ന്യൂദല്‍ഹി: ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്(ഫെമ) ലംഘനം ആരോപിച്ച് വേദാന്ത ഗ്രൂപ്പുമായി ബന്ധപ്പെട്ട ഓഫീസുകളിലും മറ്റിടങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്(ഇ.ഡി) റെയ്ഡ്. ഖനന വ്യവസായ രംഗത്തെ വമ്പന്‍മാരായ വേദാന്തയുടെ മാതൃസ്ഥാപനമായ വേദാന്ത റിസോഴ്‌സസിന് നല്‍കിയ റോയല്‍റ്റി തുകയുമായി ബന്ധപ്പെട്ടാണ് നടപടിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വ്യവസായി അനില്‍ അഗര്‍വാളാണ് വേദാന്തയുടെ പ്രൊമോട്ടര്‍. റെയ്ഡ് നടന്ന ഇടങ്ങളില്‍ വേദാന്തയുടെ ദല്‍ഹി, മുംബൈ എന്നിവിടങ്ങളിലെ ഓഫീസുകളും ഉള്‍പ്പെടുന്നു. ഇ.ഡി റെയ്ഡ് നടനന്നതായി വേദാന്ത അധികൃതരുടെ സ്ഥിരീകരണവും പുറത്തുവന്നിരുന്നു.

തിങ്കളാഴ്ചയോടെയാണ് വേദാന്തയ്‌ക്കെതിരായ നടപടികള്‍ ആരംഭിച്ചതെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. സ്ഥാപനത്തിനെതിരെ അന്വേഷണം ആരംഭിച്ചതിന് പിറകെയാണ് റെയ്ഡ് നടത്തിയതെന്ന് ഇ.ഡി. ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാന്‍ഡേഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അന്വേഷണത്തോട് തങ്ങള്‍ പൂര്‍ണമായും സഹകരിക്കുന്നതായി വേദാന്ത വക്താവ് പ്രതികരിച്ചു. ‘തങ്ങള്‍ അധികൃതരോട് പൂര്‍ണമായും സഹകരിക്കുന്നുണ്ട്. അവര്‍ ആവശ്യപ്പെട്ട രേഖകളെല്ലാം കൈമാറിയിട്ടുണ്ട്,’ വേദാന്ത വക്താവ് പറഞ്ഞു.

നിയമങ്ങളോടും ചട്ടങ്ങളോടുമുള്ള കമ്പനിയുടെ പ്രതിജ്ഞാബദ്ധത തുടരും. നിലവില്‍ നടപടികള്‍ തുടരുന്നതിനാല്‍ ഈ ഘട്ടത്തില്‍ കൂടുതലൊന്നും പറയാന്‍ സാധിക്കില്ലെന്നും വേദാന്ത വക്താവ് വ്യക്തമാക്കി.

അതേസമയം, വേദാന്തയ്‌ക്കെതിരായ നടപടിക്ക് കാരണം പാപ്പരായ ജേപീ ഇന്‍ഫ്രയുടെ ആസ്തികള്‍ അദാനി ഗ്രൂപ്പ് ലേലത്തില്‍ പിടിച്ചതിനെതിരെ അനില്‍ അഗര്‍വാള്‍ സുപ്രീംകോടതിയെ സമീപിച്ചതാണെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം നടന്ന ജേപീ ഇന്‍ഫ്ര ആസ്തി ലേലത്തില്‍ വേദാന്ത ഗ്രൂപ്പും പങ്കെടുത്തിരുന്നു. ഉയര്‍ന്ന തുക ക്വോട്ട് ചെയ്ത വേദാന്ത ലേലം പിടിച്ചതായി സന്ദേശം ലഭിച്ചിരുന്നുവെന്നും എന്നാല്‍ അദാനി ഗ്രൂപ്പിന് അനുകൂലമായി ഇതില്‍ തിരിമറി നടത്തിയെന്നും 2025 സെപ്തംബറില്‍ അനില്‍ അഗര്‍വാള്‍ സാമൂഹ്യ മാധ്യമ പോസ്റ്റില്‍ ആരോപിച്ചിരുന്നു. തുടര്‍ന്നായിരുന്നു അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്.

അദാനിയെ പേരെടുത്ത് പറയാതെയായിരുന്നു അഗര്‍വാളിന്റെ അന്നത്തെ ഫേസ്ബുക്ക് പോസ്റ്റ്. 17000 കോടി രൂപയ്ക്ക് അദാനി ഗ്രൂപ്പിന്റെ ആസ്തികള്‍ക്കായുള്ള ലേലം വേദാന്ത ഗ്രൂപ്പ് നേടുന്നതിന്റെ വീഡിയോയും സാമൂഹ്യ മാധ്യമമായ എക്‌സില്‍ അന്ന് അഗര്‍വാള്‍ പങ്കുവച്ചിരുന്നു.

ഇപ്പോഴത്തെ റെയ്ഡിന് കാരണം അന്ന് അദാനിക്കെതിരെ വേദാന്ത സുപ്രീംകോടതിയെ സമീപിച്ചതെന്ന് ആരോപിച്ചുള്ള പോഡ്കാസ്റ്റുകളും യൂട്യൂബ് വീഡിയോകളും ഇപ്പോള്‍ വരുന്നുണ്ട്. ഫെയ്‌സ്ബുക്ക്, എക്‌സ് പോലുള്ള സമൂഹ മാധ്യമങ്ങളിലും ഇത്തരത്തിലുള്ള പോസ്റ്റുകള്‍ വരുന്നുണ്ട്.

Content Highlight: ED raids Vedanta offices in FEMA investigation