തൂഫാനാക്കാന്‍ സലാര്‍ വരുന്നു; റിലീസ് പ്രഖ്യാപിച്ചു
Entertainment news
തൂഫാനാക്കാന്‍ സലാര്‍ വരുന്നു; റിലീസ് പ്രഖ്യാപിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 15th August 2022, 3:10 pm

കെ.ജി.എഫിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാറിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന ചിത്രം ഒരു പാന്‍ ഇന്ത്യന്‍ സിനിമയായിട്ടാണ് ഒരുങ്ങുന്നത്. ബിഗ് ബഡ്ജറ്റില്‍ എത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.

ചിത്രം 2023 സെപ്റ്റംബര്‍ 28നാണ് റിലീസ് ചെയ്യുന്നത്. നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസാണ് റിലീസ് തിയതിയും പ്രഖ്യാപിച്ചത്.

2022 തുടക്കത്തിലായിരുന്നു സലാറിന്റെ ചിത്രീകരണം ആരംഭിച്ചത്. കന്നട, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്. അതോടൊപ്പം മലയാളം, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലേക്ക് ചിത്രം ഡബ്ബ് ചെയ്യുകയും ചെയ്യും.

ശ്രുതി ഹാസനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ അഭിനയിക്കുന്നത്.

ഹൈദരാബാദിലായിരുന്നു സലാറിന്റെ ആദ്യ ഷെഡ്യുള്‍. രവി ബസ്രുറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഭുവന്‍ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. പൃഥ്വിരാജും ചിത്രത്തിലൊരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. പ്രഭാസ് ഇരട്ട വേഷത്തിലായിരിക്കും ചിത്രത്തില്‍ അഭിനയിക്കുക എന്ന് റിപ്പോര്‍ട്ടുകളുണ്ട്.

രണ്ട് കാലഘട്ടങ്ങളില്‍ ആയിട്ടുള്ള കഥയായിരിക്കും ചിത്രം പറയുന്നത് എന്നാണ് സൂചന. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ തരംഗമായ ബാഹുബലി എന്ന ഹിറ്റ് ചിത്രത്തില്‍ ഇരട്ട വേഷത്തില്‍ പ്രഭാസ് എത്തിയിരുന്നു. ബാഹുബലി പോലെ തന്നെ സലാറും വന്‍ ഹിറ്റ് തന്നെയായിരിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ. അതേസമയം ആദിപുരിഷ് എന്ന ചിത്രവും പ്രഭാസിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Content Highlight: Prabhas starring Salaar release date announced