അങ്ങ് തെലുങ്കില്‍ ചെന്ന് ദുല്‍ഖര്‍ നേടി 50 കോടി; സീതാ രാമം കളക്ഷന്‍
Entertainment news
അങ്ങ് തെലുങ്കില്‍ ചെന്ന് ദുല്‍ഖര്‍ നേടി 50 കോടി; സീതാ രാമം കളക്ഷന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 15th August 2022, 4:06 pm

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സീതാ രാമം 50 കോടി ക്ലബ്ബില്‍ ഇടം പിടിച്ചു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ചിത്രത്തിന് 50കോടി കളക്ഷന്‍ ലഭിച്ച വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.

ഇന്ത്യയില്‍ നിന്നും മാത്രമായി ചിത്രം ഇതുവരെ കളക്ട് ചെയ്തിരിക്കുന്നത് 30 കോടിക്ക് മുകളിലാണ്. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്ക് ഇപ്പുറവും ചിത്രം മികച്ച കളക്ഷനാണ് സ്വന്തമാക്കുന്നത്.

25 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആഗോള കളക്ഷന്‍ 50 കോടി കടന്നത് ആരാധകരും ആഘോഷമാക്കിയിട്ടുണ്ട്. ചിത്രത്തിന് കേരളത്തില്‍ നിന്ന് മാത്രം ഇതുവരെ അഞ്ച് കോടിയോളം രൂപ നേടാനായിട്ടുണ്ട്.

ചിത്രത്തിന് യു.എസില്‍ നിന്നുപോലും മികച്ച രീതിയിലുള്ള പ്രതികരണമാണ് ലഭിക്കുന്നത്. നേരത്തെ യു.എസില്‍ ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാളി താരം എന്ന റെക്കോഡ് സീതാരാമത്തിലൂടെ ദുല്‍ഖര്‍ സ്വന്തമാക്കിയിരുന്നു.

നിലവില്‍ കേരളത്തില്‍ മലയാള സിനിമകള്‍ റിലീസ് ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോഴും ചിത്രം കേരളത്തില്‍ നിറഞ്ഞ സദസിലാണ് പ്രദര്‍ശിപ്പിക്കുന്നത്.

ഓഗസ്റ്റ് അഞ്ചിനായിരുന്നു ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ സീതാരാമം റിലീസ് ചെയ്തത്. ആദ്യ ദിനം കേരളത്തില്‍ 350 ഷോകളായിരുന്ന ചിത്രത്തിന് മൂന്നാം ദിവസം ആയപ്പോഴേക്കും അഞ്ഞൂറിലധികം ഷോകളായി ഉയര്‍ന്നു.

സ്വപ്ന സിനിമയുടെ ബാനറില്‍ നിര്‍മിച്ച സീതാരാമം അവതരിപ്പിക്കുന്നത് വൈജയന്തി മൂവീസ് ആണ്. ദുല്‍ഖറിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്ന മഹാനടിയും നിര്‍മിച്ചത് ഇതേ ബാനര്‍ ആയിരുന്നു.

എഡിറ്റിങ് കോതഗിരി വെങ്കടേശ്വര റാവു, ഛായാഗ്രഹണം പി.എസ്. വിനോദ്, ശ്രേയസ് കൃഷ്ണ, പ്രൊഡക്ഷന്‍ ഡിസൈനര്‍ സുനില്‍ ബാബു. ഹനു രാഘവപുടിക്കൊപ്പം ജയ് കൃഷ്ണയും രാജ്കുമാര്‍ കണ്ടമുഡിയും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

Content Highlight: Dulquer Salmaan movie Sita Ramam joined in 50 crore club