മലയാളത്തിലെ യുവനടന്മാരില്‍ ഏറ്റവും വലിയ ക്രൗഡ്പുള്ളറാണ് ദുല്‍ഖര്‍ സല്‍മാന്‍. വളരെ ചെറിയ സമയം കൊണ്ട് വലിയൊരു ഫാന്‍ബേസ് സൃഷ്ടിക്കാന്‍ ദുല്‍ഖറിന് സാധിച്ചിട്ടുണ്ട്. കിങ് ഓഫ് കൊത്ത എന്ന ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍ ദുല്‍ഖറിന്റെ സ്റ്റാര്‍ഡം എത്രത്തോളം വലുതാണെന്ന് തെളിയിക്കുന്നതായിരുന്നു.
എന്നാല്‍ കിങ് ഓഫ് കൊത്തയുടെ പരാജയത്തിന് ശേഷം ദുല്‍ഖര്‍ മലയാളത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. സിനിമയില്‍ നിന്ന് ഒരു വര്‍ഷത്തെ ഇടവേളയെടുത്ത താരം അന്യഭാഷയിലാണ് സിനിമകള്‍ ചെയ്തുകൊണ്ടിരുന്നത്. തിരിച്ചുവരവില്‍ ചെയ്ത ആദ്യചിത്രമായ ലക്കി ഭാസകര്‍ കഴിഞ്ഞ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റായി മാറി. ചിത്രം 100 കോടി ക്ലബ്ബില്‍ കയറിയപ്പോഴും മലയാളത്തില്‍ ദുല്‍ഖറിന്റെ അടുത്ത ചിത്രത്തെക്കുറിച്ച് പല റൂമറുകളുമുണ്ടായിരുന്നു.
ഒടുവില്‍ ആര്‍.ഡി.എക്‌സിന്റെ സംവിധായകന്‍ നഹാസ് ഹിദായത്തിന്റെ ചിത്രത്തിലൂടെ ഡി.ക്യൂ മലയാളത്തിലേക്ക് തിരിച്ചുവരുമെന്ന് താരം ഉറപ്പ് നല്‍കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഐ ആം ഗെയിം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു.
നവാഗതനായ സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്യുന്ന കാന്തയാണ് ദുല്‍ഖറിന്റെ അടുത്ത റിലീസ്. 1960കളില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്റേത്. ദുല്‍ഖറിന് പുറമെ റാണാ ദഗ്ഗുബട്ടിയും ഭാഗ്യശ്രീ ബോസുമാണ് മറ്റ് താരങ്ങള്‍. ദുല്‍ഖറിന്റെ അഞ്ചാമത്തെ തെലുങ്ക് ചിത്രമായ ആകാസം ലോ ഒക്ക താര ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ തിരക്കിന് ശേഷം ഈ വര്‍ഷം പകുതിയോടെ ഐ ആം ഗെയിമിന്റെ ഷൂട്ട് ആരംഭിക്കുമെന്നാണ് കരുതുന്നത്.
Content Highlight: Dulquer Salmaan’s 40th movie titled as I’m Game