കുഞ്ഞി നീലി, ചന്ദ്രയെ ഒരുപാട് സഹായിച്ചെന്നാണ് കല്യാണി ചേച്ചി പറഞ്ഞത്; തനിക്ക് കിട്ടിയ അഭിനന്ദനങ്ങളെ കുറിച്ച് ദുര്‍ഗ
Malayalam Cinema
കുഞ്ഞി നീലി, ചന്ദ്രയെ ഒരുപാട് സഹായിച്ചെന്നാണ് കല്യാണി ചേച്ചി പറഞ്ഞത്; തനിക്ക് കിട്ടിയ അഭിനന്ദനങ്ങളെ കുറിച്ച് ദുര്‍ഗ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 29th September 2025, 4:36 pm

പല കളക്ഷന്‍ റെക്കോര്‍ഡുകളും മറികടന്ന് തിയേറ്ററില്‍ മുന്നേറ്റം തുടരുകയാണ് ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര. ഡൊമിനിക്ക് അരുണ്‍ ഒരുക്കിയ ഈ ചിത്രം 270 കോടിക്ക് മുകളില്‍ സ്വന്തമാക്കി കഴിഞ്ഞു. സിനിമയില്‍ ചന്ദ്രയുടെ കുട്ടിക്കാലം ചെയ്ത മിടുക്കിയാണ് ദുര്‍ഗ സി.വിനോദ്.

സ്‌ക്രീന്‍ ടൈം കുറവായപ്പോഴും കുഞ്ഞിനീലി തന്റെ പ്രകടനം കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചു. സിനിമ കണ്ട് തനിക്ക് ലഭിച്ച അഭിനന്ദനങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ദുര്‍ഗ.

‘ഡിക്യുവിന്റെ മെസേജുണ്ടായിരുന്നു ‘എല്ലാ ഭാഷയിലും ദുര്‍ഗയ്ക്കു ഫാനുണ്ട് അതിലൊരാള്‍ ഞാനാണ്’ എന്നു പറഞ്ഞു. ടൊവീനോ ചേട്ടന്‍ എന്നെ അമ്മൂസേ എന്നാണ് വിളിക്കുന്നത്. കളരി പഠിക്കാന്‍ ഇങ്ങട് വരുന്നുണ്ടെന്നും പറഞ്ഞു. കുഞ്ഞി നീലി, ചന്ദ്രയെ ഒരുപാടു സഹായിച്ചുവെന്നാണ് കല്യാണി ചേച്ചി പറഞ്ഞത്. എല്ലാവരും പ്രശംസിക്കുന്നതില്‍ സന്തോഷമുണ്ട്.

ബാഹുബലി 2ന്റെ ഓഡിയോ ലോഞ്ച് ആയിരുന്നു എന്റെ ആദ്യ സ്റ്റേജ്. അച്ഛനും ഏട്ടന്‍ വൈഷ്ണവിനുമൊപ്പം ഒരു കളരി ഐറ്റമാണ് അന്ന് പെര്‍ഫോം ചെയ്തത്. അതിനുശേഷം അച്ഛന്‍ സംവിധാനം ചെയ്ത ഭദ്രനാരി എന്ന ഷോര്‍ട്ഫിലിമില്‍ അഭിനയിച്ചു. മികച്ച ബാലതാരത്തിനുള്ള ഇന്റര്‍നാഷണല്‍ പുരസ്‌കാരം ഭദ്രനാരിയിലൂടെ ലഭിച്ചു.

സിനിമയില്‍ അവസരം വന്നപ്പോള്‍ അച്ഛന്‍ പറഞ്ഞത് ധാരാളം ഫൈറ്റ് സീനുകളുണ്ടാകും ശരീരവേദന സഹിക്കാമെന്നുറപ്പുണ്ടെങ്കില്‍ മാത്രം ഓക്കെ പറഞ്ഞാല്‍ മതിയെന്നാണ്,’ ദുര്‍ഗ പറയുന്നു.

അച്ഛന്‍ സ്റ്റണ്ട് കൊറിയോഗ്രഫര്‍ ആയതുകൊണ്ട് ഫ്രെയിമിനുള്ളില്‍ എങ്ങനെ ഭംഗിയായി നില്‍ക്കാമെന്നു പറഞ്ഞുതന്നുവെന്നും കുന്തം ഉപയോഗിക്കാനുള്ള പരിശീലനവും കിട്ടിയിരുന്നുവെന്നും ദുര്‍ഗ പറയുന്നു.
ഫൈറ്റ് സിമ്പിളായിരുന്നുവെന്നും കണ്ണില്‍ വെച്ച ലെന്‍സ് ആദ്യം വലച്ചെങ്കിലും പതിയെ അതും ഓക്കെയായെന്നും ദുര്‍ഗ കൂട്ടിച്ചേര്‍ത്തു.

Content highlight:  Durga  talking about the compliments she received after watching the movie lokah