ആ യാത്രക്കിടയിൽ മമ്മൂക്ക എന്നോടൊരു ചോദ്യം ചോദിച്ചു, എൻ്റെ ഉത്തരം കേട്ട് അദ്ദേഹം കയ്യടിച്ചു: നിർമാതാവ് രഞ്ജിത്ത്
Entertainment
ആ യാത്രക്കിടയിൽ മമ്മൂക്ക എന്നോടൊരു ചോദ്യം ചോദിച്ചു, എൻ്റെ ഉത്തരം കേട്ട് അദ്ദേഹം കയ്യടിച്ചു: നിർമാതാവ് രഞ്ജിത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 6th May 2025, 12:55 pm

മലയാള സിനിമാരംഗത്ത് 35വർഷത്തോളമായി നിലനിൽക്കുന്ന നിർമാണക്കമ്പനിയാണ് രജപുത്ര. ഒട്ടേറെ സിനിമകൾ നിർമിക്കുകയും വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട് രജപുത്ര. എം. രഞ്ജിത്താണ് രജപുത്രയുടെ ഉടമസ്ഥൻ. മോഹൻലാലിനെ വെച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും ആണ് അവസാനമായി റിലീസ് ചെയ്ത ചിത്രം. ഇപ്പോൾ മമ്മൂട്ടിയെക്കുറിച്ച് സംസാരിക്കുകയാണ് രഞ്ജിത്ത്.

രജപുത്രയുടെ ബാനറിൽ മമ്മൂട്ടിയുടെ ചിത്രം വേണമെന്ന് അത്ര ആഗ്രഹമുള്ള കാര്യമാണെന്നും കളിയൂഞ്ഞാൽ എന്ന സിനിമയിലാണ് താനും മമ്മൂട്ടിയും അടുക്കുന്നതെന്നും രഞ്ജിത്ത് പറയുന്നു. പല സിനിമകളും തന്നെ തിരക്കി വന്നത് മമ്മൂക്ക പറഞ്ഞിട്ടാണെന്നും തങ്ങൾ നിരന്തരം യാത്രകൾ ചെയ്യുമായിരുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു.

അങ്ങനെ പോകുമ്പോൾ ഒരു ദിവസം മമ്മൂട്ടി തന്നോട് ഒരു ചോദ്യം ചോദിച്ചിരുന്നുവെന്നും അതിന് താൻ പറഞ്ഞ മറുപടി കേട്ട് കാറോടിക്കുകയായിരുന്ന മമ്മൂട്ടി കയ്യടിച്ചുവെന്നും രഞ്ജിത്ത് പറയുന്നു.

താൻ തിരിച്ച് സിനിമയിലേക്ക് വരുമെന്നും നിർമാതാവ് ആകുമെന്നും അന്ന് മമ്മൂട്ടി പറഞ്ഞിരുന്നുവെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു. കാൻ ചാനൽ മീഡിയയോട് സംസാരിക്കുകയായിരുന്നു രഞ്ജിത്ത്.

‘ഈ ബാനറിൽ മമ്മൂക്കയുടെ സിനിമ വേണം. അത് അത്ര ആഗ്രഹമുള്ള കാര്യമാണ്. ഒരു സ്റ്റേജിൽ മമ്മൂക്കയും ഞാനും കൂടിനിന്ന് സംസാരിച്ചിട്ടുണ്ട്. കളിയൂഞ്ഞാൽ എന്ന സിനിമയിലാണ് ഞാനും മമ്മൂക്കയും ഒരുമിച്ച് വർക്ക് ചെയ്യുന്നത്. ഞാൻ അന്നും എന്നും എത്ര സാമ്പത്തികപ്രശ്നമുണ്ടായാലും വളരെ നീറ്റായിട്ടേ നടക്കുകയുള്ളു. അത് മമ്മൂക്കക്ക് ഇഷ്ടമാണ്.

 

ആ സിനിമയിൽ വെച്ച് നമ്മൾ കൂടുതൽ അടുക്കുന്നു. മമ്മൂക്ക അന്ന് മദ്രാസിലാണ് താമസം. പിന്നെ കുറെക്കാലം മമ്മൂക്കയാണ് എന്നെ സപ്പോർട്ട് ചെയ്തത്. പല സിനിമകളും എന്നെ തിരക്കി വരുന്നത് മമ്മൂക്ക പറഞ്ഞിട്ടാണെന്ന് അറിയാം. ഞങ്ങൾ നിരന്തരം യാത്രകൾ ചെയ്യുമായിരുന്നു. അങ്ങനെ പോകുമ്പോൾ ഒരു ദിവസം മമ്മൂക്ക എന്നോട് ഒരു ചോദ്യം ചോദിച്ചു.

‘നിർമാതാവായിരുന്നു അതിന് മുമ്പ് ജോലിയുണ്ടായിരുന്നു. ഇതാക്കെ കഴിഞ്ഞിട്ട് വിതരണക്കാരനുമായി. സിനിമയൊക്കെ പരാജയപ്പെട്ടു. ഇന്ന് ഒരു പ്രൊഡക്ഷൻ കണ്ട്രോളറായി ജോലി ചെയ്യുമ്പോൾ എന്തായാലും ഉള്ളിൻ്റെ ഉള്ളിൽ ഒരു വിഷമം ഉണ്ടാകും’ എന്ന്.

അപ്പോൾ ഞാൻ പറഞ്ഞു, ‘പത്തനംതിട്ട അനുരാഗ് തിയേറ്ററിൽ മമ്മൂക്കയുടെ പടങ്ങളൊക്കെ വരുമ്പോൾ അവിടെ ഇടിച്ചുനിന്ന് സിനിമ കണ്ട് കയ്യടിച്ചവനാണ് ഞാൻ. ആ മമ്മൂക്ക ഓടിക്കുന്ന വണ്ടിയിൽ ലെഫ്റ്റ് സൈഡിലിരുന്ന് പോകാനുള്ള ഭാഗ്യം എനിക്ക് കിട്ടി. ഇതാണ് എൻ്റെ വളർച്ച’ എന്ന്. പുള്ളി വണ്ടി ഓടിച്ചോണ്ടിരിക്കുന്നതിൻ്റെ ഇടയിൽ കയ്യടിച്ചു.

‘ഞാനൊരു കാര്യം പറയാം, തിരിച്ചു സിനിമയിൽ വന്നിരിക്കും. നിങ്ങൾ നിർമാതാവാകും. ഞാൻ ഇവിടെ വെച്ച് പറയുകയാണ്’ മമ്മൂക്ക പറഞ്ഞു,’ രഞ്ജിത്ത് പറയുന്നു.

Content Highlight: During that trip, Mammookka told me onething and it happened the same way says Producer Ranjith