നല്ല സിനിമകളിലൂടെ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന അഭിനേതാക്കളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന ഇന്റസ്ട്രിയാണ് മലയാളത്തിലേത്. തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെ സിനിമയിലെത്തിയ നസ്‌ലെനും പതിനെട്ടാം പടിയിലൂടെ അരങ്ങേറ്റം കുറിച്ച സന്ദീപ് പ്രദീപും ഇന്ന് മലയാള സിനിമയില്‍ വലിയ മാര്‍ക്കറ്റ് വാല്യൂവുള്ള യുവതാരങ്ങളാണ്. സര്‍വ്വോപരി പാലാക്കാരനിലൂടെയെത്തി പ്രേമലുവിലൂടെ ശ്രദ്ധിക്കപ്പെട്ട് തമിഴില്‍ സജീവമാകുന്ന മമിത ബൈജുവും അനശ്വര രാജനും ലിസ്റ്റിലുണ്ട്.
വാഴ 2. Photo: IMDB
ഈ കൂട്ടത്തിലേക്കാണ് കഴിഞ്ഞയാഴ്ച്ച പുറത്തിറങ്ങിയ വാഴ 2 എന്ന ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്ത ഹാഷിറിന്റെ കടന്നുവരവ്. നായകനായെത്തിയ ആദ്യ ചിത്രത്തില്‍ തന്നെ നൂറുകോടിയെന്ന മറ്റാര്‍ക്കുമില്ലാത്ത നേട്ടം സ്വന്തമാക്കിയാണ് ഹാഷിര്‍ മലയാളത്തിലെ യുവതാരങ്ങള്‍ക്കിടയിലേക്കുള്ള വരവ് ഗംഭീരമാക്കുന്നത്. ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധേയനായ ഹാഷിറിനെ സിനിമയിലെ ഒരു താരമായും പ്രേക്ഷകര്‍ ഇതിനോടകം പരിഗണിച്ചു കഴിഞ്ഞു.
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ സമ്മര്‍ ഇന്‍ ബത്‌ലഹേമില്‍ നിലവിലെ മലയാളത്തിലെ യുവതാരങ്ങള്‍ അഭിനയിച്ചിരുന്നെങ്കില്‍ എങ്ങനെയായിരിക്കും എന്ന പോസ്റ്ററാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. കഴിഞ്ഞ് കുറച്ച് കാലങ്ങളായി സോഷ്യല്‍ മീഡിയയിലെ ട്രെന്‍ഡാണിതെങ്കിലും കൂട്ടത്തിലേക്ക് ഹാഷിറിനെ പ്ലേസ് ചെയ്ത രീതിയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.
ചിത്രത്തില്‍ ജയറാം അവതരിപ്പിച്ച രവിശങ്കറായി എഡിറ്റര്‍ കാസറ്റ് ചെയ്തിരിക്കുന്നത് നസ്‌ലെനെയാണെന്ന് കാണാം. ചിത്രത്തിലെ പ്രധാനകഥാപാത്രമായ സുരേഷ് ഗോപിയുടെ ഡെന്നീസായി സന്ദീപ് പ്രദീപും കലാഭവന്‍ മണി അവതരിപ്പിച്ച മോനായിയായി യുവതാരം മാത്യൂ തോമസുമുണ്ട്. എന്നാല്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചത് ഹാഷിറിന് നല്‍കിയ വേഷമാണ്. ചിത്രത്തില്‍ മലയാളികളുടെ പ്രിയ താരം മോഹന്‍ലാല്‍ അവതരിപ്പിച്ച കാമിയോ റോളായ നിരഞ്ജനായാണ് ഹാഷിര്‍ പ്രത്യക്ഷപ്പെടുന്നത്.
മഞ്ജു വാര്യര്‍ ഭംഗിയായി അവതരിപ്പിച്ച അഭിരാമിയായി യുവനടി അനശ്വര രാജനും സംഗീത അവതരിപ്പിച്ച ജ്യോതിയായി മമിത ബൈജുവും പോസ്റ്ററിലുണ്ട്. ചിത്രത്തില്‍ ഹാഷിറിനെ മോഹന്‍ലാലിന്റെ റോളിലേക്ക് പരിഗണിച്ചതിന് വലിയ പ്രശംസയാണ് കമന്റ് ബോക്‌സുകളില്‍ ലഭിക്കുന്നത്. ഇന്നായിരുന്നു സിനിമ വരുന്നതെങ്കില്‍ ഹാഷിറിനെ പോലെ ക്രൗഡ് പുള്ളറായ ഒരാള്‍ തന്നെയാണ് ഈ റോളിലേക്ക് വരേണ്ടതെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.
Content Highlight: Edited poster of Summer In Bethlehem with Malayalam young stars goes viral
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.