‍ സ്‌ക്രീന്‍ ടൈം വില്ലനായ ആദിക്ക് ലഭിക്കുമെന്ന കാരണം കൊണ്ടാകാം നസ്‌ലെന്‍ പിന്മാറിയതെന്ന് ഒരുകൂട്ടമാളുകള്‍ വാദിക്കുന്നു. സ്റ്റാര്‍ഡം സ്വന്തമാക്കി നില്‍ക്കുന്ന നസ്‌ലെന്‍ തന്റെ സ്‌ക്രീന്‍ ടൈമിന് പ്രാധാന്യം നല്‍കുന്നുണ്ടാകാമെന്നും ചില പോസ്റ്റുകളില്‍ പറയുന്നു.

എന്നാല്‍ ഇത്തരം വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് നസ്‌ലെനെ പിന്തുണക്കുന്നവര്‍ വാദിക്കുന്നുണ്ട്. സ്‌ക്രീന്‍ ടൈമിന് പ്രാധാന്യം നല്‍കുന്നയാളാണെങ്കില്‍ സൂര്യ 47, മട്ടാഞ്ചേരി മാഫിയ, ബാച്ച്‌ലര്‍ പാര്‍ട്ടി 2 എന്നീ ചിത്രങ്ങള്‍ക്ക് നസ്‌ലെന്‍ ഓക്കെ പറയില്ലെന്നാണ് കമന്റുകള്‍. ഈ സിനിമകളിലെല്ലാം സഹനടനായാണ് താരം വേഷമിടുന്നത്.

ചെറിയ വേഷങ്ങളിലൂടെ കരിയറാരംഭിച്ച് ഇന്ന് കേരളത്തിന് പുറത്തും ശ്രദ്ധ നേടിയ നടനാണ് നസ്‌ലെന്‍. വളരെ വേഗത്തില്‍ വലിയൊരു സ്റ്റാര്‍ഡം നേടിയ നസ്‌ലെനെതിരെ പലപ്പോഴായ സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രേമലു 2ന്റെ കാര്യത്തില്‍ ആരുടെ ഭാഗത്താണ് ന്യായമെന്ന് അറിയാതെയുള്ള ഇത്തരം ചര്‍ച്ചകള്‍ ഒരു കാര്യവുമില്ലാത്തതാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

Content Highlight: Editor Akash Joseph’s words about Premalu 2 viral in social media

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം